16 വയസ്സുള്ള മുസ്ലിം പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാം: പഞ്ചാബ് - ഹരിയാന ഹൈക്കോടതി
16 വയസ്സ് പൂർത്തിയായ മുസ്ലിം പെൺകുട്ടിക്ക് തനിക്കിഷ്ടമുള്ളയാളെ വിവാഹം ചെയ്യാമെന്ന് പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതി. ഇസ്ലാം മതാചാരപ്രകാരം വിവാഹിതരായ 16 വയസ്സുള്ള പെൺകുട്ടിയും 21-കാരനായ യുവാവും നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ജസ്ജിത് സിങ് ബേദിയുടെ വിധി. മുസ്ലിം വ്യക്തിനിയമ പ്രകാരം ഇവരുടെ വിവാഹം നിലനിൽക്കുമെന്നും തീരുമാനമെടുക്കാനുള്ള ഇവരുടെ അവകാശത്തിൽ രക്ഷിതാക്കൾ ഇടപെടരുതെന്നും കോടതി പറഞ്ഞു.
മുസ്ലിം ആചാര, ആഘോഷപ്രകാരം വിവാഹിതരായ തങ്ങൾക്ക് കുടുംബത്തിൽ നിന്ന് ഭീഷണിയുണ്ടെന്നും പൊലീസിൽ അറിയിച്ചിട്ടും സുരക്ഷിതരല്ലെന്നും കാണിച്ചാണ് ഇരുവരും അഡ്വ. സഞ്ജീവ് കുമാർ മുഖേന ഹൈക്കോടതിയെ സമീപിച്ചത്. 2006-ൽ ജനിച്ച പെൺകുട്ടിയും 2001-ൽ ജനിച്ച യുവാവും തമ്മിൽ പ്രണയത്തിലാവുകയും 2022 ജൂൺ എട്ടിന് വിവാഹിതരാവുകയും ചെയ്തിരുന്നു. മുസ്ലിം ആചാരാനുഷ്ഠാനങ്ങളോടെയായിരുന്നു വിവാഹമെന്ന് ഹരജിയിൽ പറയുന്നു.
മുസ്ലിം വ്യക്തിനിയമ പ്രകാരം വ്യക്തികൾക്ക് 15 വയസ്സോടെ പ്രായപൂർത്തിയാകുമെന്നും ഇഷ്ടമുള്ള വ്യക്തിയെ വിവാഹം ചെയ്യാനുള്ള സ്വാതന്ത്ര്യം ഇതോടെ കൈവരുമെന്നുമുള്ള ഹരജിയിലെ വാദം കോടതി അംഗീകരിച്ചു. മറ്റുപല കേസുകൡലായി നിരവധി വിധിന്യായങ്ങളിൽ ഇക്കാര്യം പരാമർശിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയ കോടതി, ദമ്പതികൾക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് പത്താൻകോട്ട് പൊലീസിനോട് ആവശ്യപ്പെട്ടു.