ഹരിയാനയിൽ ഒൻപതുകാരിയെ കൊന്ന് കത്തിച്ചു: 16കാരൻ കസ്റ്റഡിയിൽ
ആൺകുട്ടി മോഷ്ടിക്കുന്നത് പെൺകുട്ടി കണ്ടിരുന്നതായും ഇത് പുറത്തുപറയാതിരിക്കാനുമായിരുന്നു കൊലപാതകം
ചണ്ഡീഗഡ്: ഹരിയാനയിലെ ഗുരുഗ്രാമിൽ ഒൻപതുകാരിയെ കൊലപ്പെടുത്തി കത്തിച്ച സംഭവത്തിൽ 16കാരൻ കസ്റ്റഡിയിൽ. ആൺകുട്ടി മോഷ്ടിക്കുന്നത് പെൺകുട്ടി കണ്ടിരുന്നതായും ഇത് പുറത്തുപറയാതിരിക്കാനാണ് കൊലപാതകം നടത്തിയതെന്നുമാണ് വിവരം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ- ഗുരുഗ്രാമിലെ രാജേന്ദ്ര പാർക്കിനു സമീപമുള്ള ഹൗസിങ് കോളനിയിലെ താമസക്കാരാണ് ഇരുവരും. മാതാപിതാക്കൾ ജോലിക്ക് പോയതോടെ പെൺകുട്ടി വീട്ടിൽ തനിച്ചായി. പെൺകുട്ടി വീടിന്റെ വാതിൽ പൂട്ടിയിരുന്നെങ്കിലും ശരിയായ രീതിയിൽ ലോക്ക് ആയിരുന്നില്ല. ഇത് 16കാരന് എളുപ്പത്തിൽ അകത്തേക്ക് കയറാൻ സഹായകമായി. അകത്തേക്ക് കയറിയ ആൺകുട്ടി പെൺകുട്ടിയുടെ വീട്ടിലുണ്ടായിരുന്ന ആഭരണങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു.
ഈ സമയം ബാത്ത്റൂമിൽ കുളിക്കുകയായിരുന്നു പെൺകുട്ടി. ശബ്ദം കേട്ട് പുറത്തെത്തിയ പെൺകുട്ടിയെ കണ്ടതോടെ 16കാരൻ പരിഭ്രാന്തനാവുകയും ഷാൾ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. പെൺകുട്ടിക്ക് ശ്വാസം നഷ്ടമായി എന്നുറപ്പാക്കിയ പ്രതി കർപ്പൂരവും തുണിക്കഷ്ണങ്ങളും ഉപയോഗിച്ച് മൃതദേഹം കത്തിക്കുകയായിരുന്നു. ശേഷം തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു.
വൈകീട്ടോടെ പെൺകുട്ടിയുടെ അമ്മ തിരിച്ചെത്തിയപ്പോൾ വീട്ടിനകത്തു നിന്നും പുക ഉയരുന്നതാണ് കണ്ടത്. വീട്ടിനുള്ളിൽ അയൽവാസിയായ പ്രതി നിൽക്കുന്നത് കണ്ടതായും അമ്മ പൊലീസിനോട് പറഞ്ഞു. ഉടൻ തന്നെ മറ്റുള്ള അയൽവാസികളെയും അഗ്നിരക്ഷാ സേനയേയും വിവരമറിയിച്ചു. ശേഷം പൂജാ മുറിയിലൂടെ വീടിനകത്തേക്ക് പ്രവേശിച്ചപ്പോൾ മകളുടെ പാതി കത്തിക്കരിഞ്ഞ മൃതദേഹമാണ് കണ്ടതെന്നും അമ്മ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി. പിടിയിലായ ആൺകുട്ടിയെ ജുവനൈൽ ഹോമിലേക്ക് മാറ്റി. വിശദമായി ചോദ്യം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. ലൈംഗികാതിക്രമ സാധ്യത തള്ളിക്കളയുന്നില്ലെന്നും പൊലീസ് പറഞ്ഞു. ഭാരതീയ ന്യയ് സംഹിത പ്രകാരം നഗരത്തിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണ് ആൺകുട്ടിക്കെതിരെയുള്ളതെന്ന് രാജേന്ദ്ര പാർക്ക് ഡി.സി.പി കരൺ ഗോയൽ പറഞ്ഞു.