'മോദി രാജ്യം കൊള്ളയടിക്കുന്നു'; ഹൈദരാബാദിൽ മോദിയെ വരവേറ്റ് 'മണി ഹെയ്‌സ്റ്റ്' പ്രതിഷേധം

ഒരു സംഘം യുവാക്കൾ മണി ഹെയ്‌സ്റ്റ് കഥാപാത്രങ്ങളുടെ മുഖംമൂടി ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്ലക്കാര്‍ഡുകളുമായി നഗരത്തിൽ ഊരുചുറ്റുകയാണ്

Update: 2022-07-03 17:17 GMT
Editor : Shaheer | By : Web Desk
Advertising

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹൈദരാബാദിൽ വരവേറ്റ് 'മണി ഹെയ്‌സ്റ്റ്' പ്രതിഷേധം. ബി.ജെ.പിയുടെ ദ്വിദിന ദേശീയ നിർവാഹക സമിതി യോഗത്തിനെത്തിയ മോദിയെ വിമർശിച്ചാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രധാനമന്ത്രിയെ കൊള്ളക്കാരനായി അവതരിപ്പിച്ച് ഹോർഡിങ്ങുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അന്താരാഷ്ട്രതലത്തിൽ ഹിറ്റായ വെബ് സീരീസായ 'മണി ഹെയ്‌സ്റ്റി'ലെ കഥാപാത്രങ്ങളെ വച്ചാണ് പ്രധാനമന്ത്രിക്കെതിരെ രൂക്ഷവിമർശനം.

'മിസ്റ്റർ നരേന്ദ്ര മോദി, ഞങ്ങൾ ബാങ്ക് മാത്രമേ കൊള്ളയടിക്കുന്നുള്ളൂ, താങ്കൾ രാജ്യം മുഴുവൻ കൊള്ളയടിക്കുകയാണ്' എന്നാണ് ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന ഹോർഡിങ്ങുകളിലെ പ്രധാന വാചകങ്ങൾ. #byebyemodi എന്ന ഹാഷ്ടാടും കൂടെ ചേർത്തിട്ടുണ്ട്. നഗരത്തിലെ എൽ.ബി നഗർ സർക്കിളിലാണ് ആദ്യമായി ഇത്തരത്തിലൊരു ഹോർഡിങ് ഉയർന്നത്. ഇത് സമൂഹമാധ്യമങ്ങൾ ഏറ്റുപിടിച്ചതോടെ പരേഡ് ഗ്രൗണ്ട്, ബീഗംപേട്ട്, ഹൈടെക് സിറ്റി, നാമ്പള്ളി, ബഞ്ചാര ഹിൽസ്, മാധാപൂർ, ലക്ഡികാപുൽ അടക്കം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെല്ലാം സമാനമായ പോസ്റ്ററുകളും ഹോർഡിങ്ങുകളും ഉയർന്നിരിക്കുകയാണ്.

അതിനിടെ, ഒരുസംഘം യുവാക്കൾ മണി ഹെയ്‌സ്റ്റ് കഥാപാത്രങ്ങളുടെ മുഖംമൂടി ധരിച്ച് നഗരത്തിൽ ഊരുചുറ്റുകയാണ്. വൈറൽ ഹോർഡിങ്ങുകളിലെ വാചകങ്ങളടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയാണ് ഇവർ നഗരത്തിലുടനീളം വാഹനങ്ങളിൽ കറങ്ങുന്നത്. ഹൈദരാബാദിലുള്ള പ്രധാനപ്പെട്ട ബാങ്ക് ശാഖകൾക്കും റെയിൽവേ, എൽ.ഐ.സി അടക്കമുള്ള സ്ഥലങ്ങളിലും നിന്ന് ഫോട്ടോയെടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്യുന്നു ഇവർ. ഇതിന്റെ ചിത്രങ്ങൾ തെലങ്കാന രാഷ്ട്രീയസമിതി(ടി.ആർ.എസ്) സോഷ്യൽ മീഡിയ കൺവീനർ സതീഷ് റെഡ്ഡി ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്. ''ഹൈദരാബാദിൽ എന്താണ് സംഭവിക്കുന്നത്? മോദി ഹെയ്‌സ്റ്റ് മണി ഹെയ്‌സ്റ്റിലും ഭീകരമാണെന്നു തോന്നുന്നു'' എന്ന് ചിത്രങ്ങൾക്ക് അടിക്കുറിപ്പായും ചേർത്തിട്ടുണ്ട്.

ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗത്തിനു മുന്നോടിയായി നേരത്തെ ടി.ആർ.എസിന്റെ നേതൃത്വത്തിൽ തെലങ്കാനയിലുടനീളം മോദിക്കെതിരെ ഹോർഡിങ്ങുകളും ഫ്‌ളക്‌സുകളും ഉയർന്നിരുന്നു. 'മോദി, ജനങ്ങളെ കൊല്ലുന്നത് നിർത്തൂ' എന്ന തലവാചകത്തോടെയാണ് ഈ ഫ്‌ളക്‌സുകളുള്ളത്. വിവാദ കാർഷിക നിയമം, അഗ്നിപഥ് പദ്ധതി, നോട്ടുനിരോധനം, പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം, കോവിഡിനെ കേന്ദ്രസർക്കാർ കൈകാര്യം ചെയ്തതിലെ വീഴ്ച തുടങ്ങിയവയെല്ലാം ഇതിൽ ചൂണ്ടിക്കാണിക്കുകയും ചെയ്തിട്ടുണ്ട്.

അതിനിടെ, ഇന്ന് ഹൈദരാബാദ് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനെത്താത്ത തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുകയാണ്. 'കടുവ വരുമ്പോൾ കുറുക്കന്മാർ ഓടിപ്പോകും' എന്നായിരുന്നു തെലങ്കാന ബി.ജെ.പി അധ്യക്ഷനും എം.പിയുമായ ബന്ദി സഞ്ജയ് കുമാർ പരിഹസിച്ചത്. ടിആർഎസ്സിനെയാണ് കുറുക്കന്മാരോട് ഉപമിച്ചത്. വരും ദിവസങ്ങളിൽ ഇവിടെ കാവി, താമര പതാകകൾ ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

യു.പി.എ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് പുറമെ മുഴുവൻ മന്ത്രിമാരും വിമാനത്താവളത്തിലെത്തിയിരുന്നു. എന്നാൽ പ്രധാമന്ത്രി എത്തിയപ്പോൾ ഒരു മന്ത്രിയെ മാത്രമാണ് റാവു വിമാനത്താവളത്തിലേക്ക് അയച്ചത്. ഇതാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്. മോദിയെ അവഹേളിച്ചത് ഫെഡറലിസത്തോടും ഭരണഘടനയോടുമുള്ള നിന്ദയാണെന്നാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചത്.

ഇന്നലെയാണ് ഹൈദരാബാദിൽ ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതി യോഗം ആരംഭിച്ചത്. മോദിക്കു പുറമെ ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള കേന്ദ്ര സർക്കാരിലെ പ്രമുഖർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. 2014ൽ കേന്ദ്രത്തിൽ അധികാരത്തിലെത്തിയ ശേഷം ഇത് നാലാം തവണയാണ് പാർട്ടി ഡൽഹിക്ക് പുറത്ത് സുപ്രധാന ദേശീയ സമ്മേളനം നടത്തുന്നത്. 2017ൽ ഒഡിഷയിലും 2016ൽ കേരളത്തിലും 2015ൽ ബംഗളൂരുവിലുമാണ് ഇതിനുമുൻപ് യോഗം നടന്നത്.

Summary: Money Heist-inspired posters and placards rise in Hyderabad calling PM Narendra Modi as Nation Robber

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News