പൊലീസ് നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ന്യൂസ് ക്ലിക്ക്
അറസ്റ്റ് ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയെന്ന് മാധ്യമ പ്രവർത്തകർ ആരോപിച്ചു
ഡൽഹി: പൊലീസ് നടപടിക്കെതിരെ ന്യൂസ് ക്ലിക്ക് സുപ്രീം കോടതിയെ സമീപിക്കും. അറസ്റ്റ് ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയെന്ന് മാധ്യമ പ്രവർത്തകർ പറഞ്ഞു. കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്ന് ഡൽഹി പൊലീസ് അറിയിച്ചു. ന്യൂസ് ക്ലിക്ക് എഡിറ്ററേയും എച്ച്.ആർ മേധാവിയയെയും ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. റെയ്ഡിനും ചോദ്യം ചെയ്യലിനും ശേഷം രാത്രിയോടെയാണ് എഡിറ്റർ പ്രബീർ പുർകായസ്ഥ, എച്.ആർ മേധാവി അമിത് ചക്രവർത്തി എന്നിവരെ അറസ്റ്റ് ചെയ്തത്.
സി.പി.എം ജനറൽ സെക്രട്ടറി സീതരാം യെച്ചൂരിയുടെ വീട്ടിലടക്കം ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനെതിരെ എഡിറ്റേഴ്‌സ് ഗിൽഡും പ്രതിഷേധമറിയിച്ചിട്ടുണ്ട്. ഒരു മാസത്തോളം മാധ്യമ പ്രർത്തകരെ പിന്തുടർന്നും നിരീക്ഷിച്ചും നടത്തിയ നീക്കങ്ങൾക്കൊടുവിൽ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ അറിവോടെയാണ് ഇത്തരത്തിൽ മാധ്യമ പ്രവർത്തകരെ അറസ്റ്റ് ചെയ്‌തെന്നാണ് ഉയരുന്ന പ്രധാന ആരോപണം. ഇന്ന് വൈകീട്ട് വിവിധ സംഘടനകൾ ഡൽഹിയിൽ പ്രതിഷേധിക്കുന്നുണ്ട്. സംഭവത്തിൽ അപലപിച്ചു കൊണ്ട് എഡിറ്റേർസ് ഗിൽഡ്, പ്രസ് ക്ലബ് ഓഫ് ഇന്ത്യ, കെ.യു.ഡബ്ല്യു.ജെ, ഡി.യു.ജെ എന്നീ സംഘടനകൾ രംഗത്തുവന്നിരുന്നു. സുപ്രിം കോടതി ചീഫ് ജസ്റ്റിസിന് മുമ്പാകെ ഇക്കാര്യം ഉന്നയിക്കാനാണ് മാധ്യമ സംഘടനകളുടെ തീരുമാനം.
ഡൽഹിയിലെ ന്യൂസ് ക്ലിക്കിന്റെ ആസ്ഥാനം സീൽ ചെയ്തിരിക്കുകയാണ്. ഇന്നലെ 46 ഓളം പേരെ ചോദ്യം ചെയത് വിട്ടയച്ചിരുന്നു. സർക്കാരിനെതിരായി പൗരത്വ ഭേദഗതി നിയമകാലത്ത് എന്തെങ്കിലും തരത്തിലുള്ള വാർത്തകൾ ചെയ്തിട്ടുണ്ടോ കോവിഡ് ഏത് രീതിയിലാണ് റിപ്പോർട്ട് ചെയ്തത്. എന്ത് കൊണ്ട് ന്യൂസ് ക്ലിക്കിൽ ജോലിചെയ്യുന്നു എന്നീ തരത്തിലുള്ള ചോദ്യങ്ങളാണ് മാധ്യമ പ്രവർത്തകരോട് ഡൽഹി പൊലീസ് ചോദിച്ചത്. ചൈനീസ് ഫണ്ടിംഗ് ആരോപണത്തിന് പിന്നാലെയാണ് ഇ.ഡി നിർദേശ പ്രകാരം ഇത്തരത്തിലൊരു റെയ്ഡ് പൊലീസ് നടത്തിയത്. പരിശോധന നടന്ന ഇടങ്ങളിൽ നിന്ന് ലഭിച്ച ഹാർഡ് ഡിസ്‌ക്കുകൾ, മൊബൈൽ ഫോണുകൾ, ലാപ് ടോപുകൾ തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ പരിശോധനയും പൊലീസ് ആരംഭിച്ചിട്ടുണ്ട്.