ആര്യന്‍ ഖാന്‍റെ ലെന്‍സ് കെയ്സില്‍ മയക്കുമരുന്ന്; പ്രതികള്‍ സാനിറ്ററി പാഡിനുള്ളിലും ലഹരിമരുന്ന് ഒളിപ്പിച്ചെന്ന് എന്‍സിബി

1.33 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടിയതായി എൻസിബി കോടതിയെ അറിയിച്ചു.

Update: 2021-10-04 05:39 GMT
Advertising

മുംബൈയിലെ ആഡംബര കപ്പലില്‍ നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന്‍റെ അളവ് വെളിപ്പെടുത്തി നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. 13 ഗ്രാം കൊക്കെയ്​നും 21 ഗ്രാം ചരസും 22 എംഡിഎംഎ ഗുളികകളും അഞ്ച് ഗ്രാം എംഡിയുമാണ് പിടിച്ചെടുത്തത്. 1.33 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടിയതായി എൻസിബി കോടതിയെ അറിയിച്ചു.

ലഹരിപ്പാര്‍ട്ടി കേസില്‍ അറസ്റ്റിലായ ആര്യൻ ഖാന്‍റെ ലെൻസ്​ കെയ്സില്‍ നിന്നാണ്​ മയക്കുമരുന്ന്​ കണ്ടെത്തിയതെന്ന് എൻ.സി.ബി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. കേസിലെ മറ്റു പ്രതികളുടെ സാനിറ്ററി പാഡിലും മരുന്ന്​ ബോക്സിലും ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ കണ്ടെടുത്തു. ആര്യനും സുഹൃത്തുക്കളും ലഹരിമരുന്ന് വാങ്ങിയതിനും വിറ്റതിനും തെളിവുണ്ടെന്നും എൻസിബി കോടതിയില്‍ പറഞ്ഞു.


ആര്യൻ ഖാനാണ് കേസിലെ ഒന്നാം പ്രതി. ആര്യനെയും രണ്ട് സുഹൃത്തുക്കളെയും മുംബൈ കോടതി ഒരു ദിവസത്തേക്ക് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കസ്റ്റഡിയിൽ വിട്ടു. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് ആര്യനടക്കം എട്ട് പേരുടെ അറസ്റ്റ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രേഖപ്പെടുത്തിയത്.

ബോളിവുഡ്, ഫാഷൻ, ബിസിനസ് മേഖലകളിലെ ആളുകളുമായി മൂന്ന് ദിവസത്തെ 'സംഗീത യാത്ര'യ്ക്കായി പുറപ്പെട്ട കോര്‍ഡീലിയ ആഡംബര കപ്പലിലാണ് എന്‍സിബി സംഘം റെയ്ഡ് നടത്തിയത്. കപ്പലില്‍ നിരോധിത മയക്കുമരുന്നുകള്‍ ഉണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. എന്‍സിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെയുടെ നേതൃത്വത്തിലുള്ള എൻസിബി ഉദ്യോഗസ്ഥർ യാത്രക്കാരുടെ വേഷത്തില്‍ കപ്പലിൽ കയറുകയായിരുന്നു. കപ്പൽ മുംബൈ തീരം വിട്ട് നടുക്കടലിൽ എത്തിയതോടെയാണ് ലഹരിപ്പാർട്ടി ആരംഭിച്ചത്. മുംബൈയിൽ നിന്ന് പുറപ്പെട്ട് അറബിക്കടലിൽ യാത്ര ചെയ്ത ശേഷം ഒക്ടോബർ 4ന് രാവിലെ മടങ്ങേണ്ടിയിരുന്ന കപ്പലിലെ 13 പേരാണ് പിടിയിലായത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News