കോടതി സ്‌ഫോടനത്തിൽ പാക്, ഖാലിസ്ഥാൻ പങ്കിന് തെളിവില്ല: പഞ്ചാബ് മുഖ്യമന്ത്രി
മൊഹാലി കോടതിയിൽ മജീതിയയുടെ കേസിൻറെ വാദം നടക്കുന്നതിനിടെയാണ് ലുധിയാന കോടതിയിൽ സ്‌ഫോടനമുണ്ടായത്
ലുധിയാന കോടതി വളപ്പിലെ കുളിമുറിയിൽ നടന്ന സ്ഫോടനത്തിൽ പാകിസ്താൻ ഏജൻസികൾക്കോ ഖാലിസ്ഥാൻ ഗ്രൂപ്പുകൾക്കോ പങ്കുണ്ടെന്നതിന് തക്കതായ തെളിവില്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ഛന്നി. വിഷയം കേന്ദ്ര സംഘം പരിശോധിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംഭവം ഭീകരാക്രമണം ആവാനിടയുണ്ടെന്നും വിഷയത്തിൽ ബാഹ്യശക്തികളുടെ ഇടപെടൽ തള്ളിക്കളയാനാവില്ലെന്നും ആഭ്യന്തര വകുപ്പ് മന്ത്രി സുഖ്ജീന്ദർ സിംഗ് രൺവാധ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഛന്നിയുടെ പ്രതികരണം. സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
മുൻ മന്ത്രി ബിക്രം സിംഗ് മജീതിയ അറസ്റ്റിലായ മയക്കുമരുന്ന് കേസും കോടതി സ്‌ഫോടനവും തമ്മിൽ ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്ന് ഛന്നി കൂട്ടിച്ചേർത്തു. മൊഹാലി കോടതിയിൽ മജീതിയയുടെ കേസിൻറെ വാദം നടക്കുന്നതിനിടെയാണ് ലുധിയാന കോടതിയിൽ സ്‌ഫോടനമുണ്ടായത്. മജീതിയ കേസുമായി ഈ സ്ഫോടനത്തിന് ബന്ധമുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും ഛന്നി പറഞ്ഞു. സംസ്ഥാന സർക്കാർ മയക്കുമരുന്ന് നിരോധനം ശക്തമാക്കിയത് മുതൽ സുവർണ ക്ഷേത്രത്തിലും കപൂർത്തലയിലും ആക്രമണ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോൺഗ്രസുമായി വേർപിരിഞ്ഞ് ബിജെപിയുമായി സഖ്യമുണ്ടാക്കിയ മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗും പ്രതിപക്ഷ നേതാക്കളും ഛന്നിയുടെ പരാമർശത്തിനെതിരെ രംഗത്തെത്തി. ഒരു അന്വേഷണവും കൂടാതെ അകാലി നേതാവിനെതിരായ എഫ്‌ഐആറിനെയും സ്ഫോടനത്തെയും തമ്മിൽ ബന്ധപ്പെടുത്തി മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ദൗർഭാഗ്യകരം മാത്രമല്ല, അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും അമരീന്ദർ സിംഗ് പറഞ്ഞു.
ഭീകരവാദികൾ ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐഇഡി) വഴി സ്‌ഫോടനം നടത്തിയതാകാൻ സാധ്യതയുണ്ടെന്ന് സംസ്ഥാനത്തെ ആഭ്യന്തര സുരക്ഷാ വിഭാഗം ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചു. ജനത്തിരക്കേറിയ സ്ഥലങ്ങളും സുപ്രധാന സ്ഥാപനങ്ങളും ലക്ഷ്യമിട്ട് പഞ്ചാബിൽ ഒന്നിലധികം ആക്രമണങ്ങൾ നടത്താൻ പാക് ഐഎസ്‌ഐയും ഖാലിസ്ഥാൻ അനുകൂല സംഘടനകളും പദ്ധതിയിടുന്നുണ്ടെന്നും ഇന്റലിജൻസ് വിഭാഗം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു.