ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളിയുടെ മോചനത്തിനായി സമരം നയിച്ച ബി.ജെ.പി നേതാവ്; പുതിയ ഒഡിഷ മുഖ്യമന്ത്രി 'നിസ്സാരക്കാരനല്ല'

മുസ്‌ലിം വിദ്വേഷത്തിനു പേരുകേട്ട സുദര്‍ശന്‍ ടി.വി എഡിറ്റര്‍ സുരേഷ് ചാവങ്കെയ്‌ക്കൊപ്പമായിരുന്നു മോഹന്‍ ചരണ്‍ മാജി സമരം നയിച്ചത്

Update: 2024-06-14 17:10 GMT
Editor : Shaheer | By : Web Desk
Advertising

ഭുവനേശ്വര്‍: ആര്‍.എസ്.എസില്‍ സമര്‍പ്പിക്കപ്പെട്ട കൗമാരം. പഠനവും അതുകഴിഞ്ഞ് അധ്യാപനവും സംഘ്പരിവാര്‍ സ്‌കൂളിലും പരിശീലന കളരികളിലും. ബി.ജെ.പിയിലൂടെ സര്‍പഞ്ചായും നിയമസഭാ സാമാജികനായും രാഷ്ട്രീയത്തില്‍ സജീവം. ഒടുവില്‍ ഒഡിഷയുടെ ആദ്യത്തെ ബി.ജെ.പി മുഖ്യമന്ത്രിയും. ജൂണ്‍ 12ന് ഒഡിഷയുടെ 12-ാമത് മുഖ്യമന്ത്രിയായി അധികാരമേറ്റ മോഹന്‍ ചരണ്‍ മാജിയുടെ രാഷ്ട്രീയ പശ്ചാത്തലമാണിതെല്ലാം.

പക്ഷേ, രണ്ടുവര്‍ഷംമുന്‍പ് ഒരു സമരത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു മാജി. 1999ല്‍ ഒഡിഷയിലെ കണ്ഡമാലില്‍ ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തകന്‍ ഗ്രഹാം സ്റ്റെയിന്‍സിന്റെയും രണ്ടു മക്കളുടെയും ജീവനെടുത്ത കൊലയാളിയുടെ മോചനം ആവശ്യപ്പെട്ടു നടന്ന പ്രക്ഷോഭത്തിന്റെ മുഖമായിരുന്നു മോഹന്‍ ചരണ്‍ മാജി. മുസ്‌ലിം വിദ്വേഷത്തിനു പേരുകേട്ട സുദര്‍ശന്‍ ടി.വി എഡിറ്റര്‍ സുരേഷ് ചാവങ്കെയ്‌ക്കൊപ്പമായിരുന്നു ആ സമരം. സ്റ്റെയിന്‍സിനെയും മക്കളെയും ചുട്ടുകരിച്ച കേസില്‍ മുഖ്യപ്രതിയായ ബജ്‌റങ്ദള്‍ പ്രവര്‍ത്തകന്‍ ദാരാ സിങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇയാളെ പാര്‍പ്പിച്ചിരുന്ന ഒഡിഷയിലെ കെന്ദുജാര്‍ ജയിലിനു മുന്നിലായിരുന്നു ആ ധര്‍ണ നടന്നത്.

ദാരാ സിങ്ങിന്റെ മോചനം ആവശ്യപ്പെട്ട് വര്‍ഷങ്ങളായി സമരപരിപാടികളുമായി സജീവമാണ് സുരേഷ് ചാവങ്കെ. 2022 സെപ്റ്റംബറില്‍ ദാരായെ കാണാനായി കെന്ദുജാര്‍ ജയിലിലെത്തിയ ചാവങ്കെയ്ക്ക് അധികൃതര്‍ അനുമതി നിഷേധിച്ചു. പ്രതിയെ കാണാന്‍ കുടുംബത്തിനും അഭിഭാഷകര്‍ക്കും മാത്രമേ അനുമതിയുള്ളൂവെന്നായിരുന്നു ജയിലധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍, മോഹന്‍ ചരണ്‍ മാജിയുടെ നേതൃത്വത്തില്‍ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ചാവങ്കയെ കൂട്ടി ജയിലിനു മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിക്കുകയാണു തുടര്‍ന്നു ചെയ്തത്. ആ സമയത്ത് ഒഡിഷ നിയമസഭയില്‍ ബി.ജെ.പി ചീഫ് വിപ്പായിരുന്നു മാജി. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ദാരാ സിങ്ങിനെ പിന്തുണയുമായി മുന്നോട്ടുപോകാന്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ആരംഭിക്കുമെന്നാണ് അന്ന് അദ്ദേഹം വ്യക്തമാക്കിയത്.


ഒഡിഷയില്‍ കുഷ്ഠരോഗികളെ പരിചരിക്കാനായി ആശുപത്രി നിര്‍മിച്ച് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്നു ഗ്രഹാം സ്റ്റെയിന്‍സും ഭാര്യയും. 1999 ജനുവരി 22. കടുത്ത തണുപ്പുള്ള രാത്രിയില്‍ സ്റ്റെയിന്‍സും മക്കളും വാഹനത്തില്‍ തന്നെ ഉറങ്ങാന്‍ തീരുമാനിച്ചു. വിവരമറിഞ്ഞെത്തിയ ബജ്‌റങ്ദള്‍ പ്രവര്‍ത്തകര്‍ വാഹനത്തിനു തീയിട്ടു. മിനിറ്റുകള്‍കൊണ്ട് അദ്ദേഹം മക്കളും വെന്തുമരിച്ചു.

