'മുസ്‌ലിം പൊലീസുകാര്‍ക്ക് താടിവയ്ക്കാം'; തമിഴ്‌നാട് കോണ്‍സ്റ്റബിളിനെതിരായ നടപടി റദ്ദാക്കി മദ്രാസ് ഹൈക്കോടതി

ഇന്ത്യ വൈവിധ്യമാര്‍ന്ന മതങ്ങളുടെയും ആചാരങ്ങളുടെയും ഭൂമിയാണെന്നും തങ്ങളുടെ വിശ്വാസ പ്രകാരം താടിവയ്ക്കുന്ന മുസ്‌ലിം ഉദ്യോഗസ്ഥര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ പാടില്ലെന്നും ജസ്റ്റിസ് വിക്ടോറിയ ഗൗരി പറഞ്ഞു

Update: 2024-07-16 08:40 GMT
Editor : Shaheer | By : Web Desk
Advertising

ചെന്നൈ: താടിവച്ചതിന് മുസ്‌ലിം പൊലീസ് കോണ്‍സ്റ്റബിളിനെതിരെ സ്വീകരിച്ച അച്ചടക്ക നടപടി റദ്ദാക്കി മദ്രാസ് ഹൈക്കോടതി. ഇന്ത്യ വൈവിധ്യമാര്‍ന്ന മതങ്ങളുടെയും ആചാരങ്ങളുടെയും ഭൂമിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. തന്റെ വിശ്വാസ പ്രകാരം താടിവച്ചതിന് ഒരു മുസ്‌ലിം ഉദ്യോഗസ്ഥനെ ശിക്ഷിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

തമിഴ്‌നാട് പൊലീസില്‍ ഗ്രേഡ് വണ്‍ കോണ്‍സ്റ്റബിളായ ജി. അബ്ദുല്‍ ഖാദര്‍ ഇബ്രാഹീമിന്റെ ഹരജി പരിഗണിക്കുകയായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. കേസില്‍ സുപ്രധാന നിരീക്ഷണങ്ങളാണ് ജസ്റ്റിസ് എല്‍. വിക്ടോറിയ ഗൗരി നടത്തിയത്. 1957ലെ മദ്രാസ് പൊലീസ് ഗസറ്റ് പ്രകാരം ഡ്യൂട്ടിയിലിരിക്കെയും മുസ്‌ലിം ഉദ്യോഗസ്ഥര്‍ക്ക് താടി വെട്ടിയൊതുക്കി നടക്കാന്‍ അനുവാദം നല്‍കുന്നുണ്ടെന്ന് ജ. വിക്ടോറിയ ഗൗരി ചൂണ്ടിക്കാട്ടി.

'നാനാതരം മതങ്ങളുടെയും ആചാരങ്ങളുടെയും ഭൂമിയായ ഇന്ത്യയുടെ സൗന്ദര്യവും അതുല്യതും ഇവിടത്തെ പൗരന്മാരുടെ വൈവിധ്യമാര്‍ന്ന ആചാരങ്ങളും സംസ്‌കാരങ്ങളുമാണ്. തമിഴ്‌നാട് സര്‍ക്കാരിന്റെ പൊലീസ് വകുപ്പ് കര്‍ശനമായ അച്ചടക്കം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍, വകുപ്പിനകത്തെ അച്ചടക്കപാലനം കൊണ്ട് ന്യൂനപക്ഷ സമുദായത്തില്‍, പ്രത്യേകിച്ചും മുസ്‌ലിം സമുദായത്തില്‍പെട്ട ഒരു ഉദ്യോഗസ്ഥന്‍ താടിവച്ചാല്‍ ശിക്ഷിക്കാനുള്ള അനുമതി നല്‍കുന്നില്ല. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കല്‍പനകള്‍ പാലിച്ചാണ് അവര്‍ ജീവിതത്തിലുടനീളം താടിവച്ചു നടക്കുന്നത്.'-ജസ്റ്റിസ് വിക്ടോറിയ ഗൗരി പറഞ്ഞു.

