സിംഗു അതിര്‍ത്തിയിലെ കൊലപാതകം: ഒരാള്‍ അറസ്റ്റില്‍
കൊല നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി
കർഷകരുടെ സമരസ്ഥലമായ സിംഗു അതിർത്തിയിൽ യുവാവിനെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിൽ അന്വേഷണം തുടരുന്നു. കേസിൽ ഇതുവരെ ഒരാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൊല നടത്തിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ പറഞ്ഞു.
ഹരിയാന അതിര്‍ത്തിയില്‍ കർഷകരുടെ സമരവേദിക്കടുത്തായി ഇന്നലെയാണ് ദലിത് യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയത്. സിഖ് മതഗ്രന്ഥത്തെ ആക്ഷേപിച്ചെന്ന് ആരോപിച്ച് നിഹാംഗുകളാണ് യുവാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയതെന്ന് പൊലീസ് പറയുന്നു. കേസിൽ നിഹാംഗ് സംഘത്തിലെ സരവ്ജിത് സിങ് എന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. അന്വേഷണം ഊർജിതമാണെന്നും കൊലപാതകത്തിൽ പങ്കാളികളായ മുഴുവൻ ആളുകളെയും അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. കുറ്റവാളികളെ രക്ഷപ്പെടാൻ അനുവദിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറും വ്യക്തമാക്കി.
ശരീരത്തിൽ ആഴത്തിലേറ്റ മുറിവാണ് 35കാരനായ ലഖ്ഭീർ സിങിന്‍റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. കേസിൽ ഇന്ന് കൂടുതൽ അറസ്റ്റുണ്ടായേക്കും. കർഷക സമരസ്ഥലത്ത് നടന്ന കൊലപാതകമായതിനാൽ സത്യസന്ധമായ അന്വേഷണം വേണമെന്ന് സംയുക്ത കിസാൻ മോര്‍ച്ചയും ആവശ്യപ്പെട്ടിട്ടുണ്ട്