രക്ഷാദൗത്യത്തിനായി നാവികസേനാ കപ്പൽ സുഡാനിലെത്തി: രണ്ട് വിമാനങ്ങൾ ജിദ്ദയിലും തയ്യാർ
വ്യോമസേനയും നാവികസേനയും രക്ഷാപ്രവർത്തനത്തിന് പൂർണ സജ്ജമാണെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്
ന്യൂഡൽഹി: സുഡാനിലെ രക്ഷാദൌത്യത്തിനായി നാവികസേനയുടെ കപ്പൽ ഐ എൻ എസ് സുമേധ പോർട്ട് സുഡാനിലെത്തി. വ്യോമസേനയുടെ രണ്ടു വിമാനങ്ങൾ ജിദ്ദയിലും തയ്യാറാണ്. സ്ഥിതി നിരീക്ഷിക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
രക്ഷാപ്രവർത്തനം എത്രയും വേഗം പൂർത്തിയാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. വ്യോമസേനയും നാവികസേനയും രക്ഷാപ്രവർത്തനത്തിന് പൂർണ സജ്ജമാണെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
സ്ഥിതി ഇപ്പോഴും സങ്കീർണമായി തുടരുകയാണ് എന്നതിനാൽ സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷമായിരിക്കും കൂടുതൽ നടപടികളിലേക്ക് നീങ്ങുക. ഇതിനാലാണ് കാലതാമസമെടുക്കുന്നത്. റോഡ് മാർഗമുള്ള രക്ഷാപ്രവർത്തനം സുരക്ഷിതമല്ലാത്തതിനാൽ ഈ വഴിക്കുള്ള നീക്കങ്ങളൊന്നും നടത്താൻ ഇപ്പോൾ മന്ത്രാലയത്തിന് തീരുമാനമില്ല.
സാഹസികമായി മറ്റിടങ്ങളിലേക്ക് നീങ്ങരുതെന്ന് വിദേശകാര്യമന്ത്രാലയം ഇന്ത്യക്കാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർ എന്ത് പ്രശ്‌നമുണ്ടായാലും എംബസിയുമായി ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിക്കുന്നു.