വിദ്വേഷം പരത്തുന്ന ഷോകള്‍ നീക്കം ചെയ്യുക; മുഖ്യധാരാ ചാനലുകളോട് ബ്രോഡ്കാസ്റ്റിംഗ് പോർട്ടൽ

മാധ്യമ റിപ്പോര്‍ട്ടിംഗില്‍ വര്‍ഗീയ വിവരണങ്ങളും വിദ്വേഷ പ്രസംഗങ്ങളും ഒഴിവാക്കേണ്ടതിന്റെ ആവശ്യകത അതോറിറ്റി ചൂണ്ടിക്കാട്ടി

Update: 2024-03-02 07:22 GMT
Advertising

ഡല്‍ഹി: വിദ്വേഷവും സാമുദായിക പൊരുത്തക്കേടും പ്രചരിപ്പിച്ചതിന് കഴിഞ്ഞ രണ്ട് വര്‍ഷമായി സംപ്രേക്ഷണം ചെയ്ത പരിപാടികളുടെ വീഡിയോകള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ട് ബ്രോഡ്കാസ്റ്റിംഗ് ആന്‍ഡ് ഡിജിറ്റല്‍ സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി. ന്യൂസ് 18 ഇന്ത്യ, ടൈംസ് നൗ നവഭാരത്, ആജ് തക് എന്നീ വാര്‍ത്താ ചാനലുകളോടാണ് ഉത്തരവ്.

വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ ജസ്റ്റിസ് എ.കെ. സിക്രി, എന്‍.ബി.ഡി.എസ്.എ എന്നിവരാണ് ഉത്തരവിട്ടത്.

മുസ്ലിംങ്ങളെ ലക്ഷ്യം വച്ചുള്ള പരിപാടികള്‍ക്കും മതങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളെ 'ലവ് ജിഹാദ്' എന്ന് വിശേഷിപ്പിച്ചതിനും പ്രശസ്ത ടൈംസ് ഗ്രൂപ്പിന്റെ ഭാഗമായ ടൈംസ് നൗ നവഭാരതിന് ഒരു ലക്ഷം രൂപ പിഴ ചുമത്തി. ശ്രദ്ധ വാക്കര്‍ വധക്കേസ് പോലുള്ള സംഭവങ്ങളെ 'ലവ് ജിഹാദ്' ആയി വര്‍ഗീയവല്‍ക്കരിക്കുന്ന മുകേഷ് അംബാനിയുടെ ഗ്രൂപ്പിന് കീഴിലുള്ള ന്യൂസ് 18 ഇന്ത്യയുടെ ഷോകള്‍ക്ക് 50,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്. ഇന്ത്യാ ടുഡേ ഗ്രൂപ്പിന്റെ ഭാഗമായ ആജ് തക്കിന് രാമനവമി സമയത്ത് അക്രമ പ്രവര്‍ത്തനങ്ങള്‍ സാമാന്യവല്‍ക്കരിച്ചുള്ള പരിപാടി പ്രദര്‍ശിപ്പിച്ചതിന് താക്കീത് നല്‍കുകയും ചെയ്തു.

ബ്രോഡ്കാസ്റ്റിംഗ് മാനദണ്ഡങ്ങളായ നിഷ്പക്ഷത, വസ്തുനിഷ്ഠത, കൃത്യത എന്നിവയുടെ ലംഘനം ചൂണ്ടിക്കാട്ടി ആക്ടിവിസ്റ്റ് ഇന്ദ്രജീത് ഘോര്‍പഡെ നല്‍കിയ പരാതിയിലാണ് എന്‍.ബി.ഡി.എസ്.എയുടെ നടപടികള്‍.

മാധ്യമ റിപ്പോര്‍ട്ടിംഗില്‍ വര്‍ഗീയ വിവരണങ്ങളും വിദ്വേഷ പ്രസംഗങ്ങളും ഒഴിവാക്കേണ്ടതിന്റെ ആവശ്യകത അതോറിറ്റി ഊന്നിപ്പറഞ്ഞു.

Tags:    

Writer - ഫായിസ ഫർസാന

contributor

Editor - ഫായിസ ഫർസാന

contributor

By - Web Desk

contributor

Similar News