പൂച്ചകൾക്കും രാജ്യത്ത് പ്രവേശിക്കണമെങ്കിൽ കോവിഡ് ടെസ്റ്റ് വേണം; ഇല്ലെങ്കിൽ പണി പാളും
മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുൻപ് കോവിഡ് ടെസ്റ്റ് ചെയ്യണമെന്നാണ് നിർദ്ദേശം
പൂച്ചകൾ, സിംഹങ്ങൾ തുടങ്ങിയ മൃഗങ്ങളെ മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന് മുൻപ് കോവിഡ് ടെസ്റ്റ് ചെയ്യണമെന്ന് നിർദ്ദേശം. കേന്ദ്ര സർക്കാർ ജൂൺ 30നാണ് ഇതുസംബന്ധിച്ചുള്ള നിർദ്ദേശം ഇന്ത്യയിലുടനീളമുള്ള കസ്റ്റംസ് അധികൃതർക്ക് നൽകിയത്.
പൂച്ചകളെ പോലുള്ള വളർത്തു മൃഗങ്ങളെ ഇന്ത്യയിലേക്ക് കൊണ്ട് വരുന്ന പ്രവാസികൾക്കും ഉത്തരവ് ബാധകമാണ്. ആവശ്യമായ സർട്ടിഫിക്കറ്റുകൾ ഇല്ലാതെ വന്യമൃഗങ്ങളെ കൊണ്ടുവരുന്നത് കസ്റ്റംസ് അധികൃതർ കണ്ടെത്തിയാൽ, ആ മൃഗത്തെ അവയെ കൊണ്ടുവന്ന രാജ്യത്തേക്ക് തിരിച്ചയക്കുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.
പൂച്ച വർഗത്തിൽപ്പെട്ട കടുവ, സിംഹം, പുള്ളിപ്പുലി, പ്യൂമ തുടങ്ങിയ മൃഗങ്ങളേ കൂടാതെ ഗോറില്ലയ്ക്കും കോവിഡ് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയതാണ്. ചെന്നൈയിലെ മൃഗശാലയിൽ ഒൻപത് സിംഹങ്ങൾക്ക് കഴിഞ്ഞ മാസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവയിൽ മൂന്ന് സിംഹങ്ങൾ ചത്തുപോയതായും റിപ്പോർട്ട് വന്നിരുന്നു. ഇന്ത്യയിലും സിംഹങ്ങൾക്കടക്കം കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു.