മങ്കി പോക്‌സ്: ഇന്ത്യയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ജാഗ്രതാ നിർദേശം
ഏറ്റവുമധികം രാജ്യാന്തര യാത്രക്കാരെത്തുന്ന രാജ്യങ്ങളിൽ ഒന്നെന്ന നിലയിൽ ഇന്ത്യയിലും ജാഗ്രത വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്
ന്യൂഡല്‍ഹി: 116 രാജ്യങ്ങളിൽ എംപോക്സ്(മങ്കിപോക്സ്) തീവ്രമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ലോകാരോഗ്യസംഘടന അടുത്തിടെയാണ് ആഗോള അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചത്. എന്നാല്‍ ഇന്ത്യയില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.
2022 മാർച്ചിലാണ് ഇന്ത്യയിൽ ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കേരളത്തിലെ 35 വയസ്സുള്ളയാളിലാണ് രോഗം സ്ഥിരീകരിച്ചത്. 2022 മുതൽ, ഈ വൈറൽ അണുബാധയുടെ 30 കേസുകള്‍ രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ കേസുകളൊന്നുമില്ല. അതേസമയം ഏറ്റവുമധികം രാജ്യാന്തര യാത്രക്കാരെത്തുന്ന രാജ്യങ്ങളിൽ ഒന്നെന്ന നിലയിൽ ഇന്ത്യയിലും ജാഗ്രത വേണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
എന്നാല്‍ ഇന്ത്യയിൽ മങ്കിപോക്സ് അണുബാധ വർദ്ധിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നുമാണ് ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം ആഗോള തലത്തില്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലായം ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ കേസുകൾ വേഗത്തില്‍ കൈകാര്യം ചെയ്യണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.
ഐസൊലേഷന്‍ ഉള്‍പ്പെടെ രോഗവ്യാപനം തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കമമെന്നും രോഗിയുമായി കോണ്‍ടാക്ട് ഉള്ളവരെ വേഗത്തില്‍ കണ്ടെത്തി വ്യാപനം തടയണമെന്നും മന്ത്രാലയം നിര്‍ദേശിക്കുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി പ്രകാശ് നദ്ദയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരുന്നുണ്ട്.
2022 മുതൽ ലോകത്തിന്റെ പലഭാഗങ്ങളിലും മങ്കിപോക്സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി തീവ്രവ്യാപനമുണ്ട്. വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗവ്യാപനമുള്ളത്. അമേരിക്കയിലും യൂറോപ്പിലും രോഗികളുടെ നിരക്കിൽ വർധനയുണ്ട്. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്സ്.
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴി നേരിട്ടുള്ള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് മങ്കിപോക്സ് പകരാം. അണ്ണാൻ, എലികൾ, വിവിധ ഇനം കുരങ്ങുകൾ എന്നിവയുൾപ്പെടെ നിരവധി മൃഗങ്ങളിൽ മങ്കിപോക്സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർക്കമുണ്ടായാൽ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.