ഡൽഹി മുണ്ട്കയിലെ തീപിടിത്തം; ഒളിവിലായിരുന്ന കെട്ടിട ഉടമ അറസ്റ്റിൽ

മരിച്ച ഏഴുപേരെ തിരിച്ചറിഞ്ഞു; 11 പേരെ കണ്ടെത്താനായില്ല

Update: 2022-05-15 06:43 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: മുണ്ട്കാ മെട്രോസ്റ്റേഷന് സമീപത്ത് തീപിടിത്തമുണ്ടായ കെട്ടിടത്തിന്റെ ഉടമ മനീഷ് ലക്‌റയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഇയാൾ ഒളിവിൽ പോയിരുന്നു. തീപിടിത്തമുണ്ടായ സ്ഥാപനങ്ങളുടെ ഉടമകളായ ഹരീഷ് ഗോയൽ, സഹോദരൻ വരുൺ ഗോയൽ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മിക്ക ഫാക്ടറികൾക്കും അഗ്‌നിശമനസേനാ എൻ.ഒ.സി ഇല്ലെന്ന് അഗ്‌നിശമനസേനാ വിവരവും പുറത്ത് വരുന്നിരുന്നു. ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെയാണ് പല ഫാക്ടറികളും പ്രവർത്തിക്കുന്നതെന്ന് അഗ്‌നിശമനസേന ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

തീപിടിത്തത്തിൽ 27 പേരാണ് മരിച്ചത്. ഇതിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. ഈ ഏഴുപേരും മുണ്ട്കാ സ്വദേശികളാണെന്നാണ് പൊലീസ് അറിയിച്ചു. ധരിച്ചിരുന്ന വാച്ചും ചെരിപ്പുമെല്ലാം നോക്കിയാണ് ബന്ധുക്കൾ ഇവരെ തിരിച്ചറിഞ്ഞത്. പൂർണമായും കത്തിക്കരിഞ്ഞവരെ തിരിച്ചറിയാനായി ഡി.എൻ.എ പരിശോധന നടത്താനാണ് അധികൃതരുടെ തീരുമാനം. 29 പേരെ കാണാതായെന്ന് പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. അതുപ്രകാരം ഇനിയും 11 പേരെ കണ്ടെത്താനുണ്ടെന്നും പൊലീസ് അറിയിച്ചു.

ഇരുപതിലേറെ സ്വകാര്യ കമ്പനി ഓഫിസുകൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് വൻ തീപിടുത്തമുണ്ടായത്. കെട്ടിടത്തിന് മുകളിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയവരാണ് മരിച്ചവരിൽ കൂടുതലും. കെട്ടിടത്തിന് ഒരു പ്രവേശനകവാടം മാത്രമാണുണ്ടായിരുന്നത്. കോണിപ്പടികളിൽ കച്ചവടാവശ്യത്തിനുള്ള സാധനങ്ങൾ നിറച്ചുവെച്ചിരുന്നതിനാൽ പലർക്കും  താഴേക്ക് ഇറങ്ങാൻ സാധിച്ചിരുന്നില്ല. പുറത്തേക്ക് ഇറങ്ങാൻ കഴിയാതെ മുകൾ നിലകളിലേക്ക് ഓടിക്കയറിയവർ അവിടെയും തീ പടർന്നതോടെ അവശനിലയിലായി. പലരും കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടുകയും ചെയ്തിരുന്നു.

സംഭവത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ മജിസ്റ്റീരിയിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. കൂടാതെ മരിച്ചവരുടെ കുടുംബത്തിന് ധനസഹായവും പ്രഖ്യാപിച്ചു. ധനസഹായമായി 10 ലക്ഷം രൂപ നൽകും. അപകടത്തിൽ 29 പേരെ കാണാതായിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News