യോഗിക്ക് ഇഷ്ടവസ്ത്രം ധരിക്കാമെങ്കിൽ വിദ്യാർത്ഥികൾക്ക് എന്തുകൊണ്ട് ആയിക്കൂടാ: നഗ്മ
"കോളജിൽ പ്രതിഷേധിക്കുന്നവരിൽ തൊണ്ണൂറു ശതമാനവും പുറത്തുനിന്നുള്ളവരാണ്."
ഹിജാബ് വിവാദം ബിജെപിയുടെ സൃഷ്ടിയാണെന്ന് കോൺഗ്രസ് നേതാവും സിനിമാ താരവുമായ നഗ്മ. യോഗി ആദിത്യനാഥിനും പ്രഗ്യ സിങ്ങിനും അവരവരുടെ വേഷം അണിയാമെങ്കിൽ മറ്റുള്ളവര്‍ക്കും അതാകാമെന്ന് നഗ്മ പറഞ്ഞു. ജമ്മുവിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
'യോഗി ആദിത്യനാഥ് അദ്ദേഹത്തിന്റെ വേഷം അണിയുന്നുണ്ട്. പ്രഗ്യ സിങ്ങിനെ പോലുള്ള ബിജെപി എംപിമാരും അവരുടെ വസ്ത്രങ്ങൾ ധരിക്കുന്നു. മതവികാരത്തെ മാനിക്കേണ്ടതുണ്ട്. അത് അവരുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. എന്തു ധരിക്കണം, എന്തു പറയണം എന്നതെല്ലാം അവരവരുടെ സ്വാതന്ത്ര്യമാണ്. ബിജെപിയുടെ വികസന മുരടിപ്പിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണിത്. കോളജിൽ (കർണാടക) പ്രതിഷേധിക്കുന്നവരിൽ തൊണ്ണൂറു ശതമാനവും പുറത്തുനിന്നുള്ളവരാണ്. ഈ ഗുണ്ടകളെല്ലാം പുറത്തുനിന്നു വരുന്നവരാണ്. അതേക്കുറിച്ച് ഉത്കണ്ഠയുണ്ട്.' - അവർ പറഞ്ഞു.
പരസ്പരം ഒന്നിച്ചു നിൽക്കുന്നതാണ് ഇന്ത്യയുടെ പൈതൃകമെന്നും അവർ ചൂണ്ടിക്കാട്ടി. 'പാരസ്പര്യമാണ് രാജ്യത്തിന്റെ ചരിത്രം. ഈ രാജ്യത്തിനു വേണ്ടി എല്ലാ മതവിഭാഗങ്ങളും ചോര ചിന്തിയിട്ടുണ്ട്. ബിജെപി ഒഴികെ. സ്വാതന്ത്ര്യസമരത്തിൽ ബിജെപിക്ക് പങ്കില്ല. എന്റെ പ്രപിതാക്കൾ സ്വാതന്ത്ര്യസമര സേനാനികളായിരുന്നു. ബിജെപി രാജ്യത്തെ നശിപ്പിക്കുകയാണ്.' - നഗ്മ പറഞ്ഞു.
KARNATAKA HIJAB ROW: BIGOTRY DERAILS EDUCATION
— Mirror Now (@MirrorNow) February 9, 2022
General secretary of Congress @nagma_morarji has slammed the ban on hijab in schools and colleges in Karnataka. Speaking to @deepduttajourno she alleged that it was BJP's agenda to pull #Hijab as way to instigate Muslims. Listen in! pic.twitter.com/BUfchN8zUx
അതിനിടെ, കോളജുകളിലെ ഹിജാബ് വിലക്കിനെതിരെ വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികൾ കർണാടക ഹൈക്കോടതി തീർപ്പാക്കിയില്ല. വിഷയം വിശാലബഞ്ചിലേക്ക് വിടുകയാണെന്ന് കേസ് പരിഗണിച്ച സിംഗിൾ ബഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അറിയിച്ചു. ഇടക്കാല ഉത്തരവും വിശാല ബഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് ദീക്ഷിത് ഉത്തരവിൽ വ്യക്തമാക്കി.
വിധിക്കു പിന്നാലെ ബംഗളൂരുവിലെ കോളജുകളിലും സ്‌കൂളുകളിലും സർക്കാർ പ്രതിഷേധ പ്രകടനങ്ങൾ നിരോധിച്ചു. വിദ്യാലയങ്ങളുടെ 200 മീറ്റർ ചുറ്റളവിൽ രണ്ടാഴ്ചത്തേക്കാണ് നിരോധനം. ഉഡുപ്പിയിലെ സർക്കാർ പ്രീ-യൂനിവേഴ്സിറ്റി കോളജിലെ അഞ്ച് പെൺകുട്ടികൾ സമർപ്പിച്ച ഹരജികളാണ് ഹൈക്കോടതി പരിഗണിച്ചത്.