ഇന്‍ഡ്യ മുന്നണി യോഗത്തില്‍ അനിശ്ചിതത്വം; മമതക്ക് പിന്നാലെ നിതീഷ് കുമാറും പങ്കെടുക്കില്ലെന്ന് സൂചന
അതിനിടെ മമതക്കെതിരെ വിമർശനവുമായി കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി രംഗത്തെത്തി
ഡല്‍ഹി: നാളെ നടക്കുന്ന ഇൻഡ്യ മുന്നണി യോഗത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ പങ്കെടുക്കില്ലെന്ന് സൂചന. നേരത്തെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും യോഗത്തിനെത്തില്ല എന്ന് അറിയിച്ചിരുന്നു. അതിനിടെ മമതക്കെതിരെ വിമർശനവുമായി കോൺഗ്രസ് ലോക്സഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി രംഗത്തെത്തി. ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷത്തിന് വോട്ട് ചെയ്യണമെന്ന് മമത പറഞ്ഞിട്ടില്ലെന്ന് അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. നാളെ ഡല്‍ഹിയിലാണ് യോഗം നടക്കുന്നത്.
നിതീഷിനു പകരം ജെ.ഡി.യു മേധാവി ലാലൻ സിങ്ങും ബിഹാറിലെ ജലവിഭവ മന്ത്രി സഞ്ജയ് കുമാർ ഝായും യോഗത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ മുന്നണിയുടെ യോഗം വിളിച്ചത്. ഖാര്‍ഗെയുടെ വസതിയിലാണ് യോഗം നടക്കുക.
മൂന്ന് സംസ്ഥാനങ്ങളിലെയും ദയനീയ തോല്‍വിയില്‍ ഇന്‍ഡ്യാ മുന്നണിയിൽ അതൃപ്തി പുകയുന്നുണ്ട്. . മറ്റ് പ്രതിപക്ഷ പാർട്ടികളുമായി കോൺഗ്രസ് കൃത്യമായി സീറ്റ് ധാരണകൾ ഉണ്ടാക്കിയില്ലെന്നതാണ് പ്രധാന വിമർശനം. ബി.ജെ.പിക്കെതിരെ ഒറ്റക്കെട്ടായി നിലയുറപ്പിക്കാൻ തീരുമാനിച്ചിട്ടും കോൺഗ്രസിന് ഇക്കാര്യം പാലിക്കാൻ കഴിഞ്ഞില്ല. സെപ്തംബറിന് ശേഷം യോഗം ചേർന്നിട്ടില്ല . സ്ഥാനാർത്ഥികളെ വേഗം തീരുമാനിക്കണം എന്ന മുംബൈ യോഗ തീരുമാനം കോൺഗ്രസ് വൈകിപ്പിക്കുന്നു എന്നാണ് മറ്റുപാർട്ടികളുടെ പരാതി . സമാജ്‍വാദി പാർട്ടിക്ക് മധ്യപ്രദേശിൽ 4 സീറ്റ് അനുവദിച്ചില്ല എന്ന് മാത്രമല്ല ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവിനെ, കോൺഗ്രസ് നേതാവ് കമൽ നാഥ് പരസ്യമായി അപമാനിക്കുകയും ചെയ്തിരുന്നു. തെലങ്കാന , രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ സി.പി.എമ്മിനെ പാടെ അവഗണിക്കുകയാണ് കോൺഗ്രസ് ചെയ്‍തത്. ഇവിടെ സി.പി.എമ്മിന് സ്വാധീനമുള്ള സീറ്റുകളിൽ ബി.ജെ.പിയാണ് വിജയിച്ചത്.