'15 കോടി തൊഴിൽ നഷ്ടം, പെട്രോൾ 110, എൽ.പി.ജി 900'; മോദിയുടെ ജന്മദിനത്തിൽ ഓർമപ്പെടുത്തലുമായി സോഷ്യൽ മീഡിയ
മോദിയുടെ ജന്മദിനത്തില്‍ ട്വിറ്ററിൽ ട്രൻഡിങ്ങായത് മറ്റൊന്നാണ്-അൺ എംപ്ലോയ്‌മെന്റ് ഡേ
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 71-ാം ജന്മദിനമാണ് വെള്ളിയാഴ്ച. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡു, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള പ്രമുഖർ പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്നു. രാജ്യത്തുടനീളം ബിജെപിയുടെ നേതൃത്വത്തിൽ വലിയ ആഘോഷപരിപാടികളാണ് ജന്മദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുള്ളത്.
2001 മുതൽ 20 വർഷമായി വിവിധ സർക്കാറുകളെ നയിക്കുന്ന ഭരണത്തലവൻ കൂടിയാണ് നരേന്ദ്രമോദി. ഏറ്റവും കൂടുതൽ കാലം അധികാരം കൈയാളിയ ഭരണത്തലവൻ എന്ന റെക്കോർഡ് മോദിയുടെ പേരിലാണ്. പ്രഥമ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവാണ് രണ്ടാമത്. ഗുജറാത്ത് മുഖ്യമന്ത്രിയായി 12 വർഷവും 227 ദിവസവുമാണ് (4607) മോദി അധികാരത്തിലിരുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിൽ ഇതുവരെ 2671 ദിവസവും.
അതിനിടെ, ജന്മദിനാശംസകൾക്കിടയിൽ ട്വിറ്ററിൽ ട്രൻഡിങ്ങായത് മറ്റൊന്നാണ്-അൺ എംപ്ലോയ്‌മെന്റ് ഡേ (തൊഴിലില്ലായ്മാ ദിനം). നിരവധി പേരാണ് ഈ ഹാഷ് ടാഗിൽ കണക്കുകൾ പോസ്റ്റ് ചെയ്തത്. 15 കോടി തൊഴിൽ നഷ്ടമാണ് മോദിക്കാലത്ത് രാജ്യത്തുണ്ടായതെന്ന് യൂത്ത് കോൺഗ്രസ് നേതാവ് വൈ.ബി ശ്രീവാസ്തവ ആരോപിച്ചു. ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റതും പെട്രോൾ വില 110ലെത്തിച്ചതും എൽപിജിക്ക് 900 രൂപയായതും മോദി രാജ്യത്തിന് നൽകിയ സമ്മാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊഴിൽ നഷ്ടം ഇങ്ങനെ
സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ എകോണമി(സിഎംഐഇ)യുടെ കണക്കുപ്രകാരം ഇക്കഴിഞ്ഞ ആഗസ്തിൽ മാത്രം 15 ലക്ഷം പേർക്കാണ് തൊഴിൽ നഷ്ടമായത്. തൊഴിലില്ലായ്മാ നിരക്ക് ജൂലൈയിലെ 6.95 ശതമാനത്തിൽ നിന്ന് 8.32 ശതമാനമായി ഉയരുകയും ചെയ്തു. ജൂലൈ മാസത്തിൽ 399.38 ദശലക്ഷം തൊഴിലുകൾ ഉണ്ടായിടത്തു നിന്ന് ആഗസ്തിൽ അത് 367.78 ദശലക്ഷമായി ചുരുങ്ങി.
അധികാരത്തിലെത്തിയാൽ പ്രതിവർഷം രണ്ടു കോടി തൊഴിൽ സൃഷ്ടിക്കുമെന്നാണ് 2014ലെ ബിജെപി പ്രകടന പത്രിക വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ 2016ലെ നോട്ടുനിരോധനം രാജ്യത്തെ നിർമാണ മേഖലയെ ദോഷകരമായി ബാധിച്ചെന്നും അതിൽ നിന്ന് രാജ്യം ഇനിയും മുക്തമായിട്ടില്ലെന്നും മുൻ ആർബിഐ ഗവർണർ രഘുറാം രാജൻ ഈയിടെ ചൂണ്ടിക്കാട്ടിയിരുന്നു.
ദരിദ്രർ കൂടി
രാജ്യത്ത് ദാരിദ്ര്യം വർധിച്ചു വരുന്നതായി വിവിധ അന്താരാഷ്ട്ര-ദേശീയ പഠന റിപ്പോർട്ടുകൾ പറയുന്നു. കോവിഡിന് ശേഷം രാജ്യത്ത് 23 കോടി പേർ ദാരിദ്യരേഖയ്ക്ക് താഴെയായി എന്നാണ് അസിം പ്രേംജി യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സെന്റർ ഫോർ സസ്റ്റയ്‌നബ്ൾ എംപ്ലോയ്‌മെന്റ് (സിഎസ്ഇ) പഠനം. ഇത്രയും പേർ ദിവസവും 375 രൂപ പോലും സമ്പാദിക്കുന്നില്ല എന്നാണ് പഠനം കണ്ടെത്തിയത്.
