കൂറുമാറുന്ന എംഎൽഎമാർക്ക് പെൻഷനില്ല: നിയമനിർമാണത്തിനൊരുങ്ങി ഹിമാചൽ പ്രദേശ്

സാമ്പത്തിക പ്രതിസന്ധി നേരിടാനുളള നീക്കമെന്ന് വിദഗ്ധരുടെ വിലയിരുത്തൽ

Update: 2024-09-04 14:33 GMT
Advertising

ഷിംല: കൂറുമാറുന്ന എംഎൽഎമാർക്ക് ഇനി ശരിക്കും പെടും. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കപ്പെട്ട നിയമസഭാ അംഗങ്ങളുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും നിർത്തലാക്കാൻ ഒരുങ്ങുകയാണ് ഹിമാചൽ പ്രദേശ്. ഹിമാചൽ പ്രദേശ് നിയമസഭ (അംഗങ്ങളുടെ അലവൻസുകളും പെൻഷനും) ഭേദഗതി ബിൽ 2024 എന്ന ബിൽ മുഖ്യമന്ത്രി സുഖ്വീന്ദർ സിങ് സുഖുവാണ് നിയമസഭയിൽ അവതരിപ്പിച്ചത്.

ഭരണഘടനയുടെ പത്താം ഷെഡ്യൂൾ പ്രകാരം (കൂറുമാറ്റ നിരോധന നിയമം) നിയമസഭയിലെ അംഗം\ അംഗങ്ങൾ ഏതെങ്കിലും ഘട്ടത്തിൽ അയോഗ്യരാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾക്ക് അർഹതയില്ല എന്ന് ബിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. കൂറുമാറ്റം തടയാനുള്ള 1971 ലെ നിയമത്തിൽ കർശന വ്യവസ്ഥകളില്ലാത്തതിനാലാണ് കാര്യക്ഷമമായ മാറ്റങ്ങൾ ഉൾപ്പെടുത്തി നിയമത്തിൽ ഭേദഗതി വരുത്തുന്നതെന്ന് സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കി.

2024-25ലെ ബജറ്റ് ചർച്ചകളിൽ നിന്നു വിട്ടുനിൽക്കുകയും പാർട്ടി വിപ്പ് ലംഘിക്കുകയും ചെയ്തതിനെ തുടർന്ന് സുധീർ ശർമ, രവി താക്കൂർ, രജീന്ദർ റാണ, ഇന്ദർ ദത്ത് ലഖൻപാൽ, ചേതന്യ ശർമ, ദേവീന്ദർ കുമാർ എന്നീ ആറ് കോൺഗ്രസ് എംഎൽഎമാരെ ഈ വർഷം ആദ്യം അയോഗ്യരാക്കിയിരുന്നു. ഇതോടെ നിയമസഭാ അം​ഗങ്ങളുടെ എണ്ണം 34 ആയി കുറഞ്ഞത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാൽ പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് വീണ്ടും 40ലേക്ക് എത്തുകയായിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഈ ആറ് എംഎൽഎമാരും ബിജെപി സ്ഥാനാർഥിക്ക് വോട്ട് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ഹിമാചൽ സർക്കാർ നിർണായക നിയമനിർമാണത്തിന് തയാറാകുന്നത്. അതേസമയം സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാനുളള നീക്കം കൂടിയാണിതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News