റേഷൻ കടയിൽ മോദിയുടെ ചിത്രം വേണമെന്ന് നിർമല; നിങ്ങൾ മൻമോഹനെ കണ്ടിട്ടുണ്ടോ എന്ന് സോഷ്യൽ മീഡിയ

ദരിദ്രർക്ക് റേഷൻ കിട്ടുന്നത് യുപിഎ സർക്കാർ പാസാക്കിയ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം മൂലമാണെന്ന് പലരും ചൂണ്ടിക്കാട്ടി

Update: 2022-09-04 07:36 GMT
Editor : abs | By : Web Desk
Advertising

ഹൈദരാബാദ്: റേഷൻ കടകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമില്ലാത്തതിനെ തുടർന്ന് നീരസം പ്രകടിപ്പിച്ച ധനമന്ത്രി നിർമല സീതാരാമനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശം. മോദിയുടെ പ്രസിദ്ധിയിൽ ശ്രദ്ധിക്കാതെ മന്ത്രി ഏൽപ്പിച്ച ജോലി കൃത്യമായി നിർവഹിക്കുകയാണ് വേണ്ടതെന്ന് തെലുങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) അടക്കമുള്ള രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടു. തൊഴിലില്ലായ്മ 8.1 ശതമാനത്തിൽ നിൽക്കുന്ന സാഹചര്യത്തിലാണോ മോദിയുടെ ഫോട്ടോയിൽ ശ്രദ്ധിക്കുന്നതെന്ന് ടിആർഎസ് സോഷ്യൽ മീഡിയ കൺവീനർ വൈ സതീഷ് റെഡ്ഢി ചോദിച്ചു.

തെലങ്കാന കാമറെഡ്ഢി ജില്ലയിൽ സന്ദർശനം നടത്തവെ കലക്ടർ ജിതേഷ് പാട്ടീലിനോടായിരുന്നു നിര്‍മലയുടെ രോഷം. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജ്‌ന പ്രകാരം ദരിദ്ര വിഭാഗങ്ങൾക്ക് സൗജന്യമായി അരി നൽകിയിട്ടും മഹാനായ നേതാവിന്റെ ചിത്രം വയ്ക്കാത്തത് എന്തു കൊണ്ടാണ് എന്നായിരുന്നു അവരുടെ ചോദ്യം. വിഷയത്തിൽ അര മണിക്കൂറിനകം വിശദീകരണം വേണമെന്നും മന്ത്രി ആവശ്യപ്പെട്ടു.  

മന്ത്രിയുടെ രോഷപ്രകടനത്തെ സമൂഹമാധ്യമങ്ങളിൽ കണക്കറ്റ വിമർശനമാണ് ഉയർന്നുവന്നത്. ദരിദ്രർക്ക് റേഷൻ കിട്ടുന്നത് യുപിഎ സർക്കാർ പാസാക്കിയ ദേശീയ ഭക്ഷ്യസുരക്ഷാ നിയമം മൂലമാണെന്ന് പലരും ചൂണ്ടിക്കാട്ടി. തന്റെ ചിത്രം ഏതെങ്കിലും റേഷൻ കടകളിൽ പതിക്കണമെന്ന് മൻമോഹൻ നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. 

കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് അടക്കമുള്ളവർ ഇതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടു. '2013 സെപ്തംബറിലാണ് മൻമോഹൻ സിങ് സർക്കാർ ഭക്ഷ്യസുരക്ഷാ നിയമം പാസാക്കിയത്. അതിന്റെ ക്രഡിറ്റ് ആവശ്യപ്പെട്ട് ഒരു രാഷ്ട്രീയ നേതാവിന്റെയും ചിത്രങ്ങളുണ്ടായിരുന്നില്ല. പ്രധാനമന്ത്രിയുടെ ഗുഡ്ബുക്കിൽ കയറാനുള്ള ധനമന്ത്രിയുടെ നാടകം അങ്ങേയറ്റം പരിഹാസ്യമാണ്' എന്നാണ് ജയ്‌റാം രമേശ് കുറിച്ചത്.

ഭക്ഷ്യസുരക്ഷാ നിയമം

ഇന്ത്യൻ ജനസംഖ്യയുടെ 70 ശതമാനത്തിന് നിയമംമൂലം ഭക്ഷ്യധാന്യം ഉറപ്പാക്കുന്നതാണ് ഭക്ഷ്യസുരക്ഷാ ബിൽ. ബില്ലിലെ വ്യവസ്ഥകൾ പ്രകാരം ഭക്ഷ്യസുരക്ഷാ പദ്ധതിക്ക് അർഹരായവരും അല്ലാത്തവരും എന്ന രണ്ടുവിഭാഗമാണ് ഉണ്ടാവുക. ഭക്ഷ്യധാന്യത്തിന് അർഹരായവരെ സംസ്ഥാന സർക്കാറാണ് കണ്ടെത്തുക. ഒരംഗത്തിനു മാസം അഞ്ചു കിലോ ഭക്ഷ്യ ധാന്യം ലഭിക്കും. അരിക്കു കിലോയ്ക്കു മൂന്നു രൂപ നിരക്കിലും ഗോതമ്പിനു 2 രൂപ, ചാമ, ബാജ്ര തുടങ്ങിയ ധാന്യങ്ങൾക്ക് ഒരു രൂപ നിരക്കിലും നൽകും.

ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും പ്രസവ ശേഷം ആറു മാസം വരെ അടുത്തുള്ള അംഗണവാടിയിലൂടെ ഭക്ഷണം ഉറപ്പാക്കും. 14 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും ഭക്ഷണത്തിന് അവകാശമുണ്ടാവും. തെരഞ്ഞെടുപ്പു ലക്ഷ്യമാക്കി നടപ്പാക്കുന്ന വോട്ടുസുരക്ഷാ ബില്ലാണ് ഇതെന്ന് പ്രതിപക്ഷം ആക്ഷേപമുയർത്തിയിരുന്നു.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News