'സേനാതലവന്മാര്‍ പിന്‍നിരയില്‍; മുന്നില്‍ അദാനിയും അംബാനിയും'-മോദി സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗുരുതര പ്രോട്ടോകോള്‍ ലംഘനം?

അദാനിയും ഭാര്യയും അംബാനിയും മകനും അക്ഷയ് കുമാറും ഷാരൂഖ് ഖാനും മുന്‍നിരയില്‍ ഇടംപിടിച്ചപ്പോള്‍ സംയുക്ത സേനാ മേധാവി അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ എന്നിവരെ അഞ്ചാംനിരയിലാണ് ഇരുത്തിയതെന്നാണ് ആക്ഷേപമുയരുന്നത്

Update: 2024-06-13 21:03 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡല്‍ഹി: ജൂണ്‍ എട്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തില്‍ മൂന്നാമൂഴത്തിന് ഔദ്യോഗികമായി തുടക്കമിട്ടത്. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ അയല്‍രാഷ്ട്രങ്ങളുടെ തലവന്മാരാണു മുഖ്യാതിഥികളായി പങ്കെടുത്തത്. വിവിധ മേഖലകളില്‍നിന്നായി ക്ഷണിക്കപ്പെട്ട 8,000ത്തിലേറെ വി.ഐ.പികളും സംബന്ധിച്ചു. എന്നാല്‍, സത്യപ്രതിജ്ഞാ ചടങ്ങില്‍ കടുത്ത പ്രോട്ടോകോള്‍ ലംഘനം നടന്നതായി ആരോപണമുയരുകയാണിപ്പോള്‍. രാജ്യത്തിന്റെ സൈനിക തലവന്മാരെ വ്യവസായികള്‍ക്കും സിനിമാ താരങ്ങള്‍ക്കും ഏറെ പിന്നിലായി ഇരുത്തി അപമാനിച്ചെന്നാണ് ആക്ഷേപമുയരുന്നത്.

വ്യവസായികള്‍ക്കും സെലിബ്രിറ്റികള്‍ക്കും മുന്‍നിരയില്‍ തന്നെ ഇരിപ്പിടമൊരുക്കിയപ്പോള്‍ സൈനിക തലവന്മാരെ ഏറെ പിന്നിലാണ് ഇരുത്തിയത്. സംയുക്ത സേനാ മേധാവി ജനറല്‍ അനില്‍ ചൗഹാന്‍, കരസേനാ മേധാവി ജനറല്‍ മനോജ് സി പാണ്ഡെ ഉള്‍പ്പെടെയുള്ള രാജ്യത്തെ ഏറ്റവും തന്ത്രപ്രധാന സ്ഥാനങ്ങളിലിരിക്കുന്നവര്‍ ഏറെ പിന്നിലായി ആള്‍ക്കൂട്ടത്തിനിടയില്‍ ഇരിക്കുന്ന ദൃശ്യങ്ങള്‍ ആയുധമാക്കി പ്രതിപക്ഷം മോദി സര്‍ക്കാരിനെതിരെ ആക്രമണം ആരംഭിച്ചിരിക്കുകയാണ്. ഇവര്‍ക്കു മുന്നിലായി ഗൗതം അദാനി, ഭാര്യ പ്രീതി, മുകേഷ് അംബാനി, മകന്‍ ആനന്ദ് അംബാനി, ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാര്‍, ഷാരൂഖ് ഖാന്‍ തുടങ്ങി വ്യവസായികളും സിനിമാ താരങ്ങളും ഇരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. രണ്ടാം നിരയിലാണ് ഇവര്‍ക്കെല്ലാം ഇരിപ്പിടമൊരുക്കിയത്. എന്നാല്‍, സൈനിക തലവന്മാര്‍ ഇരിക്കുന്നത് അഞ്ചാം നിരയില്‍ ആള്‍ക്കൂട്ടത്തിന്റെ ഇടയിലും. വ്യവസായികള്‍ക്കും താരങ്ങള്‍ക്കും പിന്നില്‍ മൂന്നാമത്തെ നിരയിലാണ് നാഗാലന്‍ഡ്, തൃപുര, സിക്കിം, ഗോവ, മുഖ്യമന്ത്രിമാരും ഇരിക്കുന്നത്.

ഹരിയാനയില്‍നിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാ എം.പി ദീപേന്ദര്‍ ഹൂഡയാണ് ഇക്കാര്യം ഉയര്‍ത്തി പരസ്യമായി സര്‍ക്കാരിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇതിനു പിന്നാലെ പഞ്ചാബിലെ പാട്യാലയില്‍നിന്നുള്ള ലോക്‌സഭാ അംഗവും കോണ്‍ഗ്രസ് നേതാവുമായ ധരംവീര്‍ ഗാന്ധിയും മുന്‍ സൈനികനും ഗ്രന്ഥകാരനുമായ പ്രവീണ്‍ സാഹ്നിയും രംഗത്തെത്തിയിട്ടുണ്ട്.

