പ്രതിസന്ധി ഒഴിയാതെ പഞ്ചാബ് കോണ്‍ഗ്രസ്; സിദ്ദുവിനെയും ഛന്നിയെയും ഒരുമിച്ച് മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡ്
സംസ്ഥാനത്തെത്തുന്ന താരപ്രചാരകരുടെ പട്ടികയിൽ നിന്ന് ചില മുതിർന്ന നേതാക്കളെ ഒഴിവാക്കിയതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്
തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കുമ്പോഴും പഞ്ചാബ് കോൺഗ്രസിലെ പ്രതിസന്ധി ഒഴിയുന്നില്ല . സിദ്ദുവിനെയും ഛന്നിയെയും ഒരുമിച്ച് മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാണിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡ് നിലപാട്. സംസ്ഥാനത്തെത്തുന്ന താരപ്രചാരകരുടെ പട്ടികയിൽ നിന്ന് ചില മുതിർന്ന നേതാക്കളെ ഒഴിവാക്കിയതും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.
പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർഥിയായി രണ്ട് പേരുണ്ടാകുമെന്ന അഭ്യൂഹം ഹൈക്കമാൻഡ് തള്ളുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ നാളെ ലുഥിയാനയിലെത്തുന്ന രാഹുൽ ഗാന്ധി മുഖ്യമന്ത്രി സ്ഥാനാർഥിയായി ഒരേയൊരു പേരായിരിക്കും പ്രഖ്യാപിക്കുക. അഭിപ്രായ സർവേയിൽ നിലവിലെ മുഖ്യമന്ത്രി ചരൺജിത്ത് സിങ് ഛന്നിയാണ് മുന്നിലെങ്കിലും പി. സി.സി പ്രസിഡന്‍റ് നവ്ജോത് സിങ് സിദ്ദുവിനും പിന്തുണ ഒട്ടും കുറവല്ല .
അനധികൃത മണൽക്കടത്ത് കേസിൽ മരുമകൻ ഭൂപീന്ദർ എസ് ഹണിയെ ഇഡി അറസ്റ്റ് ചെയ്തത് ഛന്നിക്ക് തിരിച്ചടിയായേക്കും. അഴിമതിക്കാരനായ ആരെയെങ്കിലും മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയാൽ പാർട്ടിയെ ജനം തള്ളിക്കളയുമെന്ന് ഛന്നിയെ ലക്ഷ്യമിട്ട് സിദ്ദു തന്നെ പരസ്യ വിമർശനം ഉന്നയിച്ച് കഴിഞ്ഞു. ഛന്നിക്കെതിരായ അകാലിദൾ, ആം ആദ്മി പാർട്ടി ആരോപണങ്ങൾക്ക് പരോക്ഷമായി പിന്തുണ നൽകുന്നതാണ് സിദ്ദുവിന്‍റെ നിലപാട്. നേതൃത്വത്തിനെതിരായ സിദ്ദുവിന്‍റെ പരസ്യ വിമർശനങ്ങളോട് ഹൈക്കമാൻഡിനും അതൃപ്തിയുണ്ടെന്നാണ് സൂചന .
അതിനിടെ പഞ്ചാബിൽ നിന്നുള്ള എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ മനീഷ് തിവാരിയെ പഞ്ചാബിലെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. കോൺഗ്രസിന്‍റെ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ രഹസ്യമല്ലെന്നായിരുന്നു മനീഷ് തിവാരിയുടെ പ്രതികരണം. ഗുലാം നബി ആസാദിനെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും ജി - 23 നേതാക്കളായ ആനന്ദ് ശർമ്മ, ഭൂപീന്ദർ സിങ് ഹൂഡ എന്നിവർ താരപ്രചാരകരുടെ പട്ടികയിൽ ഇടം നേടി.