മോർബി തൂക്കുപാലത്തിന്‍റെ അറ്റകുറ്റ പണിയിൽ വ്യാപക അഴിമതി
പാലം അറ്റകുറ്റ പണിക്ക് ഉപകരാർ എടുത്ത ദേവ്പ്രകാശ് സൊലൂഷൻസിന് മതിയായ മുൻപരിചയം ഉണ്ടായിരുന്നില്ലെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി
മോര്‍ബി: ഗുജറാത്തിൽ 135 പേരുടെ മരണത്തിന് ഇടയാക്കിയ മോർബി തൂക്കുപാലത്തിന്‍റെ അറ്റകുറ്റ പണിയിൽ വ്യാപക അഴിമതി. കരാർ തുകയായ 2 കോടിയിൽ 12 ലക്ഷം രൂപ മാത്രമാണ് പാലത്തിന്‍റെ അറ്റകുറ്റ പണികൾക്കായി ചെലവഴിച്ചത്. പാലം അറ്റകുറ്റ പണിക്ക് ഉപകരാർ എടുത്ത ദേവ്പ്രകാശ് സൊലൂഷൻസിന് മതിയായ മുൻപരിചയം ഉണ്ടായിരുന്നില്ലെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ടെൻഡർ പോലും വിളിക്കാതെയാണ് 15 വർഷത്തേക്ക് നൂറ്റാണ്ടിലേറെ പഴക്കമുള്ള മോർബി തൂക്കുപാലത്തിന്‍റെ പരിപാലന മേൽനോട്ട ചുമതലയുടെ കരാർ ഒരേവ കമ്പനിക്ക് നൽകിയിരുന്നത്. അജന്ത ഗ്രൂപ്പിന് കീഴിൽ വാച്ച് നിർമിക്കുന്ന ഒരേവ കമ്പനിക്ക് പാലത്തിന്‍റെ അറ്റകുറ്റ പണിയിൽ മുൻപരിചയം ഇല്ലാത്തതിൽ പ്രതിപക്ഷ പാർട്ടികൾ നേരത്തെ സംശയം ഉന്നയിച്ചിരുന്നു. അറ്റകുറ്റ പണിക്കായി ഉപകരാർ എടുത്ത ദേവ്പ്രകാശ് സൊലൂഷൻസിനും മതിയായ മുൻപരിചയം ഉണ്ടായിരുന്നില്ലെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ടെൻഡർ തുകയായ 2 കോടിയിൽ 12 ലക്ഷം രൂപ മാത്രമാണ് പാലത്തിന്‍റെ അറ്റകുറ്റ പണികൾക്കായി ചെലവഴിച്ചത്. പാലത്തിൽ സ്ഥാപിച്ചിരുന്ന മരപ്പാളികൾക്ക് പകരം അലൂമിനിയം പാളികൾ സ്ഥാപിക്കുകയും കേബിളുകൾ പെയിന്‍റ് ചെയ്യുകയും മാത്രമാണ് കമ്പനി പാലത്തിൽ ചെയ്തത്. കരാറിലെ വ്യവസ്ഥകളായ തുരുമ്പിച്ച കേബിളുകൾ മാറ്റുകയോ ആവശ്യമായ സ്ഥലത്ത് ഗ്രീസ് ഇടുകയോ ചെയ്തിട്ടില്ല. ഇത് സംബന്ധിക്കുന്ന രേഖകളും ദേവ്പ്രകാശ് സൊലൂഷൻസിന്‍റെ ഓഫീസിൽ നടത്തിയ പരിശോധനയിൽ പൊലീസ് കണ്ടെടുത്തു.