ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പെരുമഴ; മണ്ണിടിച്ചില്‍
ഉത്തരാഖണ്ഡിൽ അതിതീവ്ര മഴക്കുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്നത്
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടുന്നതിനാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശക്തമായ മഴ. ഉത്തരാഖണ്ഡിൽ അതിതീവ്ര മഴക്കുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്നത്. ഉത്തർപ്രദേശിലും ഹരിയാനയിലും മഴ ശക്തമാണ്.
ഇന്നലെ മുതൽ ശക്തമായ മഴയാണ് ഉത്തരാഖണ്ഡിന്‍റെ വിവിധ ഭാഗങ്ങളിൽ പെയ്യുന്നത്. മണ്ണിടിച്ചിൽ സാധ്യത ഉള്ളതിനാൽ എൻ.ഡി.ആർ.എഫിനോടും സംസ്ഥാന പൊലീസിനോടും സജ്ജമാകാൻ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിർദേശം നൽകി. ചാർ ദം തീർഥ യാത്രക്കുള്ള വഴികളിൽ പ്രത്യേക ശ്രദ്ധ നൽകാനും നിർദേശമുണ്ട്.
മണ്ണിടിഞ്ഞ് വീണതിനാൽ ഗംഗോത്രി,യമുനോത്രി നാഷണൽ ഹൈവേകൾ അടച്ചു. അപകട സാധ്യത കണക്കിലെടുത്ത് ഉത്തരാഖണ്ഡിലെ മുഴുവൻ സ്കൂളുകൾക്കും ഇന്ന് അവധി നൽകി. ഉത്തരാഖണ്ഡിന് പുറമേ ഉത്തർപ്രദേശിലും ഹരിയാനയിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. യുപിയിൽ മീററ്റിലാണ് അതിശക്തമായ മഴ റിപ്പോർട്ട് ചെയ്തത്.
ഡൽഹിയിൽ ഇന്നലെ രാത്രി മുതൽ പെയ്യുന്ന മഴക്ക് അൽപം ശമനമുണ്ടെങ്കിലും അടുത്ത 24 മണിക്കൂറിനുള്ളിൽ ഇടിയോടു കൂടിയ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വ്യാഴാഴ്ച വരെ ഉത്തരേന്ത്യയിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്