മുഴുവൻ സമയം ഫോണിലെന്ന് ഭർതൃവീട്ടുകാരുടെ പരാതി; ഭർത്താവിനെ ഉപേക്ഷിച്ച് നവവധു
രണ്ടാഴ്ചമുമ്പായിരുന്നു ഇരുവരുടെയും വിവാഹം
പട്‌ന: അമിത ഫോൺ ഉപയോഗത്തെക്കുറിച്ച് പരാതിപ്പെട്ട ഭർത്താവിനെയും ഭർതൃവീട്ടുകാരെയും ഉപേക്ഷിച്ച് നവവധു. ബീഹാറിലെ ഹാജിപൂരിലാണ് മൊബൈൽ ഫോൺ ഉപയോഗം വിവാഹതകർച്ചയിലേക്ക് നയിച്ചത്. രണ്ടാഴ്ചമുമ്പായിരുന്നു സബ ഖാത്തൂൻ എന്ന യുവതിയുടെയും ഇലിയാസിന്റെയും വിവാഹം.
ദിവസം മുഴുവൻ സബ മൊബൈൽഫോണിലായിരുന്നെന്നാണ് ഭർത്താവിന്റെ വീട്ടുകാർ ആരോപിക്കുന്നത്. എപ്പോഴും ഇൻസ്റ്റഗ്രാമിനും ഫേസ്ബുക്കിനും അടിമയായിരുന്നു യുവതി. ഇത് ഇല്യാസ് ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ ഉപയോഗം കുറക്കണമെന്നും ആവശ്യപ്പെട്ടു. ഇത് ഇരുവരും തമ്മിലുള്ള വഴക്കിലേക്ക് നയിച്ചു.അതിനിടെ ഇല്യാസിനെതിരെ തോക്കുചൂണ്ടിയ സബയുടെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഭർതൃവീട്ടുകാർക്കെതിരെ യുവതി പരാതി നൽകുകയും ചെയ്തു. പൊലീസ് ഇരുകൂട്ടരെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാൽ തന്റെ മകളുടെ ഫോൺ ഭർത്താവായ ഇല്യാസ് തട്ടിയെടുത്തെന്നും സ്വന്തം വീട്ടുകാരോട് സംസാരിക്കാൻ പോലും അനുവദിച്ചില്ലെന്നും യുവതിയുടെ മാതാവ് ആരോപിച്ചു. ഇതുകൊണ്ടാണ് വീടുവിട്ട് ഇറങ്ങിപ്പോന്നതെന്നും യുവതിയുടെ വീട്ടുകാർ പറഞ്ഞു. സഹോദനെ അറസ്റ്റ് ചെയ്യിപ്പിച്ച ഭർത്താവിനൊപ്പം ജീവിക്കാൻ തയ്യാറല്ലെന്നും വിവാഹബന്ധം വേർപ്പെടുത്തുകയാണെന്നും യുവതി പൊലീസിനെ അറിയിച്ചെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.