കോണ്‍ഗ്രസിലെത്തിയിട്ട് 18 വര്‍ഷം, എന്‍റെ അയോഗ്യത എന്താണ്? നഗ്മ
'കോൺഗ്രസിൽ ചേർന്നപ്പോൾ സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നു'
ഡല്‍ഹി: രാജ്യസഭാ സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ കോൺഗ്രസില്‍ അമർഷം പുകയുന്നു. രാജ്യസഭാ സീറ്റിലേക്ക് പരിഗണിക്കാത്തതിൽ നടിയും മഹിളാ കോൺഗ്രസ് നേതാവുമായ നഗ്മ പരസ്യമായി പ്രതിഷേധം അറിയിച്ചു. തന്‍റെ അയോഗ്യത എന്താണ് എന്നാണ് നഗ്മയുടെ ചോദ്യം. കോൺഗ്രസിൽ ചേർന്നപ്പോൾ തനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെന്നും നഗ്മ ട്വീറ്റ് ചെയ്തു-
''2003-04ൽ ഞാൻ കോൺഗ്രസിൽ ചേർന്നപ്പോൾ എനിക്ക് സോണിയാ ഗാന്ധി നേരിട്ട് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തതാണ്. ഇപ്പോൾ 18 വർഷമായി. എനിക്കെന്തുകൊണ്ട് രാജ്യസഭാ സീറ്റിന് അവകാശമില്ല?'' എന്നാണ് നഗ്മയുടെ ചോദ്യം.
രാജീവ് ശുക്ലയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിൽ ഛത്തീസ്‌ഗഢ് കോൺഗ്രസിലും എതിർപ്പുണ്ട്. സീറ്റ് ലഭിക്കാത്തതിൽ ജി 23 നേതാക്കളും അതൃപ്തിയിലാണ്. തിരുത്തൽവാദി നേതാക്കളിൽ നിന്ന് മുകുൾ വാസ്നിക്, വിവേക് തൻഹ എന്നിവർക്ക് അവസരം ലഭിച്ചപ്പോൾ ഗുലാം നബി ആസാദ്, ആനന്ദ് ശർമ എന്നിവരെ ഹൈക്കമാൻഡ് ആദ്യഘട്ട പട്ടികയിൽ പരിഗണിച്ചില്ല.
ഛത്തീസ്ഗഡ്, ഹരിയാന, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാൻ, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് 10 സ്ഥാനാർഥികളെ കോൺഗ്രസ് തീരുമാനിച്ചത്. തമിഴ്‌നാട്ടിൽ നിന്നുള്ള സ്ഥാനാർഥിയായി പി. ചിദംബരത്തെ തന്നെ കോൺഗ്രസ് ദേശീയ നേതൃത്വം തെരഞ്ഞെടുത്തു. രാഹുൽ ഗാന്ധിയുടെ വിശ്വസ്തരായ അജയ് മാക്കൻ, രൺദീപ് സിങ് സുർജേവാല എന്നിവരോടൊപ്പം നെഹ്റു കുടുംബത്തോട് കൂറ് പുലർത്തുന്ന ജയറാം രമേശ്, പ്രമോദ് തിവാരി എന്നിവരും പത്തംഗ പട്ടികയിൽ ഇടംപിടിച്ചു. സഖ്യകക്ഷിയായ ജാർഖണ്ഡ് മുക്തിമോർച്ചയുമായി ധാരണയാകാത്തതിനാൽ ജാർഖണ്ഡിൽ പ്രഖ്യാപനം നീട്ടിവച്ചിരിക്കുകയാണ്.
ചെറുപ്പക്കാർക്ക് സംഘടനയിലും പാർലമെന്‍ററി രംഗത്തും പാതി സംവരണം പ്രഖ്യാപിച്ചെങ്കിലും ഇമ്രാൻ പ്രതാപ് ഗഡിയും രഞ്ജീത് രഞ്ജനും മാത്രമാണ് 50 വയസിനു താഴെയുള്ളവർ. മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടും സീറ്റ് നിഷേധിച്ച ഹൈക്കമാൻഡ് തീരുമാനത്തിന് എതിരെ മുതിർന്ന നേതാക്കൾക്കും വിയോജിപ്പുണ്ട്.
Summary- Congress leader Nagma, who is the general secretary of the Mahila Congress, has said that her 18 years of penance has fallen short in front of Imran Prapthagiri from Uttar Pradesh, who was accommodated as a candidate from Maharashtra.