പ്രധാനമന്ത്രിയുടെയും കേന്ദ്ര കാബിനറ്റിന്റെയും സത്യപ്രതിജ്ഞാ ചടങ്ങില്‍ സംയുക്ത സൈനിക മേധാവിയെയും മൂന്ന് സായുധ വിഭാഗത്തിന്റെ തലവന്മാരെയും ഇരുത്തിയത് വ്യവസായികള്‍ക്കും ചലച്ചിത്ര താരങ്ങള്‍ക്കും പിന്നിലാണെന്ന് എക്‌സ് പോസ്റ്റില്‍ ദീപേന്ദര്‍ ഹൂഡ ചൂണ്ടിക്കാട്ടി. രാജ്യത്തെ സൈന്യത്തോടുള്ള എന്തുതരം ആദരവാണിതെന്നും എന്ത് ദേശസ്‌നേഹമാണിതെന്നും അദ്ദേഹം ചോദിച്ചു. ജയ് ജവാന്റെയും ജയ് കിസാന്റെയും ജയ് സംവിധാന്റെയും രാജ്യത്തെ 'ജയ് ധനവാന്റെ'(സമ്പന്നരുടെ) രാജ്യമാക്കാന്‍ അനുവദിക്കില്ലെന്നും ഇതൊരു പോരാട്ടമായി ഏറ്റെടുത്തിരിക്കുകയാണെന്നും ദീപേന്ദര്‍ വ്യക്തമാക്കി.

പ്രധാനമന്ത്രിക്ക് കൂടുതല്‍ പ്രധാനപ്പെട്ട ആളുകളുടെ ഏറെ പിന്നിലായാണ് സംയുക്ത സൈനിക മേധാവിയെയും മറ്റു സേനാ തലവന്മാരെയും മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇരുത്തിയിരിക്കുന്നതെന്ന് പ്രവീണ്‍ സാഹ്നി വിമര്‍ശിച്ചു. ഈ രംഗം കണ്ട് വിമുക്ത ഭടന്മാര്‍ സങ്കടത്തിലും ദേഷ്യത്തിലുമാണ്. ഈ കാഴ്ച കണ്ട് എനിക്കു ചിരിയാണ് വരുന്നത്. അവരത് അര്‍ഹിക്കുന്നുണ്ട്. മിന്നലാക്രണവും ബാലാകോട്ട് ആക്രമണവും പോലെ സൈനികമായ മണ്ടത്തരങ്ങള്‍ ചെയ്യുക വഴി നിങ്ങള്‍ തന്നെയാണു സ്വന്തം അധികാരവും പദവിയുമെല്ലാം താഴ്ത്തിക്കെട്ടിയത്. ഇതോടൊപ്പം രാഷ്ട്രീയ നേതൃത്വത്തിന്റെ ആദരവും നശിപ്പിച്ചിരിക്കുകയാണെന്നും പ്രവീണ്‍ സാഹ്നി കുറ്റപ്പെടുത്തി.

ബി.ജെ.പിക്ക് 'ജയ് ജവാന്‍, ജയ് കിസാന്‍' മുദ്രാവാക്യം വെറുമൊരു തമാശയാണെന്ന് ധരംവീര്‍ ഗാന്ധി ചിത്രം പങ്കുവച്ച് ആരോപിച്ചു. സമ്പന്നരുടെ കാര്യത്തില്‍ മാത്രമാണ് അവര്‍ക്കു ശ്രദ്ധയുള്ളത്. ഇത് അംഗീകരിക്കില്ലെന്നും എം.പി വ്യക്തമാക്കി.

മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സൈന്യവും സംസ്ഥാന സര്‍ക്കാരുകളുമാണ് അപമാനിക്കപ്പെട്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും സോഷ്യല്‍ മീഡിയ വിഭാഗം ചെയര്‍പേഴ്‌സനുമായ സുപ്രിയ ശ്രീനാഥെ വിമര്‍ശിച്ചു. പ്രോട്ടോകോള്‍ അനുസരിച്ച് സംയുക്ത സൈനിക മേധാവിയും സേനാ തലവന്മാരും മുഖ്യമന്ത്രിമാരും ഒന്നാം നിരയില്‍ വരേണ്ടതാണ്. മോദിയുടെയുടെയും ബി.ജെ.പിയുടെയും വ്യാജ ദേശീയതയും ജനാധിപത്യത്തോടുള്ള അനാദരവുമാണു സംഭവത്തിലൂടെ വ്യക്തമാകുന്നതെന്നും ശ്രീനാഥെ കുറ്റപ്പെടുത്തി.

ഞായറാഴ്ച വൈകീട്ടാണ് മൂന്നാം മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ, മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുഇസ്സു, നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദാഹല്‍, ഭൂട്ടാന്‍ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് കുമാര്‍ ജുഗ്നാഥ്, സെയ്‌ഷെല്‍സ് വൈസ് പ്രസിഡന്റ് അഹ്മദ് അഫീഫ് തുടങ്ങിയവര്‍ മുഖ്യാതിഥികളായി ചടങ്ങിനു സാക്ഷിയാകാനെത്തിയിരുന്നു.

ഇതിനു പുറമെ മുഖ്യമന്ത്രിമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വ്യവസായികള്‍, കലാ-കായിക രംഗങ്ങളിലെ പ്രമുഖര്‍ തുടങ്ങിയവരെല്ലാം അതിഥികളായെത്തിയിരുന്നു.

Summary: In Narendra Modi's swearing-in ceremony, CDS General Anil Chauhan and the army chiefs sidelined, while Gautam Adani, Mukesh Ambani, his son Anant, actors Shah Rukh Khan and Akshay Kumar were in the second row: Controversy

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News