'മുസ്‌ലിം ലീഗിന്റെ മുദ്ര പേറുന്നത്'; കോൺഗ്രസ് പ്രകടന പത്രികയ്‌ക്കെതിരെ മോദി
ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു മോദി
ന്യൂഡൽഹി: മുസ്‌ലിം ലീഗിന്റെയും ഇടതുപക്ഷത്തിന്റെയും സ്വാധീനമാണ് കോൺഗ്രസ് പ്രകടന പത്രികയിലുള്ളത് എന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങൾ മാനിഫെസ്റ്റോയിൽ പ്രതിഫലിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ബിജെപി റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഇന്നലെ കോൺഗ്രസ് പുറത്തിറക്കിയ പ്രകടന പത്രികയിൽ സ്വാതന്ത്ര്യ കാലത്ത് മുസ്‌ലിംലീഗിൽ നിലനിന്നിരുന്ന ചിന്തയാണ് പ്രതിഫലിക്കുന്നത്. പ്രകടന പത്രിക പൂർണമായി മുസ്‌ലിംലീഗിന്റെ മുദ്ര പേറുന്നതാണ്. ബാക്കി ഇടതുപക്ഷത്തിന്റെ സ്വാധീനവും'- മോദി പറഞ്ഞു.
ഇൻഡ്യാ സഖ്യത്തെയും പ്രധാനമന്ത്രി പ്രസംഗത്തിൽ കടന്നാക്രമിച്ചു. 'എതിരാളികൾ ചെയ്യുന്നതെന്താണ്. വിജയത്തിന് ആവശ്യമായത് ഒരുക്കി വയ്ക്കാതെയാണ് പ്രതിപക്ഷം ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അങ്ങനെയുള്ള രാജ്യത്തെ ആദ്യത്തെ തെരഞ്ഞെടുപ്പാണിത്. തന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരമേൽക്കും എന്ന് ഏതെങ്കിലും പ്രതിപക്ഷ നേതാവ് പറയുന്നത് കേട്ടോ. ബിജെപിയുടെ സീറ്റ് കുറയ്ക്കാൻ മാത്രമാണ് പ്രതിപക്ഷം മത്സരിക്കുന്നത്. അസ്ഥിരതയും അനിശ്ചിതത്വവുമാണ് ഇൻഡ്യാ സഖ്യത്തിന്റെ മറ്റൊരു പേര്. സമാജ്‌വാദി പാർട്ടി സ്ഥാനാർത്ഥികളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. കോൺഗ്രസിന് സ്ഥാനാർത്ഥികളെ ലഭിക്കുന്നു പോലുമില്ല'- മോദി കുറ്റപ്പെടുത്തി.