ജയ് ശ്രീരാം വിളിക്കാൻ ആവശ്യപ്പെട്ട് മുസ്‌ലിം യുവാവിനെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു; തല മൊട്ടയടിച്ചു
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിലാണ് സംഭവം.
മീററ്റ്: ജയ് ശ്രീരാം വിളിക്കാൻ ആവശ്യപ്പെട്ട് മുസ്‌ലിം യുവാവിനെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിച്ചതായി പരാതി. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ ജൂൺ 14-നാണ് സംഭവം. സൗരഭ് താക്കൂർ, ഗജേന്ദ്ര, ധനി പണ്ഡിറ്റ് എന്നിവരാണ് മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച് മുഹമ്മദ് സാഹിൽ ഖാൻ എന്ന യുവാവിനെ മർദിച്ചത്.
ശനിയാഴ്ച സാഹിൽ ഖാന്റെ സഹോദരി പരാതിയുമായി പൊലീസിനെ സമീപിച്ചപ്പോഴാണ് മർദിച്ചവിവരം പുറംലോകമറിഞ്ഞത്. എന്നാൽ കകോട് പൊലീസ് പ്രതികളെ വിട്ടയക്കുകയും ക്രൂരമായി മർദനമേറ്റ സാഹിലിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കുകയുമായിരുന്നു.
സാഹിലിന്റെ സഹോദരി റുബീന ബുലന്ദ്ഷഹർ എസ്.എസ്.പി ശ്ലോക് കുമാറിനെ കണ്ട് പരാതി നൽകി. 15-ാം തിയതി സഹോദരൻ വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. സഹോദരനെ മരത്തിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുന്ന വീഡിയോ കണ്ടതിനെ തുടർന്ന് പരാതി നൽകാൻ കകോട് പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ മർദിച്ചവർക്ക് പകരം തന്റെ സഹോദരനെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയതാണ് കണ്ടതെന്നും റുബീനയുടെ പരാതിയിൽ പറയുന്നു.
दूसरी ख़बर: बुलंदशहर में एक दिहाड़ी मज़दूर को एक दरख़्त से बांध कर पीटा गया और JSR के नारे लगाने पर मजबूर किया गया।बाद में पुलिस की हमदर्दी तो देखिए मुजरिमों के खिलाफ़ कार्रवाई करने के बजाय साहिल को ही जेल भेज दिया।
— Asaduddin Owaisi (@asadowaisi) June 17, 2023
अपने ऊपर हो रहे ज़ुल्म के खिलाफ़ फरयाद लेकर जाए तो कहां जाए? pic.twitter.com/T7iPckN6is
സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട എസ്.എസ്.പി പ്രതികളെ വെറുതെവിട്ട് മർദനമേറ്റയാളെ അറസ്റ്റ് ചെയ്തതിന് കകോട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അമർ സിങ്ങിനെ സസ്‌പെൻഡ് ചെയ്തു. എസ്.എസ്.പിയുടെ ഇടപെടലിനെ തുടർന്ന് മൂന്ന് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ഐ.പി.സി സെക്ഷൻ 153-എ (മതത്തിന്റെ പേരിലുള്ള അതിക്രമം), 342 (തട്ടിക്കൊണ്ടുപോകൽ), 505 (ക്രിമിനൽ ഗൂഢാലോചന) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.