233 തോൽവികളിലും പതറാതെ പത്മരാജൻ; കർണാടകയിൽ ബസവരാജ ബൊമ്മൈക്കെതിരെ അങ്കത്തിനിറങ്ങുന്നു
ഏറ്റവും കൂടുതൽ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട സ്ഥാനാർഥിയെന്ന റെക്കോർഡ് സ്വന്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് പത്മരാജൻ പറയുന്നത്.
ബംഗളൂരു: തെരഞ്ഞെടുപ്പ് തോൽവികളിലൂടെ ശ്രദ്ധേയനായ തമിഴ്‌നാട് സ്വദേശി കെ. പത്മരാജൻ കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലും അങ്കത്തിനിറങ്ങുന്നു. 1988 മുതൽ നിയമസഭ, ലോക്‌സഭ, രാജ്യസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന പത്മരാജൻ ഇതുവരെ 233 തവണ അങ്കത്തിനിറങ്ങിയിട്ടുണ്ട്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 234-ാം തവണയാണ് പത്മരാജൻ ജനവിധി തേടുന്നത്.
ഇത്തവണ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈക്കെതിരെ ഷിഗ്ഗാവി മണ്ഡലത്തിൽനിന്നാണ് പത്മരാജൻ മത്സരിക്കുന്നത്. തമിഴ്‌നാട് സേലം സ്വദേശിയായ പത്മരാജൻ ഇതിന് മുമ്പ് നിരവധി പ്രമുഖ നേതാക്കൾക്കെതിരെ മത്സരിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രിമാരായ വാജ്‌പേയ്, മൻമോഹൻ സിങ്, മുൻ തമിഴ്‌നാട് മുഖ്യമന്ത്രിമാരായ ജയലളിത, കരുണാനിധി തുടങ്ങിയവർക്കെതിരെയെല്ലാം പത്മരാജൻ അങ്കത്തിനിറങ്ങിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട സ്ഥാനാർഥിയെന്ന റെക്കോർഡ് സ്വന്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് പത്മരാജൻ പറയുന്നത്. ജനങ്ങളുടെ സ്‌നേഹം നേടാനും പ്രശസ്തനാകാനുള്ള ഒരു വഴിയായാണ് താൻ തെരഞ്ഞെടുപ്പുകളെ കാണുന്നത്. വമ്പൻമാർക്കെതിരെ ഒരിക്കലും ജയിക്കാനാവാത്ത ഒരു ചെറിയ മനുഷ്യനാണ് താനെന്നും പത്മരാജൻ പറയുന്നു. ഇതുവരെ തെരഞ്ഞെടുപ്പുകളിൽ കെട്ടിവെക്കാൻ ഒരുകോടി രൂപയോളം ചെലവായെന്നും പത്മരാജൻ വ്യക്തമാക്കി.