‘ഇവിടെ ഞങ്ങൾ എല്ലാവരും ഒന്നാണ്’; മതസൗഹാർദത്തിന്റെ പ്രതീകമായി ഹരിദ്വാറിൽ കാവഡ് നിർമിക്കുന്ന മുസ്‍ലിം കുടുംബങ്ങൾ
വിവാദങ്ങൾ തങ്ങളെ ബാധിച്ചിട്ടില്ലെന്ന് ഇവിടത്തെ കുടുംബങ്ങൾ പറയുന്നു
ന്യൂഡൽഹി: കാവഡ് യാത്രയെച്ചൊല്ലി വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടെ മതസൗഹാർദത്തിന്റെ പ്രതീകമായി മാറുകയാണ് ഹരിദ്വാറിൽ കാവഡ് (കാവടി) നിർമിക്കുന്ന മുസ്‍ലിം കരകൗശല തൊഴിലാളികൾ. എല്ലാ വർഷവും സാവൻ മാസത്തിൽ ദശലക്ഷക്കണക്കിന് ശിവ ഭക്തരാണ് കാൽനടയായി ഹരിദ്വാറിലെത്തി ഗംഗയിലെ ജലം ശേഖരിക്കുന്നത്. ഹരിദ്വാറിലെ മുസ്‍ലിം കുടുംബങ്ങളടക്കം നിർമിക്കുന്ന അതിമനോഹരമായ കാവഡിലാണ് തീർഥാടകർ സ്വദേശത്തേക്ക് ഗംഗ ജലം കൊണ്ടുപോവുക. കാവഡും ചുമലിലേന്തി കിലേമീറ്ററുകൾ നടന്ന് തങ്ങളുടെ നാട്ടിലെ ക്ഷേത്രത്തിൽ ഈ ജലം സമർപ്പിക്കും.
കാവഡ് നിർമാണത്തിനായി മാസങ്ങളുടെ തയ്യാറെടുപ്പാണ് ഓരോ കുടുംബത്തിനും വേണ്ടിവരുന്നത്. മുതിർന്നവർ മുതൽ കുട്ടികൾ വരെയുള്ളവർ കാവഡ് നിർമാണത്തിൽ ഏർപ്പെടും. രണ്ടും മൂന്നും തട്ടുകളായിട്ടാണ് കാവഡ് നിർമിക്കുക. ശിവലിംഗമെല്ലാം ഇതിന്റെ ഭാഗമാകും. 500 മുതൽ 5000 രൂപ വരെയാണ് ഓരോ കാവഡിന്റെയും വില.
കുംഭനഗരി കൂടിയായ ഹരിദ്വാറിൽനിന്നാണ് കാവഡ് യാത്ര ആരംഭിക്കുന്നത്. ഹിന്ദു-മുസ്‍ലിം ഐക്യത്തിന്റെ ഉത്തമ മാതൃക കൂടിയാണ് ഈ യാത്ര. കുട്ടിക്കാലം മുതൽ തങ്ങൾ കാവഡ് നിർമിക്കുന്നുണ്ടെന്ന് കരകൗശല വിദഗ്ധനായ ഇസ്തികാർ പറയുന്നു. എല്ലാത്തരം കാവഡുകളും തങ്ങൾ നിർമിക്കാറുണ്ട്. അവ നിർമിക്കുമ്പോഴും വിൽപ്പന നടത്തുമ്പോഴും വലിയ സംതൃപ്തിയാണ്. ഞങ്ങളുടെ ഹൃദയങ്ങൾ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു, ഞങ്ങൾ എല്ലാവരും ഒന്നാണ്’ -ഇസ്തികാർ പറഞ്ഞു.
താൻ 15 വർഷമായി കാവഡ് നിർമിക്കുന്നുണ്ടെന്നും ഇത് വലിയ സന്തോഷമാണ് നൽകുന്നതെന്നും മറ്റൊരു കരകൗശല വിദഗ്ധൻ അബ്റാർ പറയുന്നു. രാവണന്റെ പ്രതിമകളും ഞങ്ങൾ നിർമിക്കാറുണ്ട്. ഇതെല്ലാം സ്നേഹവും സാഹോദര്യവുമാണ്. ഹിന്ദു സമൂഹം മുഴുവൻ ഞങ്ങൾക്ക് കുടുംബം പോലെയാണെന്നും അബ്റാർ കൂട്ടിച്ചേർത്തു.
ഹരിദ്വാറിൽ ഹിന്ദും-മുസ്‍ലിം എന്ന വേർതിരിവില്ലെന്ന് കഴിഞ്ഞ ഒമ്പത് വർഷമായി കാവഡ് നിർമിക്കുന്ന ഇംറാൻ പറഞ്ഞു. വിവാദങ്ങൾ ഞങ്ങളെ അലോസരപ്പെടുത്തുന്നില്ല. ഞങ്ങൾ എല്ലാവരും സഹോദരൻമാരാണ്. എന്തിനാണ് ഹിന്ദുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നതെന്ന് ആരും ഇതുവരെ ചോദിച്ചിട്ടില്ല. രണ്ടോ മൂന്നോ ദിവസങ്ങൾക്കുള്ളിൽ കാവഡുകൾ മുഴുവൻ വിറ്റുപോകുമെന്നും ഇംറാൻ കൂട്ടിച്ചേർത്തു.
ഏകദേശം 300ഓളം കുടുംബങ്ങളാണ് ഹരിദ്വാറിൽ കാവഡ് നിർമിക്കുന്നത്. ഇതിൽ ഭൂരിഭാഗവും മുസ്‍ലിം കുടുംബങ്ങളാണ്. ഓരോ സീസണിലും ഈ കുടുംബങ്ങൾ രണ്ട് മുതൽ മൂന്ന് ലക്ഷം രൂപ വരെ കാവഡ് നിർമിച്ച് സമ്പാദിക്കുന്നുണ്ട്. ഒരു വർഷത്തേക്കുള്ള ഈ കുടുംബങ്ങളുടെ വരുമാനം കൂടിയാണിത്. പുതിയ വിവാദങ്ങൾ ഈ കുടുംബങ്ങളുടെ ജീവിതത്തെയും ബാധിക്കുമോയെന്ന ആശങ്കയുണ്ട്.
മുസ്‍ലിം കുടുംബങ്ങൾ കാവഡ് നിർമിക്കുന്നതിന്റെ ഹിന്ദു സമുദായത്തിൽനിന്നുള്ളവരടക്കം വലിയ രീതിയിൽ പ്രകീർത്തിക്കാറുണ്ട്. മുസ്‍ലിംകൾ നിർമിക്കുന്ന കാവഡ് സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായാണ് പല ഹിന്ദുക്കളും കാണുന്നത്. പ്രദേശത്ത് സാഹോദര്യവും ഐക്യവും പ്രോത്സാഹിപ്പിക്കാൻ ഈ പ്രവർത്തനങ്ങൾ പ്രയോജനപ്പെടുന്നുണ്ടെന്നാണ് മുൻകാല അനുഭവങ്ങൾ.
ഈ സൗഹാർദത്തെയടക്കം തകർക്കാനാണ് ഹിന്ദുത്വ ശക്തികൾ പുതിയ ഉത്തരവുമായി വന്നിരിക്കുന്നത്. കാവഡ് യാത്ര കടന്നുപോകുന്ന വഴികളിലെ ഹോട്ടലുകളിൽ ഉടമയുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തർ പ്രദേശ് സർക്കാറിന്റെ ഉത്തരവ് ഈ മതസൗഹാർദത്തെ കൂടി തകർക്കാൻ ലക്ഷ്യമിട്ടായിരുന്നു. ഇതിന് പിന്നാലെ ഹരിദ്വാർ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡ് സർക്കാറും ഇത്തരത്തിലുള്ള ഉത്തരവ് പുറപ്പെടുവിച്ചു.
അതേസമയം, പേര് പ്രദർശിപ്പിക്കണമെന്ന നിർദേശം സുപ്രിംകോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തിട്ടുണ്ട്. ഉത്തരവിനെതിരെ പ്രതിപക്ഷ കക്ഷികളടക്കം വലിയ വിമർശനമാണ് ഉയർത്തിയിരുന്നത്. ഇതിനിടയിലാണ് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് വരുന്നത്. വിവിധ സർക്കാറുകളുടെ വിവാദ നിർദേശത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയാണ് സുപ്രിംകോടതിയെ സമീപിച്ചത്. കടകൾക്ക് മുന്നിൽ ഉടമകളുടെയും തൊഴിലാളികളുടെയും പേരോ ജാതിയോ പ്രദർശിപ്പിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
വിവാദം നിർദേശം സ്റ്റേ ചെയ്തതിനെ സുപ്രിംകോടതിക്ക് മഹുവ മൊയ്ത്ര നന്ദി പറഞ്ഞു. ഇത് ഭരണഘടനയുടെയും രാജ്യത്തെ ഓരോ ജനതയുടെയും ചരിത്ര വിജയമാണ്. ബി.ജെ.പിയുടെ നുണകൾ വിലപ്പോവില്ല. ഇതൊരു ക്രമസമാധാന പ്രശ്നമല്ല. ഇതൊരെ വൃത്തികെട്ടി വിഭജന, മതപരമായ വിവേചന പ്രശ്നമായിരുന്നു. തങ്ങൾ അത് പിടികൂടി പരാജയപ്പെടുത്തിയെന്നും മഹുവ വ്യക്തമാക്കി.