'യു.പിയില്‍ അടിതെറ്റിയത് അവിടെ'; ബി.ജെ.പി നേതൃത്വത്തിനു മുന്നില്‍ കണക്കുനിരത്തി എന്‍.ഡി.എ ഘടകകക്ഷികള്‍

70 ശതമാനത്തോളം ഒ.ബി.സി കുര്‍മി വോട്ടുകള്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിലേക്കു മറിഞ്ഞിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍

Update: 2024-07-05 09:29 GMT
Editor : Shaheer | By : Web Desk
Advertising

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ എന്തു സംഭവിച്ചുവെന്നു തലപുകഞ്ഞ് ആലോചിക്കുകയാണ് ബി.ജെ.പി. എവിടെയാണു പാര്‍ട്ടി കണക്കുകൂട്ടലുകള്‍ പാളിയതെന്നാണു കേന്ദ്ര-സംസ്ഥാന നേതൃത്വം അന്വേഷിക്കുന്നത്. ഇതിനിടെ പരാജയത്തിന്റെ കാരണങ്ങള്‍ നിരത്തി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു കത്തെഴുതിയിരിക്കുകയാണ് എന്‍.ഡി.എ ഘടകകക്ഷിയായ അപ്‌നാദള്‍ നേതാവും കേന്ദ്ര മന്ത്രിയുമായ അനുപ്രിയ പട്ടേല്‍.

ബി.ജെ.പിയുടെ സംവരണ വിരുദ്ധ നയമാണു തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതെന്നാണ് അനുപ്രിയ ചൂണ്ടിക്കാട്ടിയത്. ഒ.ബി.സി വോട്ടുകള്‍ ഭീകരമായ തോതില്‍ പ്രതിപക്ഷത്തേക്കു ചോര്‍ന്നെന്നാണ് അവര്‍ പറയുന്നത്. അപ്‌നാദളിനു പുറമെ മറ്റു സഖ്യകക്ഷികളായ നിഷാദ് പാര്‍ട്ടിയും ഓം പ്രകാശ് രാജ്ഭറിന്റെ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടിയുമെല്ലാം ഇതേ ആശങ്ക പരസ്യമാക്കി രംഗത്തെത്തിക്കഴിഞ്ഞു.

എന്‍.ഡി.എ അധികാരത്തിലേറിയാല്‍ സംവരണം ഇല്ലാതാക്കുമെന്ന പ്രചാരണം പട്ടികജാതി, പട്ടിക വര്‍ഗ, ഒ.ബി.സി വിഭാഗങ്ങള്‍ക്കിടയില്‍ ഭീതി സൃഷ്ടിച്ചിരുന്നു. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യാ മുന്നണിക്കു വോട്ട് ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചതില്‍ പ്രധാന ഘടകം അതുതന്നെണെന്നാണ് അനുപ്രിയ പട്ടേല്‍ യോഗിക്ക് എഴുതിയ കത്തില്‍ ചൂണ്ടിക്കാട്ടിയത്. കിഴക്കന്‍-മധ്യ യു.പിയില്‍ അപ്‌നാദളിന്റെ കരുത്തായ കുര്‍മി വിഭാഗമെല്ലാം മറ്റു പാര്‍ട്ടികളിലേക്കു ചേക്കേറാന്‍ തുടങ്ങിയ കാര്യവും അവര്‍ സൂചിപ്പിച്ചിരുന്നു.

മിര്‍സാപൂരിലെ സ്വന്തം തട്ടകത്തില്‍ അനുപ്രിയയുടെ വോട്ട് വന്‍ തോതില്‍ ചോര്‍ന്നിരുന്നു. 2019ല്‍ ലഭിച്ച 2.9 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 37,810 ആയി കുത്തനെ ഇടിയുകയായിരുന്നു. മിര്‍സാപൂരിനു പുറമെ റോബര്‍ട്‌സ്ഗഞ്ചിലായിരുന്നു പാര്‍ട്ടി മത്സരിച്ചിരുന്നത്. ഇവിടെ 1.29 വോട്ടിനാണ് അപ്‌നാദള്‍ സ്ഥാനാര്‍ഥി ഇത്തവണ തോറ്റത്. ഇതിനു പുറമെ നിഷാദ് പാര്‍ട്ടി നേതാവ് സഞ്ജയ് നിഷാദിന്റെ മകന്‍ പ്രവീണ്‍ സന്ത് കബീര്‍ നഗറിലും എസ്.ബി.എസ്.പിയുടെ രാജ്ഭറിന്റെ മകന്‍ അരവിന്ദ് ഘോസിയിലും തോറ്റിരുന്നു.

