ഞാനും എന്‍റെ ഭാര്യയും കൊല്ലപ്പെട്ടേക്കാം, മറ്റൊരു ജയിലിലേക്ക് മാറ്റണം; ഡല്‍ഹി ലഫ്.ഗവര്‍ണര്‍ക്ക് കത്തയച്ച് സുകേഷ് ചന്ദ്രശേഖര്‍

തന്നെയും ഭാര്യയെയും ഉപദ്രവിക്കാൻ ജയിൽ അധികൃതരും എ.എ.പിയും ഏതറ്റം വരെയും പോകുമെന്നും സുകേഷ് ഗവര്‍ണര്‍ക്ക് അയച്ച അഞ്ചാമത്തെ കത്തില്‍ പറയുന്നു

Update: 2022-11-10 07:14 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഡല്‍ഹി: സാമ്പത്തിക തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍ ജയില്‍മാറ്റം ആവശ്യപ്പട്ട് ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി.കെ സക്സേനക്ക് കത്തയച്ചു. എഎപി നേതാക്കള്‍ക്കെതിരായ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സി.ആര്‍.പി.എഫുകാര്‍ നിരന്തരം ഭീഷണിപ്പെടുത്തുകയാണെന്നും സുകേഷ് ആരോപിച്ചു.

തന്നെയും ഭാര്യയെയും ഉപദ്രവിക്കാൻ ജയിൽ അധികൃതരും എ.എ.പിയും ഏതറ്റം വരെയും പോകുമെന്നും സുകേഷ് ഗവര്‍ണര്‍ക്ക് അയച്ച അഞ്ചാമത്തെ കത്തില്‍ പറയുന്നു. "അവർക്കെതിരെ വളരെ പ്രധാനപ്പെട്ട തെളിവുകൾ എന്‍റെ പക്കലുണ്ട്, അവർക്ക് അത് നന്നായി അറിയാം, അതിനാൽ എന്നെയും മറ്റൊരു ജയിലിൽ കഴിയുന്ന എന്‍റെ ഭാര്യയെയും ഉപദ്രവിക്കാൻ അവർ ഏതറ്റം വരെയും പോകും." ജയിലിലായ എ.എ.പി നേതാവ് സത്യേന്ദർ ജെയിൻ തന്നോട് വിട്ടുവീഴ്ച ചെയ്യാനായി നിരവധി വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ടെന്നും സുകേഷ് വ്യക്തമാക്കി. ഈ ഓഫർ സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടാൽ, തന്‍റെ ഭാര്യയെ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യുമെന്നും സുകേഷിന്‍റെ കത്തില്‍ ചൂണ്ടിക്കാണിക്കുന്നു.



തന്നെയും ഭാര്യയെയും ഡല്‍ഹിക്ക് പുറത്തുള്ള മറ്റൊരു ജയിലിലേക്ക് മാറ്റണമെന്നും സുകേഷ് ആവശ്യപ്പെട്ടു. ആം ആദ്മി പാര്‍ട്ടിക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ സുകേഷ് ഗവര്‍ണര്‍ക്ക് കത്തയച്ചിരുന്നു. തന്‍റെ സുരക്ഷയ്ക്കായി മന്ത്രി സത്യേന്ദർ ജെയിന് 10 കോടി രൂപ ഉൾപ്പെടെ എ.എ.പിക്കു പണം നൽകിയെന്നായിരുന്നു സുകേഷിന്‍റെ ആരോപണഫാർമസ്യൂട്ടിക്കൽ കമ്പനിയായ റാൻബാക്‌സിയുടെ പ്രൊമോട്ടർമാരായ ശിവിന്ദർ സിങ്, മൽവീന്ദർ സിങ് എന്നിവരുടെ കുടുംബത്തിൽ നിന്നാണ് സുകേഷ് ചന്ദ്രശേഖർ 200 കോടി തട്ടിയെടുത്തത്. തട്ടിപ്പു നടത്തിയതിന് ശേഷം ആഡംബര ജീവിതമാണ് ഇയാൾ നയിച്ചിരുന്നത്. ഇദ്ദേഹത്തിന്‍റെ 16 ലക്ഷ്വറി കാറുകളും കടലിനോട് അഭിമുഖമായ ബീച്ച് ബംഗ്ലാവും ഈയിടെ അന്വേഷണ സംഘം കണ്ടു കെട്ടിയിരുന്നു. ആന്ധ്ര, കേരളം, തമിഴ്‌നാട് എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്‍റെ പേരിൽ വഞ്ചനാ കേസുകളുണ്ട്.



 തിഹാർ ജയിലിൽ കഴിയവെയാണ് സുകേഷ് കോടികളുടെ തട്ടിപ്പ് നടത്തിയത്. ഫോർടിസ് ഹെൽത്ത് കെയർ പ്രമോട്ടർ ശിവിന്ദർ മോഹൻ സിങ്ങിന്‍റെ ഭാര്യ അദിതി സിങ്ങിനെയാണ് ഇയാൾ ഫോൺ വഴി ആദ്യം ബന്ധപ്പെട്ടത്. നിയമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനാണ് എന്ന് പരിചയപ്പെടുത്തിയ ശേഷം ജയിലിൽ കഴിയുന്ന ഭർത്താവിനെ ജാമ്യത്തിലിറക്കാൻ സഹായിക്കാം എന്ന് ഭാര്യയ്ക്ക് വാഗ്ദാനം നൽകുകയായിരുന്നു. ഇതിനായി അദിതിയിൽ നിന്ന് പണം തട്ടിയെടുക്കുകയും ചെയ്തു. കേസുമായി ബന്ധപ്പെട്ട് സുകേഷിന്‍റെ ഭാര്യ ലീന മരിയ പോള്‍ ഉള്‍പ്പെടെ എട്ട് പേരെ ഇ.ഡി അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News