പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി നിതീഷ് കുമാർ; ഇന്ന് യെച്ചൂരിയുമായി കൂടിക്കാഴ്ച
2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള കൂടിക്കാഴ്ചകളാണ് നിതീഷ് കുമാർ നടത്തുന്നത്
ഡല്‍ഹി: രാജ്യത്ത് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള നീക്കങ്ങളുമായി നിതീഷ് കുമാർ. ഡൽഹിയിൽ നേതാക്കളുമായി കൂടിക്കാഴ്ച തുടരുന്നു. ഇന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തും.
2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള കൂടിക്കാഴ്ചകളാണ് നിതീഷ് കുമാർ നടത്തുന്നത്. അതിന്‍റെ ഭാഗമായി പ്രതിപക്ഷ നേതാക്കളെ നേരിൽ കണ്ട് സൗഹ്യദം പുതുക്കുകയാണ്. എൻ.ഡി.എ ബന്ധം ഉപക്ഷിച്ച ശേഷം ആദ്യമായി ഡൽഹിയിൽ എത്തിയ നിതീഷ് കുമാർ ഇന്നലെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തും. എകെജി ഭവനിൽ എത്തിയാണ് കൂടിക്കാഴ്ച. പ്രതിപക്ഷ ഐക്യമാണ് കൂടിക്കാഴ്ചകളിൽ പ്രധാന ചർച്ച. ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് നിതീഷ് കുമാർ ഡൽഹിയിലേക്ക് തിരിച്ചത്.
പ്രതിപക്ഷത്തിന്‍റെ പ്രധാനമന്തി സ്ഥാനാർഥിയാകാൻ നിതീഷ് കുമാർ നീക്കം നടത്തുന്ന എന്ന വാർത്തകൾ പ്രചരിക്കുന്നതിന് ഇടയിലാണ് കൂടിക്കാഴ്ചകൾ എന്നതും ശ്രദ്ധേയമാണ്. പ്രധാനമന്ത്രി സ്ഥാനാർഥി മോഹം തനിക്കില്ലെന്നാണ് നിതീഷ് കുമാർ അവർത്തിച്ച് വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവു ബിഹാറിലെത്തി നിതീഷ് കുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.