ചേഞ്ച് വേണമത്രേ ചേഞ്ച്; ചില്ലറയില്ലാത്തത് പ്രശ്നമാക്കണ്ട, ഇതാ ഒരു 'ഡിജിറ്റല്‍ യാചകന്‍'
ഡിജിറ്റല്‍ യാചകന്‍ എന്ന പേരില്‍ രാജു സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്
മറ്റു യാചകരില്‍ നിന്നും വ്യത്യസ്തനാണ് ബിഹാര്‍ ചമ്പാരന്‍ ജില്ലയിലെ ബേട്ടിയ സ്വദേശിയായ രാജു പ്രസാദ്(40) എന്ന യുവാവ്. നാണയത്തുട്ടുകളില്ലാത്തതിന്‍റെ പേരില്‍ ഭിക്ഷ കൊടുക്കാന്‍ മടിയുള്ളവര്‍ക്കായി ഇ-വാലറ്റ് വഴിയും പണം സ്വീകരിക്കുന്ന രീതിയാണ് രാജുവിനെ വ്യത്യസ്തനാക്കുന്നത്. ഡിജിറ്റല്‍ യാചകന്‍ എന്ന പേരില്‍ രാജു സോഷ്യല്‍മീഡിയയില്‍ വൈറലായിട്ടുണ്ട്.
''നിങ്ങളുടെ കൈവശം നാണയത്തുട്ടുകളില്ലെങ്കില്‍ വിഷമിക്കേണ്ട. നിങ്ങൾക്ക് ഇ വാലറ്റ് വഴി എനിക്ക് പണം തരാം. ഇപ്പോൾ ഞാൻ ഡിജിറ്റൽ പേയ്‌മെന്‍റ് സൗകര്യം പ്രയോജനപ്പെടുത്തുന്നു'' ചില്ലറയില്ലാത്തവരോട് രാജു പറയുന്നത് ഇതാണ്. വെള്ളിയാഴ്ച ഇ-വാലറ്റ് ഭിക്ഷാടനം വഴി 57 രൂപയാണ് രാജുവിന് ലഭിച്ചത്. പിതാവ് പ്രഭുനാഥ് പ്രസാദ് മരിച്ചതോടെ പത്താം വയസു മുതലാണ് രാജു ബേട്ടിയ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് ഭിക്ഷാടനം ആരംഭിച്ചത്. കഴിഞ്ഞ മുപ്പത് വര്‍ഷമായി ഭിക്ഷ യാചിച്ചാണ് രാജു ജീവിച്ചത്.
മാനസികാസ്വാസ്ഥ്യമുള്ളതിനാലു അനാഥനാണെന്ന തോന്നല്‍ മൂലവും ആളുകള്‍ രാജുവിന് പണം നല്‍കിയിരുന്നതായി പ്രദേശവാസിയും പൊതുപ്രവര്‍ത്തകനുമായ അവധേഷ് തിവാരി പറഞ്ഞു. ആളുകള്‍ പണം നല്‍കാന്‍ ആരംഭിച്ചതോടെ രാജു ഭിക്ഷാടനം തുടരുകയായിരുന്നുവെന്ന് തിവാരി കൂട്ടിച്ചേര്‍ത്തു. നേരത്തെ ബേട്ടിയയിൽ നിർത്തുന്ന ട്രെയിനുകളുടെ പാൻട്രി കാറിൽ നിന്ന് സൗജന്യ ഭക്ഷണം ലഭിച്ചിരുന്ന ഇയാൾക്ക് ഇപ്പോൾ ഭക്ഷണം വാങ്ങുന്നത് വഴിയോര ധാബയിൽ നിന്നാണ്. പ്ലാറ്റ്ഫോമിലാണ് അന്തിയുറങ്ങുന്നത്. ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നെങ്കിലും പാന്‍ കാര്‍ഡ് ഇല്ലായിരുന്നതിനാല്‍ ബാങ്ക് അക്കൗണ്ട് തുറക്കുന്നത് വൈകിപ്പിച്ചെന്ന് രാജു പറഞ്ഞു. യാചകനാണെങ്കിലും ഇപ്പോള്‍ ഡിജിറ്റല്‍ പേയ്‌മെന്‍റ് സൗകര്യം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.