When @RahulGandhi ji wish you "Happy Birthday" and you reply "Same to you" 😢
— Viral Kohli (@ImViralKohli) September 17, 2021
#NationalUnemploymentDay#राष्ट्रीय_बेरोजगार_दिवस pic.twitter.com/66J9HvtEGc
#राष्ट्रीय_बेरोजगार_दिवस #राष्ट्रीय_बेरोजगार_दिवस
— Sheetal Parewa (@sheetalparewa) September 17, 2021
Message from Modi to all citizens of India:#NationalUnemploymentDay#राष्ट्रीय_बेरोजगार_दिवस #राष्ट्रीय_बेरोजगार_दिवस pic.twitter.com/F1TpPpwUIC
കോവിഡ് മൂലമുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ 3.2 കോടി ഇന്ത്യയ്ക്കാർ മധ്യവർഗത്തിൽ നിന്ന് പുറത്തായതായി യുഎസ് ആസ്ഥാനമായ പ്യൂ റിസർച്ച് സെന്റർ പഠനം കണ്ടെത്തിയിരുന്നു. ദരിദ്രരുടെ എണ്ണം (പ്രതിദിനം 145 രൂപ വരുമാനമുള്ളവർ) 7.5 കോടിയോളം വർധിക്കുകയും ചെയ്തു. കോവിഡിന് മുമ്പ് 9.9 കോടി ആളുകളാണ് മധ്യവർഗ (പ്രതിദിനം 700-1400 രൂപ വരുമാനമുള്ളവർ) വിഭാഗത്തിലുണ്ടായിരുന്നത്. ഇതാണ് ഇപ്പോൾ 6.6 കോടിയായി കുറഞ്ഞത്.
എൽപിജിയും പെട്രോളും
ചരിത്രത്തിലെ ഏറ്റവും വലിയ വിലയാണ് പെട്രോളിനും ഡീസലിനും. രാജ്യത്തെ ചിലയിടങ്ങളിൽ പെട്രോൾ വില 110 കടന്നു. ഇന്ധനത്തിന് മേൽ ഏർപ്പെടുത്തിയ നികുതിയാണ് പെട്രോളും ഡീസലും പൊള്ളുന്ന ഉത്പന്നമാക്കിയത്. നിലവിൽ ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 101.19 രൂപയ്ക്കും ഡീസൽ 88.62 രൂപയ്ക്കുമാണു വിൽക്കുന്നത്. പെട്രോൾ വിലയിൽ കേന്ദ്രനികുതി 32 ശതമാനത്തിലേറെയും സംസ്ഥാന നികുതി 23.07 ശതമാനവുമാണ്. ഡീസലിന് ഇതു യഥാക്രമം 35 ശതമാനവും 14 ശതമാനവുമാണ്. മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷം നിരവധി തവണയാണ് ഇന്ധന നികുതി വർധിപ്പിച്ചത്.
പെട്രോളിനെയും ഡീസലിനെയും ജിഎസ്ടിയിൽ ഉൾപ്പെടുത്തണമെന്ന നിർദേശം കേരള ഹൈക്കോടതി വച്ചെങ്കിലും ജിഎസ്ടി കൗൺസിൽ അതു ചെവിക്കൊണ്ടിട്ടില്ല. ഇതിന് പുറമേയാണ് കുടുംബ ബജറ്റിന്റെ താളം തെറ്റിച്ച് പാചകവാതക വില കുതിച്ചുയർന്നു കൊണ്ടിരിക്കുന്നത്.
വിൽക്കാനുണ്ട് എല്ലാം
പൊതുമേഖലാ സ്ഥാപനങ്ങൾ അടക്കം നിരവധി സ്ഥാപനങ്ങളാണ് കേന്ദ്രസർക്കാർ വിൽപ്പനയ്ക്കു വച്ചിട്ടുള്ളത്. പൊതു ആസ്തികൾ സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുത്ത് നാലു വർഷത്തിനുള്ളിൽ ആറു ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിമാനത്താവളം, റെയിൽവേ റൂട്ട്, തുറമുഖങ്ങൾ, സ്റ്റേഡിയങ്ങൾ, ഹൈവേകൾ തുടങ്ങി കേന്ദ്രത്തിന്റെ ഉടമസ്ഥതയിലുള്ള വൻകിട ആസ്തികളാണ് വിൽപ്പനയ്ക്കു വച്ചിട്ടുള്ളത്. നീതി ആയോഗിനാണ് പദ്ധതിയുടെ മേൽനോട്ടച്ചുമതല. ലാഭകരമായി നടന്നു പോകുന്ന നിരവധി സ്ഥാപനങ്ങളും സർക്കാർ സ്വകാര്യമേഖലയ്ക്ക് തുറന്നു കൊടുത്തിട്ടുണ്ട്.