'ദയവു ചെയ്ത് സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കണം'; ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതി വനിതാ അഭിഭാഷക
'ഒരു നാപ്കിൻ വേണമെന്ന് തോന്നിയപ്പോൾ കോടതി ഡിസ്‌പെൻസറിയിൽ എത്തിയെന്നും എന്നാൽ അവിടെയില്ലെന്ന് ഫാർമസിസ്റ്റ് അറിയിക്കുകയും ചെയ്തു'
ഡൽഹി: കോടതി വളപ്പിൽ വെൻഡിംഗ് മെഷീനുകളിലൂടെയോ മറ്റേതെങ്കിലും രീതിയിലൂടെയോ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കാൻ നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് വനിതാ അഭിഭാഷക ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു.
കോടതി ഡിസ്‌പെൻസറിയിൽ പോലും നാപ്കിനുകൾ ഇല്ലെന്നും അഭിഭാഷക നൽകിയ കത്തിൽ പറയുന്നു. 'ആഗസ്റ്റ് 1 മുതൽ താൻ ഹൈക്കോടതിയിലെ അഭിഭാഷകന്റെ കീഴിലാണ് ജോലി ചെയ്യുന്നത്. ഒരു നാപ്കിൻ വേണമെന്ന് തോന്നിയപ്പോൾ കോടതി ഡിസ്‌പെൻസറിയിൽ എത്തിയെന്നും എന്നാൽ അവിടെയില്ലെന്ന് ഫാർമസിസ്റ്റ് അറിയിക്കുകയും ചെയ്തു. അദ്ദേഹം എന്നെ എത്തിയ ഒരു വനിതാ ടെക്‌നീഷ്യന്റെ അടുത്തേക്ക് പറഞ്ഞയക്കുകയും ചെയ്തതായി അഭിഭാഷകയുടെ കത്തിൽ വിശദീകരിക്കുന്നു.
'അവരെ സമീപിച്ചപ്പോൾ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ നാപ്കിൻ ലഭ്യമാകുമെന്ന് പറഞ്ഞു. തുടർന്ന് ഞാൻ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിൽ പോയി ശുചീകരണ വിഭാഗത്തിലെ വനിതാജീവനക്കാരെ കണ്ടു. അവിടുന്നും നാപ്കിൻ കിട്ടിയില്ല. ഇത് തനിക്ക് ഏറെ നാണക്കേടും പ്രയാസവും ഉണ്ടാക്കിയെന്നു ചീഫ് ജസ്റ്റിന് എഴുതിയ കത്തിൽ പറയുന്നു.
'അതിനാൽ ദയവുചെയ്ത് ഡൽഹി ഹൈക്കോടതിയിൽ വെൻഡിംഗ് മെഷീൻ വഴിയോ മറ്റോ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു, ''അവർ എഴുതി.
2018 ഏപ്രിലിൽ ഡൽഹി ഹൈക്കോടതിയിലെ അന്നത്തെ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഗീതാ മിത്തൽ കോടതി കെട്ടിടത്തിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കാൻ മുൻകൈ എടുത്തിരുന്നു.