റോഡിലെ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ട കേസ്: സിദ്ദു കോടതിയിൽ കീഴടങ്ങി

34 വർഷം മുമ്പ് ഗുർനാം സിങ് എന്നയാൾ കൊല്ലപ്പെട്ട കേസിലാണ് സുപ്രിംകോടതി സിദ്ദുവിന് തടവ് ശിക്ഷ വിധിച്ചത്. ഗുർനാം സിങ്ങിന്റെ തലയിൽ സിദ്ദു അടിച്ചത് മരണത്തിന് കാരണമായെന്നാണ് കേസ്.

Update: 2022-05-20 11:50 GMT
Advertising

ന്യൂഡൽഹി: റോഡിലെ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ട കേസിൽ കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു പാട്യാല കോടതിയിൽ കീഴടങ്ങി. കേസിൽ കഴിഞ്ഞ ദിവസമാണ് സുപ്രിംകോടതി ഒരു വർഷത്തെ തടവിന് ശിക്ഷിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ കീഴടങ്ങാൻ കൂടുതൽ സമയം തേടി സിദ്ദു സുപ്രിംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹരജി അടിയന്തരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് വിസമ്മതിക്കുകയായിരുന്നു.

34 വർഷം മുമ്പ് ഗുർനാം സിങ് എന്നയാൾ കൊല്ലപ്പെട്ട കേസിലാണ് സുപ്രിംകോടതി സിദ്ദുവിന് തടവ് ശിക്ഷ വിധിച്ചത്. ഗുർനാം സിങ്ങിന്റെ തലയിൽ സിദ്ദു അടിച്ചത് മരണത്തിന് കാരണമായെന്നാണ് കേസ്. പട്യാലയിൽ 1988 ഡിംസബർ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. നടുറോഡിൽ വാഹനം പാർക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തിൽ വന്ന ഗുർനാം സിങ് എന്ന വ്യക്തി ചോദ്യം ചെയ്യുകയും തുടർന്ന് അടിപിടിയുണ്ടാകുകയും ചെയ്തു. സംഘർഷത്തിൽ പരിക്കേറ്റ ഗുർനാം മരിച്ചു. ഗുർനാം സിങ്ങിന്റെ തലയിൽ സിദ്ദു അടിച്ചുവെന്നും ഇതാണ് മരണകാരണമെന്നായിരുന്നു കേസ്. എന്നാൽ തന്റെ അടിയിലാണ് മരണം സംഭവിച്ചതെന്നതിന് തെളിവില്ലെന്നാണ് സിദ്ദു വാദിച്ചത്. 1999ൽ പഞ്ചാബിലെ സെഷൻസ് കോടതി ഈ കേസിൽ സിദ്ദുവിനെ കുറ്റവിമുക്തനാക്കി. തെളിവില്ലെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി.

ഇതിനെതിരെ മരിച്ചയാളുടെ ബന്ധുക്കൾ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കുകയും സിദ്ദുവിനെ മൂന്ന് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. തുടർന്ന് കേസ് സുപ്രിംകോടതിയിലെത്തി. 2018 ൽ സിദ്ദുവിന് 1000 രൂപ പിഴ ചുമത്തി കേസ് സുപ്രിംകോടതി തീർപ്പാക്കി. എന്നാൽ ഈ വിധിക്കെതിരെ മരിച്ച ഗുർനാം സിങ്ങിന്റെ കുടുംബം നൽകിയ പുനഃപരിശോധനാ ഹരജിയിലാണ് സുപ്രിംകോടതിയുടെ നടപടി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News