മോദി മരുന്ന് ഇനി ഈ രാജ്യത്ത് ഫലിക്കില്ല; തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
'ഇരട്ട എൻജിൻ സർക്കാർ' എന്ന് ബിജെപി വിളിക്കുന്നത് യഥാർഥത്തിൽ 'അദാനി- പ്രദാനി' (അദാനി- പ്രധാനമന്ത്രി) ആണെന്നും രേവന്ത് റെഡ്ഡി പരിഹസിച്ചു.
നാഗ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. മോദിയുടെ മരുന്ന് ഇനിയീ രാജ്യത്ത് ഫലിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
എല്ലാ മരുന്നിനും എക്‌സ്‌പയറി ഡേറ്റ് ഉണ്ട്. അതുപോലെ തന്നെ നരേന്ദ്രമോദിയുടെ മരുന്നും ഉടൻ കാലഹരണപ്പെടും. രാജ്യത്ത് ഇനി മോദിയുടെ മരുന്ന് പ്രവർത്തിക്കില്ല- തെലങ്കാന മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിന്റെ 139ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ച് നാഗ്പൂരിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാർലമെന്റ് അതിക്രമത്തിലും പ്രധാനമന്ത്രി മോദിക്കെതിരെ രേവന്ത് റെഡ്ഡി രംഗത്തെത്തി. 'നരേന്ദ്രമോദി എപ്പോഴും 56 ഇഞ്ച് നെഞ്ചളവുള്ള മനുഷ്യനാണെന്ന് സ്വയം വീമ്പിളക്കാറുണ്ടായിരുന്നു. എന്നാൽ ഒരു സാധാരണക്കാരൻ ലോക്സഭയിൽ പ്രവേശിച്ച് പ്രശ്നമുണ്ടാക്കിയപ്പോൾ അദ്ദേഹത്തിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല'.
ഒരു സാധാരണക്കാരനെ പാർലമെന്റിൽ കയറുന്നത് തടയാൻ മോദിജിക്ക് കഴിഞ്ഞില്ല. നാളെ ചരിത്ര പ്രസിദ്ധമായ ചെങ്കോട്ടയിൽ കോൺഗ്രസ് പതാക ഉയർത്തുന്നത് തടയാൻ പ്രധാനമന്ത്രിക്ക് കഴിയില്ലെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.
ബിജെപിക്കെതിരെയും രേവന്ത് റെഡ്ഡി വിമർശനമുന്നയിച്ചു. 'ഇരട്ട എൻജിൻ സർക്കാർ' എന്ന് ബിജെപി വിളിക്കുന്നത് യഥാർഥത്തിൽ 'അദാനി- പ്രദാനി' (അദാനി- പ്രധാനമന്ത്രി) ആണെന്നും രേവന്ത് റെഡ്ഡി പരിഹസിച്ചു. രാഹുൽ ഗാന്ധി നടത്തുന്ന ഭാരത് ന്യായ് യാത്രയിലൂടെ കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്നും രേവന്ത് റെഡ്ഡി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
'കന്യാകുമാരി മുതൽ കശ്മീർ വരെ 150 ദിവസം 4000 കിലോമീറ്റർ താണ്ടി രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യം കർണാടകയിലും പിന്നീട് തെലങ്കാനയിലും കോൺഗ്രസ് അധികാരത്തിലെത്തി. ഇനി രാഹുലിന്റെ യാത്ര മഹാരാഷ്ട്രയിലും എത്തും. ഇവിടെ കോൺഗ്രസ് പാർട്ടി അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്'- റെഡ്ഡി കൂട്ടിച്ചേർത്തു.