അന്ന് ദാരാ സിങ്ങായിരുന്നു ബജ്‌റങ്ദള്‍ സംഘത്തെയും നയിച്ച് സ്ഥലത്തെത്തിയത്. വാഹനത്തിനു തീയിടാന്‍ നേതൃത്വം നല്‍കിയതും അയാള്‍ തന്നെ. രാജ്യമനഃസാക്ഷിയെ ഞെട്ടിക്കുകയും അന്താരാഷ്ട്രതലത്തില്‍ വലിയ വാര്‍ത്തയാകുകയും ചെയ്ത സംഭവത്തില്‍ ദാരാ സിങ്ങിനും കൃത്യത്തില്‍ പങ്കാളികളായ മറ്റ് 12 പേര്‍ക്കും 2003ല്‍ കോര്‍ധ വിചാരണാ കോടതി വധശിക്ഷ വിധിച്ചു. സിങ്ങിന്റെ വധശിക്ഷ പിന്നീട് ഒഡിഷ കോടതി ജീവപര്യന്തമായി ഇളവുനല്‍കുകയായിരുന്നു. മറ്റൊരു ക്രിസ്ത്യന്‍ മിഷനറിയെയും മുസ്‌ലിം വ്യാപാരിയെയും കൊന്ന കേസിലും ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണിയാള്‍.

ദാരാ സിങ്ങെന്ന കൊടുംക്രിമിനലിന്റെ മോചനം ആവശ്യപ്പെട്ട് സമരം നയിച്ചയാളെയാണ് ബി.ജെ.പി ദേശീയ നേതൃത്വം ഇപ്പോള്‍ ഒഡിഷയുടെ മുഖ്യമന്ത്രി പദം ഏല്‍പിച്ചിരിക്കുന്നത്. സന്താള്‍ ഗോത്രക്കാരനായ മോഹന്‍ ചരണ്‍ മാജി ചെറുപ്പം തൊട്ടേ ആര്‍.എസ്.എസില്‍ സജീവമായിരുന്നു. സംഘ്പരിവാര്‍ പാഠശാലയായ ശിശു മന്ദിര്‍ സ്‌കൂളില്‍ അധ്യാപനം നടത്തിവരുന്നതിനിടെയാണു രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. ബി.ജെ.പിയില്‍ ചേര്‍ന്നു രാഷ്ട്രീയപ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം അധികം വൈകാതെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി. ആദിവാസി ഭൂരിപക്ഷ മേഖലയായ കെന്ദുജാറില്‍നിന്ന് നാലുതവണ എം.എല്‍.എയായി. 2009ലും 2014ലും തോറ്റെങ്കിലും 2019ല്‍ വീണ്ടും നിയമസഭയിലെത്തുകയും ബി.ജെ.പിയുടെ ചീഫ് വിപ്പ് ആകുകയും ചെയ്തു.

കെന്ദുജാറില്‍ ഖനനത്തിന്റെ ഭാഗമായി നടക്കുന്ന പരിസ്ഥിതി നിയമലംഘനങ്ങളും അഴിമതിയും ഉയര്‍ത്തി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സമരരംഗത്തും സജീവമായിരുന്നു. നവീന്‍ പട്‌നായിക്കിന്റെ രണ്ടു പതിറ്റാണ്ടുനീണ്ട ഭരണത്തിന് അന്ത്യംകുറിച്ച് ഒഡിഷ പിടിച്ചടക്കിയിരിക്കുകയാണിപ്പോള്‍ ബി.ജെ.പി. മുഖ്യമന്ത്രിയെ കണ്ടെത്താന്‍ ബി.ജെ.പി ദേശീയ നേതൃത്വത്തിന് അധികം കുഴങ്ങേണ്ടിയും വന്നില്ല. സമരങ്ങളും വിവാദങ്ങളുമായി കഴിഞ്ഞ വര്‍ഷങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന മോഹന്‍ ചരണ്‍ മാജിയെ അധികാരമേല്‍പ്പിക്കുകയായിരുന്നു ബി.ജെ.പി.

147 അംഗ ഒഡിഷ സഭയില്‍ 78 സീറ്റും ഒറ്റയ്ക്കു പിടിച്ചാണ് ബി.ജെ.പി അധികാരത്തിലേറിയത്. നവീന്‍ പട്‌നായികിന്റെ ബി.ജെ.ഡി 51 സീറ്റിലേക്കു ചുരുങ്ങിയപ്പോള്‍ കോണ്‍ഗ്രസിന് 14ഉം സി.പി.എമ്മിന് ഒന്നും സീറ്റാണു ലഭിച്ചത്. മൂന്ന് സ്വതന്ത്രരും വിജയിച്ചു.

Summary: New Odisha CM Mohan Charan Majhi had campaigned for release of Graham Staines' killer Dara Singh

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News