യു.പിയില്‍നിന്ന് പാര്‍ലമെന്റിലെത്തിയ ഒ.ബി.സി അംഗങ്ങളുടെ കാര്യത്തിലും ഇത്തവണ റെക്കോര്‍ഡിട്ടിരുന്നു. 34 ഒ.ബി.സി എം.പിമാരാണു പുതിയ ലോക്‌സഭയിലുള്ളത്. ഇതില്‍ 21 പേരും പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്നാണെന്നതാണു ശ്രദ്ധേയം. യാദവന്മാര്‍ കഴിഞ്ഞാല്‍ ഏറ്റവും വലിയ ഒ.ബി.സി വിഭാഗമായ കുര്‍മികളില്‍നിന്ന് ഏഴു പേരാണു പ്രതിപക്ഷനിരയില്‍ വിജയിച്ചത്. എസ്.പിയുടെ അഞ്ച് യാദവ എം.പിമാര്‍ക്കു പുറമെ മൂന്ന് പട്ടേലുമാര്‍, രണ്ട് നിഷാദുമാര്‍, രണ്ടു വീതം വര്‍മമാരും കുഷ്‌വാഹമാരും രാജ്ഭറുമാരും ലോധിമാരും പ്രതിപക്ഷ നിരയിലുണ്ട്. യാദവേതര ഒ.ബി.സികളെയും ജാതവേതര ദലിതുകളെയും കൂട്ടുപിടിച്ചായിരുന്നു 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും യു.പിയില്‍ ബി.ജെ.പി വന്‍ മുന്നേറ്റമുണ്ടാക്കിയത്. ഇത്തവണ ആ സമവാക്യമെല്ലാം പൊളിയുന്നതാണു കണ്ടത്.

ഈ മാറ്റം സഖ്യകക്ഷികള്‍ ഉള്‍പ്പെടെ എല്ലാവരെയും ബാധിച്ചിട്ടുണ്ടെന്നാണ് ഒരു ബി.ജെ.പി നേതാവ് 'ഇന്ത്യന്‍ എക്‌സ്പ്രസി'നോട് വെളിപ്പെടുത്തിയത്. മധ്യ-കിഴക്കന്‍ യു.പിയില്‍ കരുത്തനായൊരു കുര്‍മി നേതാവിനെ ഉയര്‍ത്തിക്കാണിക്കാത്തത് പാര്‍ട്ടിക്കു തിരിച്ചടിയായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെല്ലാം കുര്‍മി നേതാക്കള്‍ക്കു പദവി നല്‍കിയിട്ടുണ്ടെന്നുമാണ് ബി.ജെ.പി നേതാവ് വാദിച്ചത്.

നരേന്ദ്ര മോദിയുടെ വാരാണസിയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ നിര്‍ണായക ശക്തിയാണ് കുര്‍മികള്‍ എന്നതും ശ്രദ്ധേയമാണ്. 2012ല്‍ അനുപ്രിയ പട്ടേല്‍ ആദ്യമായി എം.എല്‍.എയായ റോഹാനിയയും സേവാപുരിയുമാണ് ഈ രണ്ടു മണ്ഡലങ്ങള്‍. ഇത്തവണ മോദിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതില്‍ കുര്‍മികള്‍ക്കും വലിയ പങ്കുണ്ടെന്ന് ഇതിനോട് ചേര്‍ത്തുവായിക്കാവുന്നതാണ്.

70 ശതമാനത്തോളം ഒ.ബി.സി കുര്‍മി വോട്ടുകള്‍ എസ്.പി-കോണ്‍ഗ്രസ് സഖ്യത്തിലേക്കു മറിഞ്ഞിട്ടുണ്ടെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ബുന്ദേല്‍ഖണ്ഡ് മേഖലയിലും മധ്യ യു.പിയിലും ഒ.ബി.സി ശാക്യ വോട്ടര്‍മാര്‍ ബി.ജെ.പിയെ പിന്തുണച്ചില്ല. ഇതിനു പുറമെ ഒ.ബി.സിയില്‍പെട്ട മൗര്യ, സൈനി വിഭാഗങ്ങളിലെ വലിയ ശതമാനം വോട്ടുകളും പ്രതിപക്ഷത്തേക്കു ചോര്‍ന്നെന്നും ഇന്‍ഡ്യ സഖ്യം ഉയര്‍ത്തിയ ഭരണഘടനാ സംരക്ഷണ മുദ്രാവാക്യമാണ് ഒ.ബി.സി വോട്ടര്‍മാരെ വീഴ്ത്തിയതെന്നുമെല്ലാമാണ് ബി.ജെ.പി വിലയിരുത്തല്‍.

Summary: 'Anti-reservation policy backfired in UP'; NDA allies, including Apna Dal, NISHAD Party and SBSP, write to BJP leadership

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News