2024ലെ ബി.ജെ.പിയുടെ സീറ്റിനേക്കാൾ കുറവാണ് കോൺഗ്രസിന് കഴിഞ്ഞ മൂന്ന് തവണ ലഭിച്ചത്: നരേന്ദ്ര മോദി
‘സർക്കാറിന്റെ എല്ലാ തീരുമാനങ്ങളിലും ഏകാഭിപ്രായം ഉറപ്പാക്കാൻ ശ്രമിക്കും’
ന്യൂഡൽഹി: എൻ.ഡി.എയുടെ തെരഞ്ഞെടുപ്പ് വിജയത്തെ പരാജയമായി ചിത്രീകരിക്കാനുള്ള പ്രതിപക്ഷത്തിന്റെ ശ്രമം പാഴായിപ്പോയെന്ന് നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻ.ഡി.എയുടെ പാർലമെന്ററി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
10 വർഷം കഴിഞ്ഞിട്ടും കോൺഗ്രസിന് 100 സീറ്റ് തികക്കാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ മൂന്ന് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് ആകെ ലഭിച്ച സീറ്റുകൾ ബി.ജെ.പിക്ക് ഇത്തവണ ലഭിച്ചതിനേക്കാൾ കുറവാണെന്നും മോദി പറഞ്ഞു.
സർക്കാറിന്റെ എല്ലാ തീരുമാനങ്ങളിലും ഏകാഭിപ്രായം ഉറപ്പാക്കാൻ താൻ ശ്രമിക്കും. ‘രാഷ്ട്രമാണ് ആദ്യം’ എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തി ജൈവീകമായി രൂപപ്പെട്ട സഖ്യമാണ് എൻ.ഡി.എ. അധികാരം ലഭിക്കാൻ ഒന്നിച്ച പാർട്ടികളുടെ കൂട്ടായ്മയല്ലയിത്. എൻ.ഡി.എ ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നു. എല്ലാ വിഭാഗങ്ങളും തുല്യരാണെന്ന തത്വത്തിൽ പ്രവർത്തിക്കാൻ മുന്നണി പ്രതിജ്ഞാബന്ധമാണ്.
തങ്ങളിൽനിന്ന് മുമ്പത്തേക്കാൾ കൂടുതൽ ആളുകൾ ആഗ്രഹിക്കുന്നുണ്ട്. തങ്ങളുടെ സ്വന്തം റെക്കോർഡുകളെ മറികടക്കണമെന്നാണ് ജനത്തിന്റെ ആവശ്യം. ഈ സ്വപ്നം നിറവേറ്റുക തങ്ങളുടെ പ്രതിബദ്ധതയാണ്. എൻ.ഡി.എക്ക് അതിനായി ഒരു മാർഗരേഖയുണ്ടെന്നും മോദി പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ടുയന്ത്രത്തെ കുറിച്ച് പ്രതിപക്ഷം നിശ്ശബ്ദരായി. ജനങ്ങൾ ജനാധിപത്യത്തിൽ വിശ്വാസിക്കുന്നത് അവസാനിപ്പിക്കണമെന്ന് അവർ തീരുമാനിച്ചിരുന്നു. പ്രതിപക്ഷം തുടർച്ചയായി ഇ.വി.എമ്മിനെ അധിക്ഷേപിച്ചു. ജൂൺ നാലിന് വൈകുന്നേരം മുതൽ അവർ നിശ്ശബ്ദരാണ്. ഇ.വി.എം അവരെ നിശ്ശബ്ദരാക്കി. ഇതാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശക്തിയെന്നും മോദി കൂട്ടിച്ചേർത്തു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.പിമാർ, ടി.ഡി.പി അധ്യക്ഷൻ എൻ. ചന്ദ്രബാബു നായിഡു, ജെ.ഡി.യു നേതാവ് നിതീഷ് കുമാർ തുടങ്ങിയവരും പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.