ചെളിവെള്ളത്തിൽ തലകുത്തി പുഷ് അപ്പ്; എൻ.സി.സി പരിശീലനത്തിനിടെ ക്രൂരമർദനം, വീഡിയോ പുറത്ത്
അടിയേറ്റ് ജൂനിയർ കേഡറ്റുമാർ ചെളിവെള്ളത്തിലേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്
മുംബൈ: എൻസിസി പരിശീലനത്തിനിടയിൽ ജൂനിയർ കേഡറ്റുമാർക്ക് സീനിയർ കേഡറ്റുമാരുടെ ക്രൂരമർദനം. മഹാരാഷ്ട്രയിലെ താനെയിലെ ജോഷി ബേഡേക്കർ കോളേജിലാണ് വിദ്യാർഥികളെ മർദിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിലും വൈറലായി. ചെളി വെള്ളത്തിൽ തലകുത്തി പുഷ് അപ്പ് ചെയ്യിപ്പിക്കുകയും ഇവരെ പിറകിൽ നിന്ന് വടികൊണ്ട് ക്രൂരമായി മർദിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
കോളജിന്റെ ജനാലയിൽ നിന്ന് മറ്റൊരു വിദ്യാർഥിയാണ് മർദനത്തിന്റെ വീഡിയോ ചിത്രീകരിച്ചത്. അടിയേറ്റ് ജൂനിയർ കേഡറ്റുമാർ ചെളിവെള്ളത്തിലേക്ക് വീഴുന്നതും ദൃശ്യങ്ങളിലുണ്ട്. കൈകൾ പിന്നിലേക്ക് കെട്ടിയാണ് പുഷ് അപ്പ് ചെയ്യിപ്പിക്കുന്നത്.
അതേസമയം, പുഷ് അപ്പ് ചെയ്യിക്കുന്നത് അധ്യാപകനല്ലെന്നാണ് കോളജ് പ്രിൻസിപ്പൽ സുചിത്ര നാക്കിന്റെ വിശദീകരണം. എൻ.സി.സി ചുമതലയുള്ള അധ്യാപകൻ ഇല്ലാത്ത സമയത്താണ് ഈ മർദനം നടന്നതെന്നും ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. ജൂനിയർ കേഡറ്റുമാരെ മർദിച്ച വിദ്യാർഥിക്കെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചതായും കഴിഞ്ഞ 40 വർഷമായി എൻ.സിസി ഇവിടെ നല്ല രീതിയിലാണ് പ്രവർത്തിച്ചുവരുന്നതെന്നും അവർ വ്യക്തമാക്കി.