2009ല്‍ തമിഴ്‌നാട് പൊലീസില്‍ അംഗമാണ് അബ്ദുല്‍ ഖാദര്‍ ഇബ്രാഹീം. 2018ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഹജ്ജ് തീര്‍ഥാടനത്തിനായി അബ്ദുല്‍ ഖാദറിന് 31 ദിവസത്തെ അവധി അനുവദിച്ചിരുന്നു. ഹജ്ജ് യാത്ര കഴിഞ്ഞു മടങ്ങിയെത്തിയ ഇദ്ദേഹം കാലില്‍ അണുബാധയെ തുടര്‍ന്ന് അവധി നീട്ടിനല്‍കാന്‍ അപേക്ഷ നല്‍കി. എന്നാല്‍, മേലുദ്യോഗസ്ഥന്‍ മെഡിക്കല്‍ ലീവ് അനുവദിച്ചില്ലെന്നു മാത്രമല്ല, അബ്ദുല്‍ ഖാദര്‍ താടിവച്ചതിനെ ചോദ്യംചെയ്യുകയുമായിരുന്നു.

തുടര്‍ന്ന് കോണ്‍സ്റ്റബിളിനെതിരെ പ്രാഥമികാന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. നിരവധി കുറ്റങ്ങള്‍ ചുമത്തിയാണ് 2019 ഒക്ടോബറില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നത്. അവധിക്കുശേഷം ഡ്യൂട്ടിക്കെത്തിയില്ല, മദ്രാസ് പൊലീസ് ഗസറ്റിനു വിരുദ്ധമായി ഡ്യൂട്ടിക്കിടെ താടിവച്ചു തുടങ്ങിയ ആരോപണങ്ങളാണ് ഇതില്‍ ഉന്നയിച്ചത്. അബ്ദുല്‍ ഖാദറിനെതിരെ ഉന്നയിച്ച കുറ്റങ്ങള്‍ ന്യായമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കുകയും ചെയ്തു. പിന്നാലെ മൂന്നു വര്‍ഷത്തെ ശമ്പള വര്‍ധന തടയുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു.

ഇതിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും അനുകൂലമായ നടപടിയുണ്ടായില്ല. ഇന്‍ക്രിമെന്റ് തടഞ്ഞ നടപടി രണ്ടു വര്‍ഷമായി കുറയ്ക്കുക മാത്രമാണ് മധുര പൊലീസ് ചെയ്തത്. തുടര്‍ന്നാണ് ശിക്ഷാനടപടികള്‍ക്കെതിരെ അബ്ദുല്‍ ഖാദര്‍ മദ്രാസ് ഹൈക്കോടതിയില്‍ റിട്ട് ഹരജി നല്‍കിയത്.

ഉദ്യോഗസ്ഥനെതിരെ സ്വീകരിച്ച ശിക്ഷാനടപടികള്‍ പിന്‍വലിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി. കേസില്‍ എട്ട് ആഴ്ചയ്ക്കകം പുതിയ തീരുമാനം കൈക്കൊള്ളാന്‍ മധുര കമ്മിഷണര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹജ്ജ് അവധിക്കുശേഷം കാലിന് അണുബാധ വന്ന ഉദ്യോഗസ്ഥന് മെഡിക്കല്‍ ലീവ് അനുവദിക്കേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്നാല്‍, അബ്ദുല്‍ ഖാദര്‍ സ്ഥിരം കുഴപ്പക്കാരനാണെന്നാണ് പൊലീസ് കോടതിയില്‍ വാദിച്ചത്. മോശം സ്വഭാവം കാരണം മുന്‍പും അച്ചടക്ക നടപടികള്‍ നേരിട്ടിട്ടുണ്ടെന്നും പൊലീസിന വേണ്ടി ഹാജരായ ജോണ്‍ രാജ്ദുരൈ പറഞ്ഞു.

Summary: India land of many religions; Muslim policemen allowed to maintain trim, tidy beard: Madras High Court

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News