ഇന്ത്യയിലെ മുസ്‌ലിംകൾ ഔറംഗസീബിനെ അംഗീകരിക്കുന്നില്ല; നേതാവായി കരുതുന്നത് ശിവജിയെ മാത്രമെന്ന് ഫഡ്നാവിസ്
ഔറംഗാബാദ് ജില്ലയിൽ ഔറംഗസീബിന്റെ ശവകുടീരം സന്ദർശിച്ചതിന് വഞ്ചിത് ബഹുജൻ അഘാഡി തലവൻ പ്രകാശ് അംബേദ്കറിനെതിരെയും ഫഡ്നാവിസ് രംഗത്തെത്തി.
മുംബൈ: രാജ്യത്തെ ദേശീയവാദികളായ മുസ്‌ലിംകൾ ഔറംഗസീബിനെ അംഗീകരിക്കുന്നില്ലെന്നും അവർ ഛത്രപതി ശിവജിയെ മാത്രമാണ് തങ്ങളുടെ നേതാവായി കരുതുന്നതെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. മോദി സർക്കാർ ഒമ്പത് വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി അകോലയിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ബിജെപി നേതാവ്.
ഇന്ത്യയിലെ ഒരു മുസ്‌ലിമും ഔറംഗസേബിന്റെ പിൻഗാമിയല്ല. രാജ്യത്തെ ദേശീയ മുസ്‌ലിംകൾ മുഗൾ ചക്രവർത്തിയെ തങ്ങളുടെ നേതാവായി അംഗീകരിക്കുന്നില്ല. അവർ ഛത്രപതി ശിവജി മഹാരാജിനെ മാത്രമാണ് തങ്ങളുടെ നേതാവായി അംഗീകരിക്കുന്നത്- ഫഡ്നാവിസ് അഭിപ്രായപ്പെട്ടു.
ഔറംഗാബാദ് ജില്ലയിൽ ഔറംഗസീബിന്റെ ശവകുടീരം സന്ദർശിച്ചതിന് വഞ്ചിത് ബഹുജൻ അഘാഡി (വിബിഎ) തലവൻ പ്രകാശ് അംബേദ്കറിനെതിരെയും ഫഡ്നാവിസ് രംഗത്തെത്തി. ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെ പ്രകാശ് അംബേദ്കറിന്റെ പ്രവൃത്തിയെ അംഗീകരിച്ചോ എന്ന് ഫഡ്നാവിസ് ചോദിച്ചു. ഈ വർഷമാദ്യം ഉദ്ധവും പ്രകാശ് അംബേദ്കറും തമ്മിൽ സഖ്യമുണ്ടാക്കിയിരുന്നു.
'എങ്ങനെയാണ് ഔറംഗസീബ് നമ്മുടെ നേതാവാകുക? നമ്മുടെ രാജാവ് ഛത്രപതി ശിവജി മഹാരാജ് മാത്രമാണ്. ഇന്ത്യയിലെ മുസ്‌ലിംകൾ പോലും ഔറംഗസീബിന്റെ പിൻഗാമികളല്ല. ഔറംഗസീബിന്റെ പിൻഗാമി ആരാണെന്ന് പറയൂ? ഔറംഗസീബും അദ്ദേഹത്തിന്റെ പൂർവികരും പുറത്തുനിന്നാണ് വന്നത്'- ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
ഔറംഗസീബിനെ പ്രകീർത്തിച്ചുള്ള സോഷ്യൽമീഡിയ പോസ്റ്റുകളുടെ പേരിൽ മഹാരാഷ്ട്രയുടെ ചില ഭാഗങ്ങളിൽ അടുത്തിടെ നടന്ന പ്രതിഷേധങ്ങളുടെയും സംഘർഷങ്ങളുടെയും പശ്ചാത്തലത്തിലാണ് ശനിയാഴ്ച വിബിഎ നേതാവ് മുഗൾ ഭരണാധികാരിയുടെ ശവകുടീരം സന്ദർശിച്ചത്.
ഔറംഗസീബിന്റെ ചിത്രം വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയതിന് നേരത്തെ ബീഡ് ജില്ലയിലെ 14കാരനെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തിരുന്നു. സംഭവത്തിൽ പ്രദേശത്ത് സംഘർഷം ഉടലെടുത്തതിനു പിന്നാലെ, സ്‌കൂൾ വിദ്യാർഥി സ്റ്റാറ്റസ് ഡിലീറ്റ് ചെയ്യുകയും പോസ്റ്റിന് ക്ഷമാപണം നടത്തി വീഡിയോ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടും ഹിന്ദുത്വ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.
ഔറംഗസീബിനെയും ടിപ്പു സുൽത്താനെയും കുറിച്ചുള്ള പോസ്റ്റിന്റെ പേരിൽ മഹാരാഷ്ട്രയിലെ കോലാപൂരിൽ ഹിന്ദുത്വ സംഘടനകൾ വൻ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇരുവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തെ തുടർന്ന് കർഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തു. സംഘർഷത്തിൽ 37 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.