'ഹിന്ദുസ്ഥാനിലല്ലാതെ ഹിന്ദുക്കൾ എവിടെയാണ് ഹനുമാൻ ചാലിസ ചൊല്ലുക'; വിദ്യാർഥികളിൽ നിന്ന് പിഴ ഈടാക്കിയത് റദ്ദാക്കി മധ്യപ്രദേശ് സര്‍ക്കാര്‍

അനുമതിയില്ലാതെ ഹോസ്റ്റൽ മുറിയിൽ ഹനുമാൻ ചാലിസ ചൊല്ലിയ വിദ്യാർഥികളിൽ നിന്ന് 5000 രൂപ പിഴ ഈടാക്കിയതാണ് വിവാദമായത്

Update: 2022-07-09 04:26 GMT
Editor : Lissy P | By : Web Desk
Advertising

ഭോപ്പാൽ: അനുമതിയില്ലാതെ ഹോസ്റ്റൽ മുറിയിൽ ഹനുമാൻ ചാലിസ പാരായണം ചെയ്തത വിദ്യാർഥികളിൽ നിന്ന് പിഴ ചുമത്തിയത് റദ്ദാക്കി മധ്യപ്രദേശ് സർക്കാർ . 'ഹിന്ദുസ്ഥാനിലല്ലെങ്കിൽ ഹിന്ദുക്കൾ എവിടെയാണ് ഹനുമാൻ ചാലിസ ചൊല്ലുക' എന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നടന്ന സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സെഹോർ കലക്ടറോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഭോപ്പാലിൽ നിന്ന് 70 കിലോമീറ്റർ അകലെ സെഹോർ ജില്ലയിലെ അഷ്ടയിലാണ് സംഭവം. 20 ഓളം ബിടെക് വിദ്യാർഥികൾ രണ്ട് ദിവസം മുമ്പ് ഹോസ്റ്റൽ മുറിയിൽ ഹനുമാൻ ചാലിസ പാരായണം നടത്തിയതായാണ് റിപ്പോർട്ടുകൾ. പരീക്ഷാ സമയത്തെ ബഹളം തങ്ങളുടെ പഠനത്തെ ബാധിച്ചതായി ചൂണ്ടിക്കാട്ടി മറ്റ് നിരവധി വിദ്യാർഥികൾ മാനേജ്മെന്റിന് പരാതി നൽകി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ തിരിച്ചറിഞ്ഞ ഏഴ് വിദ്യാർഥികൾക്ക് നോട്ടീസ് നൽകുകയും അനുമതി വാങ്ങാത്തതിന് 5,000 രൂപ വീതം പിഴ ചുമത്തുകയും ചെയ്തു.

ഇത് സംബന്ധിച്ച വാർത്തകൾ സർക്കാറിന്റെ മുന്നിലും എത്തി. വിദ്യാർഥികളിൽ നിന്ന് പിഴ ഈടാക്കില്ലെന്ന് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സെഹോർ കളക്ടർ ചന്ദ്രമോഹൻ താക്കൂറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹനുമാൻ ചാലിസ വായിച്ചതിന് പിഴ ചുമത്തരുതെന്ന് ഞങ്ങൾ സ്ഥാപനത്തിന് സന്ദേശം നൽകിയിട്ടുണ്ട്,'' മിശ്ര പറഞ്ഞു.

''ചാലിസ പാരായണം ചെയ്തതിലല്ല പ്രശ്‌നം. ബഹളം കാരണം മറ്റ് വിദ്യാർഥികളിൽ നിന്നും അവരുടെ രക്ഷിതാക്കളിൽ നിന്നും പരാതികൾ വന്നു. തുടർന്നാണ് നടപടി തുടങ്ങിയത്- മിശ്ര കൂട്ടിച്ചേർത്തു. വിഷയം അന്വേഷിച്ച് വരികയാണെന്ന് കളക്ടർ ചന്ദ്രമോഹൻ താക്കൂർ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News