മാപ്പ് ലഭിച്ചതിനു പിറകെ 17.8 കോടി ഇ.ഡിക്ക് കൈമാറി നീരവ് മോദിയുടെ സഹോദരി

പിഎൻബി കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെളിപ്പെടുത്തുകയും അന്വേഷണ സംഘത്തെ സഹായിക്കുകയും ചെയ്യാമെന്ന് വ്യക്തമാക്കിയതിനു പിറകെ പൂർവി മോദിക്കും ഭർത്താവ് മായങ്ക് മേത്തയ്ക്കും ഇ.ഡി മാപ്പ് നൽകിയിരുന്നു

Update: 2021-07-01 13:16 GMT
Editor : Shaheer | By : Web Desk
Advertising

പഞ്ചാബ് നാഷനൽ ബാങ്ക്(പി.എൻ.ബി) തട്ടിപ്പുകേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് 17.5 കോടി രൂപ നൽകി ഒളിവിലുള്ള വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരി. ബാങ്ക് വായ്പാ തട്ടിപ്പുകേസിൽ മാപ്പ് ലഭിച്ചതിനു പിറകെയാണ് പൂർവി മോദി ബ്രിട്ടീഷ് അക്കൗണ്ടിൽനിന്ന് ഇത്രയും തുക ഇ.ഡിക്ക് കൈമാറിയത്.

പി.എൻ.ബി കേസിൽ പൂർവി മോദിക്കും ഭർത്താവ് മായങ്ക് മേത്തയ്ക്കും മാപ്പ് ലഭിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും കേസിൽ ഇ.ഡിയ്ക്ക് മാപ്പപേക്ഷ സമർപ്പിച്ചത്. കേസുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും വെളിപ്പെടുത്തുകയും അന്വേഷണ സംഘത്തെ സഹായിക്കുകയും ചെയ്യാമെന്ന് ഇവർ വ്യക്തമാക്കിയതിനുശേഷമായിരുന്നു മാപ്പ് ലഭിച്ചത്.

ലണ്ടൻ ബാങ്ക് അക്കൗണ്ടിലുള്ള 17.25 കോടി രൂപയാണ് പൂർവി ഇ.ഡിക്ക് കൈമാറിയിരിക്കുന്നത്. ഈ അക്കൗണ്ട് നീരവ് മോദിയുടെ നിർദേശപ്രകാരമാണ് തുടങ്ങിയത്. ഇതിനെക്കുറിച്ച് പിന്നീടാണ് പൂർവി അറിയുന്നത്. അക്കൗണ്ടിനെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൂർവി മോദി തങ്ങളെ വിവരമറിയിക്കുകയും പണം കൈമാറുകയും ചെയ്യുകയായിയിരുന്നുവെന്ന് ഇ.ഡി അറിയിച്ചു. അക്കൗണ്ടിലുള്ള പണം തന്റേതല്ലെന്നും പൂർവി വ്യക്തമാക്കിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് അറിയാവുന്ന മുഴുവൻ രഹസ്യവിവരങ്ങളും നൽകാമെന്ന് അംഗീകരിച്ച ശേഷമാണ് പൂർവിക്കും ഭർത്താവിനും മാപ്പ് നൽകിയിട്ടുള്ളതെന്ന് ഇ.ഡി വാർത്താകുറിപ്പിൽ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ സമിതിയെ ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കണ്ടെത്താൻ സഹായിക്കുമെന്നും ഇ.ഡി സൂചിപ്പിച്ചു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News