സുള്ള്യയിലെ യുവമോർച്ച പ്രവർത്തകന്റെ കൊലപാതക കേസ് അന്വേഷണം എൻഐഎക്ക്
ദക്ഷിണ കന്നഡ ജില്ലയിലെ മുഴുവൻ കടകളും സ്ഥാപനങ്ങളും വൈകുന്നേരം ആറു മണിക്ക് ശേഷം അടച്ചുപൂട്ടാൻ ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവുണ്ട്
കർണാടക സുള്ള്യയിലെ യുവമോർച്ച പ്രവർത്തകന്റെ കൊലപാതക കേസിൽ അന്വേഷണം എൻഐഎക്ക് .ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയാണ് തീരുമാനം പ്രഖ്യാപിച്ചത്.
അതേസമയം ദക്ഷിണ കന്നഡ ജില്ലയിലെ മുഴുവൻ കടകളും സ്ഥാപനങ്ങളും വൈകുന്നേരം ആറു മണിക്ക് ശേഷം അടച്ചുപൂട്ടാൻ ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ്.
ജില്ലയിൽ തുടരുന്ന സംഘർഷാവസ്ഥയുടെ സാഹചര്യത്തിലാണ് നിർദേശം. ബണ്ട്വാൾ, പുത്തൂർ, ബെൽത്തങ്ങാടി, സുള്ള്യ, കഡബ താലൂക്കുകളിൽ നിരോധനാജ്ഞ ആഗസ്റ്റ് ആറ് വരെ തുടരും. കഴിഞ്ഞ ഒരാഴ്ചക്കിടെ ദക്ഷിണ കന്നഡയിൽ നടന്നത് മൂന്ന് കൊലപാതകങ്ങളാണ്.
കഴിഞ്ഞ വ്യാഴാഴ്ച ബെല്ലാരയിൽ ബന്ധു വീട്ടിലെത്തിയ കാസർകോട് മൊഗ്രാൽ സ്വദേശി മസൂദിനെ ഒരു സംഘം തലയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ സംഭവത്തോടെയാണ് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്.
പിന്നാലെ യുവമോർച്ച നേതാവായ പ്രവീൺ നെട്ടാരുവിനെ ഒരു സംഘം വെട്ടിക്കൊന്നു. സംഭവത്തിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ് പ്രത്യേക പൊലീസ് സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. പ്രവീണിൻറെ വീട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ സന്ദർശിച്ചു. അതിനിടെയിലാണ് മൂന്നാമത്തെ കൊലപാതകം നടന്നത്.
സൂറത്ത്കല്ലിൽ ഇന്നലെ രാത്രി യുവാവിനെ കുത്തിക്കൊല്ലുകയായിരുന്നു. മംഗൽപ്പട്ടെ കാട്ടിപ്പള സ്വദേശി ഫാസിൽ ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി സൂറത്ത്കല്ലിലെ ഒരു ടെക്സ്റ്റൈൽ ഷോപ്പിന് പുറത്ത് നിൽക്കുകയായിരുന്ന ഫാസിലിനെ നാല് പേരടങ്ങുന്ന അക്രമി സംഘമാണ് കൊലപ്പെടുത്തിയത്.