നാഗാലാന്‍ഡ് വെടിവെയ്പ്പ്: ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നിര്‍ത്തിവെച്ചു

പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം ഉത്സവമായിരുന്നു

Update: 2021-12-07 12:37 GMT
Editor : ijas
Advertising

നാഗാലാന്‍ഡില്‍ സൈന്യത്തിന്‍റെ വെടിവെപ്പിൽ 14 ഗ്രാമീണർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പ്രശസ്തമായ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നിര്‍ത്തിവെച്ചു. മുഖ്യമന്ത്രി നൈഫ്യൂ റിയോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് പ്രതിഷേധ സൂചകമായി ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. സൈന്യത്തിന് അമിതാധികാരം നല്‍കുന്ന അഫ്സപ നിയമം പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ടൂറിസം ഉത്സവമായിരുന്നു. എല്ലാ വര്‍ഷവും ഡിസംബറിലാണ് നാഗാലാന്‍ഡില്‍ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ നടക്കാറുള്ളത്. കൊഹിമയില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെയുള്ള കിസാമ എന്ന നാഗാ ഗ്രാമത്തിലാണ് ഉത്സവം അരങ്ങേറുക. ഫെസ്റ്റിവലില്‍ നാഗാലാന്‍ഡിന്‍റെ തനതായ സംസ്‌കാരവും സാംസ്‌കാരിക പരിപാടികളുമെല്ലാം അടുത്തറിയാന്‍ അവസരം ലഭിക്കും. ഡിസംബര്‍ പത്തിന് അവസാനിക്കേണ്ട പരിപാടിയാണ് ഗ്രാമീണര്‍ക്കെതിരായ സൈന്യത്തിന്‍റെ വെടിവെപ്പിന്‍റെ പശ്ചാത്തലത്തില്‍ നേരത്തെ അവസാനിപ്പിച്ചത്. അടിയന്തരമായി ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്വേഷണം ഒരു മാസത്തിനുള്ളില്‍ തീര്‍ക്കാനും മന്ത്രിസഭാ യോഗം ആവശ്യപ്പെട്ടു.

ശനിയാഴ്ച രാത്രിയിലാണ് മോണ്‍ ജില്ലയില്‍ സൈന്യത്തിന്‍റെ വെടിയേറ്റ് 14 ഗ്രാമീണർ കൊല്ലപ്പെട്ടത്. വീട്ടിലേക്ക് ട്രക്കില്‍ മടങ്ങുകയായിരുന്ന ഖനി തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ആക്രമകാരികളെന്ന് സംശയിച്ച് ഗ്രാമീണർക്ക് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News