'ലൗ ജിഹാദ്' വിദ്വേഷ പ്രസംഗം; ബിജെപി നേതാവിനെതിരെ നടപടിയെടുക്കാൻ കൂട്ടാക്കാതെ ഹരിയാന പൊലീസ്

വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദൾ, ഗ്രാമമുഖ്യന്മാർ, വിവിധ ഗോരക്ഷാ സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന മഹാപഞ്ചായത്തിലായിരുന്നു ഹരിയാന ബിജെപി വക്താവും കർണിസേന തലവനുമായ സുരാജ് പാൽ അമുവിന്റെ വിവാദ പ്രസംഗം

Update: 2021-07-10 11:44 GMT
Editor : Shaheer | By : Web Desk
Advertising

മുസ്‍ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ഹരിയാനയിലെ ബിജെപി നേതാവിനെതിരെ നടപടിയെടുക്കാതെ പൊലീസ്. ഹരിയാന ബിജെപി വക്താവും കർണിസേന തലവനുമായ സുരാജ് പാൽ അമു ആണ് പട്ടോടിയിൽ നടന്ന മഹാപഞ്ചായത്തിൽ സാമുദായിക സ്പർധ പടർത്തുന്ന തരത്തിലുള്ള വിദ്വേഷപ്രസംഗം നടത്തിയത്.

കഴിഞ്ഞ ഞായറാഴ്ച ഹരിയാനയിലെ പട്ടോടിയിൽ നടന്ന മഹാപഞ്ചായത്തിലായിരുന്നു വിവാദപ്രസംഗം. വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദൾ, ഗ്രാമമുഖ്യന്മാർ, വിവിധ ഗോരക്ഷാ സംഘങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്. മതപരിവർത്തനം, ലൗ ജിഹാദ്, ജനസംഖ്യാ നിയന്ത്രണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാനായിരുന്നു മഹാപഞ്ചായത്ത് വിളിച്ചുകൂട്ടിയത്. ചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ സുരാജ് പാൽ അമു മുസ്ലിംകൾക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. നൂറോളം പൊലീസുകാരെ സാക്ഷിനിർത്തിയായിരുന്നു അമുവിന്റെ പ്രസംഗം.

നിങ്ങൾക്ക് ഈ രാജ്യത്ത് ചരിത്രം സൃഷ്ടിക്കണമെങ്കിൽ, ചരിത്രമായിത്തീരണമെന്ന് കൊതിയില്ലെങ്കിൽ ഇനിയിവിടെ തൈമൂറോ ഔറംഗസേബോ ബാബറോ ഹൂമയൂണോ ജനിക്കരുത്. നമ്മൾ 100 കോടിയുണ്ട്. അവർ 20 കോടിയും. ഇന്ത്യ നമ്മുടെ മാതാവാണെങ്കിൽ നമ്മളാണ് പാകിസ്താന്റെ അച്ഛൻ. ഇവിടെ നമ്മൾ അവർക്ക് വീടുകൾ വാടകയ്ക്ക് നൽകില്ല. അവരെ രാജ്യത്തുനിന്നു തന്നെ നീക്കം ചെയ്യണം-വിവാദപ്രസംഗത്തിൽ സുരാജ് പാൽ അമു ആഹ്വാനം ചെയ്തു.

ശർമിള ടാഗോറിന്റെ കാലംമുതൽ തന്നെ ലൗജിഹാദ് നടന്നുവരുന്നുണ്ട്. പട്ടൗടിയിൽ തന്നെയായിരുന്നു അതിന്റെ വിത്തുകൾ വിതച്ചത്. പട്ടോടിയിലെ ജനങ്ങൾക്കുമാത്രമേ അത് ഇല്ലാതാക്കാനാകൂ. അവരെ സ്വീകരിക്കുന്നത് നിർത്തണമെന്നും അമു ആവശ്യപ്പെട്ടു.

പ്രസംഗത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കപ്പെടുന്നുണ്ട്. എന്നാൽ, വിദ്വേഷ പ്രസംഗം നേരിൽ കണ്ടിട്ടും പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ല. പ്രസംഗം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് മനേസർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വരുൺ സിംഗ്ല ദേശീയമാധ്യമത്തോട് പറഞ്ഞു. പരാതിയൊന്നും ലഭിക്കാത്തതിനാൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നായിരുന്നു സിംഗ്ല വ്യക്തമാക്കിയത്. ഔദ്യോഗികമായി പരാതി ലഭിക്കാതെ പ്രസംഗത്തിനെതിരെ നടപടി സ്വീകരിക്കാനാകില്ല. എന്നാൽ, അറിയാവുന്ന കുറ്റത്തിന്റെ പേരിൽ നടപടി സ്വീകരിക്കാമെങ്കിലും ഇതേക്കുറിച്ച് നിയമോപദേശം തേടിയിരിക്കുകയാണെന്നും വരുൺ സിംഗ്ല വ്യക്തമാക്കി.

ഇതിനുമുൻപ് സഞ്ജയ് ലീല ബൻസാലിയുടെ ചിത്രം 'പത്മാവദി'നെതിരെ പ്രതിഷേധവുമായി മുന്നിലുള്ള രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു സുരാജ് പാൽ അമു. നടി ദീപിക പദുക്കോണിന്റെ തലയെടുക്കുന്നവർക്ക് അമുവിന്റെ നേതൃത്വത്തിലുള്ള കർണിസേന 10 കോടി പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News