90 രൂപ ദിവസവേതനം; നവജ്യോത് സിദ്ദു ഇനിമുതല്‍ ജയില്‍ ക്ലര്‍ക്ക്

പുറത്തിറങ്ങാൻ അനുവാദമില്ലാത്തതിനാല്‍ സെല്ലിൽ ഇരുന്ന് തന്നെയാകും ജോലി ചെയ്യുക

Update: 2022-05-26 09:13 GMT
Editor : Lissy P | By : Web Desk
Advertising

പട്യാല: കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ ഒരാളെ ആക്രമിച്ചെന്ന കേസിൽ പട്യാല ജയിൽ കഴിയുന്ന പഞ്ചാബ് മുൻ കോൺഗ്രസ് അധ്യക്ഷനും ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു 90 രൂപ ദിവസ വേതനത്തിന് ക്ലര്‍ക്ക് ജോലിയില്‍ പ്രവേശിച്ചു. സിദ്ദുവിന് മൂന്ന് മാസത്തെ പരിശീലനം നൽകുകയും ദൈർഘ്യമേറിയ കോടതി വിധികൾ എങ്ങനെ ചുരുക്കാമെന്നും ജയിൽ രേഖകൾ ക്രോഡീകരിക്കാമെന്നും പഠിപ്പിക്കുകയും ചെയ്യുമെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു.

ജയിൽ മാനുവൽ പ്രകാരം സിദ്ദുവിന് ആദ്യത്തെ 90 ദിവസത്തേക്ക് ശമ്പളം ലഭിക്കില്ല. പരിശീലനം പൂർത്തിയാകുന്നതോടെ പ്രതിദിനം 40 രൂപ മുതൽ 90 രൂപ വരെ കൂലി ലഭിക്കും. തുടർന്ന് കഴിവിന്റെ അടിസ്ഥാനത്തിൽ വേതനം തീരുമാനിക്കുകയും വരുമാനം ബാങ്ക് അക്കൗണ്ടിലേക്ക് ഇട്ടുകൊടുക്കുകയും ചെയ്യും. പുറത്തിറങ്ങാൻ അനുവദിക്കാത്തതിനാൽ സെല്ലിൽ  ഇരുന്ന് തന്നെയാകും ജോലി ചെയ്യുക. ഫയലുകൾ സെല്ലിലേക്ക് നൽകും.

ചൊവ്വാഴ്ച മുതലാണ് സിദ്ദു  ക്ലര്‍ക്ക്  ജോലിയിൽ പ്രവേശിച്ചതെന്ന് ജയിൽ അധികൃതർ അറിയിച്ചു. രാവിലെയും ഉച്ചയ്ക്കുമായി രണ്ടു ഷിഫ്റ്റിലാണ് അദ്ദേഹം ജോലിചെയ്യുക.

അതേസമയം, സിദ്ദുവിനെ പാർപ്പിച്ചിരിക്കുന്ന ബാരക്കിനുള്ളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഞ്ച് വാർഡൻമാരോടും നാല് ജയിൽ തടവുകാരോടും സിദ്ദുവിനെ നിരീക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 1988ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. അടിപിടിയില്‍ പരിക്കേറ്റ ഗുര്‍ണാംസിങ് പിന്നീട് മരിച്ചു. കേസില്‍  കുറ്റക്കാരനാണെന്ന് കണ്ടെത്തിയ സുപ്രിംകോടതി സിദ്ദുവിനെ ഒരു വർഷത്തെ കഠിന തടവിന് വിധിക്കുകയായിരുന്നു. മെയ് 20 ന് പട്യാലയിലെ വിചാരണ കോടതിയിൽ അദ്ദേഹം കീഴടങ്ങി.

അതേസമയം, അമിതവണ്ണവും മെറ്റബോളിക് ഡിസോർഡറും കണ്ടെത്തിയ നവജ്യോത് സിംഗ് സിദ്ദുവിനായി മെഡിക്കൽ ബോർഡ് ഡയറ്റ് ചാർട്ട് തയ്യാറാക്കി. ഡയറ്റ് ചാർട്ട് ഇനിയും ജയിലിലേക്ക് എത്തിയിട്ടില്ല. സാലഡും ഫ്രൂട്ട് ഭക്ഷണവും കഴിച്ചാണ് സിദ്ധു ജീവിക്കുന്നത്. ഗോതമ്പിനോട് അലർജിയുണ്ടെന്ന് പറഞ്ഞ് ദാൽ റൊട്ടി കഴിക്കാൻ അദ്ദേഹം വിസമ്മതിച്ചിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News