ഹിന്ദുത്വരാഷ്ട്രീയത്തോട് ബന്ധമില്ല; മുസ്‌ലിംകളോട് തൊട്ടുകൂടായ്മയുമില്ല-ബി.ജെ.പി സഖ്യകക്ഷി
യു.പിയില്‍ മുതിർന്ന കോൺഗ്രസ് നേതാവ് ബേഗം നൂർ ബാനുവിന്റെ കൊച്ചുമകൻ ഹൈദർ അലി ഖാനെ അപ്‍നാദള്‍ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്
ബി.ജെ.പിയിൽനിന്ന് വ്യത്യസ്തമായ പ്രത്യയശാസ്ത്രമാണ് തങ്ങളുടേതെന്ന് സഖ്യകക്ഷിയായ അപ്‌നാദൾ(എസ്) നേതാവും കേന്ദ്രമന്ത്രിയുമായ അനുപ്രിയ പട്ടേൽ. ഹിന്ദുത്വരാഷ്ട്രീയത്തോടും അത്തരം വിഷയങ്ങളോടും തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്നും മുസ്‌ലിംകളോട് തൊട്ടുകൂടായ്മയില്ലെന്നും അനുപ്രിയ വ്യക്തമാക്കി.
കഴിഞ്ഞയാഴ്ച പുറത്തുവന്ന ഉത്തർപ്രദേശിലെ അപ്‌നാദൾ സ്ഥാനാർത്ഥി പട്ടികയിൽ മുസ്‌ലിം നേതാവും ഉൾപ്പെട്ടിരുന്നു. ഇതിനോടുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കേന്ദ്ര വാണിജ്യ-വ്യവസായ സഹമന്ത്രികൂടിയായ അനുപ്രിയ പട്ടേൽ. അപ്‌നാദൾ സാമൂഹികനീതിക്കൊപ്പമാണ് നിൽക്കുന്നതെന്നും മുസ്‌ലിംകൾ പാർട്ടിക്ക് തൊട്ടുകൂടാത്തവരല്ലെന്നും അവർ വ്യക്തമാക്കി.
ആളുകൾ ഹിന്ദുത്വത്തെക്കുറിച്ചും അത്തരം വിഷയങ്ങളെക്കുറിച്ചും എന്നോട് ചോദിച്ചുകൊണ്ടിരിക്കുന്നുണ്ട്. അത്തരം ചോദ്യങ്ങളിൽനിന്ന് മാറിനിൽക്കുകയാണ് ചെയ്യാറുള്ളത്. കാരണം എന്റെ പാർട്ടി മതരാഷ്ട്രീയമല്ല മുന്നോട്ടുവയ്ക്കുന്നത്. ഞങ്ങൾ ബി.ജെ.പിയിൽനിന്ന് പ്രത്യയശാസ്ത്രപരമായി വ്യത്യസ്തധാരയിലാണ്. സാമൂഹികനീതിയാൾ ഞങ്ങളുടെ പ്രത്യയശാസ്ത്രം-അനുപ്രിയ പട്ടേൽ പറഞ്ഞു.
തെരുവിലാണെങ്കിലും പാർലമെന്റിലാണെങ്കിലും സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ടവർക്കു വേണ്ടിയാൾ തങ്ങൾ എപ്പോഴും പ്രവർത്തിച്ചിട്ടുള്ളതെന്നും അവർ പറഞ്ഞു. അതാണ് ഞങ്ങളുടെ തത്വശാസ്ത്രവും സ്ഥാപകതത്വങ്ങളും. അതിൽ തന്നെ ഉറച്ചുനിൽക്കുകയും ചെയ്യുമെന്നും അനുപ്രിയ പട്ടേൽ കൂട്ടിച്ചേർത്തു.
അപ്‌നാദളിന്റെ ആദ്യ മുസ്‌ലിം പരീക്ഷണം
യു.പിയിൽ 2014 മുതൽ ബി.ജെ.പി സഖ്യകക്ഷിയാണ് അപ്‌നാദൾ. 2014, 2019 ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി സഖ്യത്തിലാണ് ജനവിധി തേടിയത്. ഇതാദ്യമായാണ് ഇത്തവണ അപ്‌നാദൾ സ്ഥാനാർത്ഥി പട്ടികയിൽ ഒരു മുസ്‌ലിം പേരും ഉൾപ്പെടുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് ബേഗം നൂർ ബാനുവിന്റെ കൊച്ചുമകൻ ഹൈദർ അലി ഖാനെയാണ് പാർട്ടി സ്ഥാനാർത്ഥിയായി ഇറക്കിയത്.
ജയിലിലുള്ള സമാജ്വാദി പാർട്ടി(എസ്പി) നേതാവ് അസം ഖാന്റെ മകൻ അബ്ദുൽ അസം മത്സരിക്കുന്ന റാംപൂർ ജില്ലയിലെ സുവാറിലാണ് ഹൈദർ അലി ഖാൻ ജനവിധി തേടുന്നത്. റാംപൂരിലെ പഴയ രാജകുടുംബാംഗമാണ് ഹൈദർ അലി ഖാൻ. അദ്ദേഹത്തിന്റെ മുത്തച്ഛൻ സുൽഫിഖർ അലി ഖാൻ അഞ്ചുതവണ റാംപൂരിൽനിന്നുള്ള കോൺഗ്രസ് എംപിയായിരുന്നു. പിതാവ് നവാബ് കാസിം അലി ഖാൻ നാലുതവണ കോൺഗ്രസ് എംഎൽഎയുമായിരുന്നു.
നേരത്തെ സുവാറിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നയാൾ കൂടിയാണ് ഹൈദർ അലി ഖാൻ. പിന്നീട് ഡൽഹിയിലെത്തി അനുപ്രിയ പട്ടേലുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അപ്നാദളിലേക്കുള്ള കൂടുമാറ്റം. പിന്നാലെ, പാർട്ടിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തു.
Summary: Apna Dal (S) leader and union minister Anupriya Patel said her party is ideologically different from their ally BJP. She said that they had no association with "Hindutva and all those issues" and the Muslims are not untouchables to the party