17 കോടി പോളിയോ വാക്‌സിൻ നൽകിയപ്പോൾ മൻമോഹൻ സിങിന്‍റെ പേരിൽ പോസ്റ്റർ ഇറക്കിയിരുന്നില്ല- ഒരു ദിവസത്തെ ഏറ്റവും ഉയർന്ന കോവിഡ് വാക്‌സിൻ വിതരണത്തിൽ പ്രതികരണവുമായി കോൺഗ്രസ്
കോവിഡ് രണ്ടാം തരംഗം ഭീകരമായിരുന്നെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ കോവിഡ് മൂന്നാം തംരഗം അതി ഭീകരമായിരിക്കും.
ഇന്ത്യ ഏറ്റവും കൂടുതൽ കോവിഡ് വാക്‌സിൻ വിതരണം ചെയ്ത ദിവസമായിരുന്നു ഇന്നലെ. അത് കേന്ദ്ര സർക്കാർ മോദിയുടെ നേട്ടമായി ചൂണ്ടിക്കാട്ടി പ്രചരണം നടത്തിയിരുന്നു. അതിനെതിരേ രൂക്ഷ വിമർശനവുമായി കോൺഗ്രസ് രംഗത്ത്.
'ഒരു ദിവസം 80 ലക്ഷം കോവിഡ് വാക്‌സിൻ വിതരണം ചെയ്തതിൽ ഞങ്ങൾക്കും സന്തോഷമുണ്ട്. പക്ഷേ രാജ്യത്ത് ഒരു ദിവസം കൂടുതൽ വാക്‌സിൻ വിതരണം നടന്ന ദിവസം ഇന്നലെയല്ല, കോൺഗ്രസ് ഭരിക്കുമ്പോൾ പോളിയോ വാക്‌സിനേഷന്‍റെ ഭാഗമായി 17 കോടി വാക്‌സിൻ വിതരണം ചെയ്തിരുന്നു. പക്ഷേ ഒരു വ്യത്യാസം എന്തെന്നാൽ അന്ന് മൻമോഹൻ സിങ് അതിന്റെ പേരിൽ സ്വന്തം ചിത്രം വച്ച് പോസ്റ്ററുകൾ അടിച്ചിറക്കില്ലായിരുന്നു' - കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ വെർച്വൽ പത്രസമ്മേളനത്തിനിടെ സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിന്റെ പാളിച്ചകളെ കുറിച്ച് രാഹുൽ ഗാന്ധി പ്രതികരിച്ചിരുന്നു. കോവിഡ് തരംഗം പ്രതീക്ഷിച്ചതിനെക്കാൾ ഭീകരമായിരിക്കും, മരണ നിരക്ക് രണ്ടാം തരംഗത്തെക്കാൾ അഞ്ചോ ആറോ ഇരട്ടിയായിരിക്കുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.
കോവിഡ് രണ്ടാം തരംഗം ഭീകരമായിരുന്നെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ കോവിഡ് രണ്ടാം തംരഗം അതി ഭീകരമായിരിക്കും. അതുകൊണ്ടു തന്നെ വാക്‌സിനേഷന്റെ വേഗം കൂടി വൈറസിന് തിരിച്ചു വരാനുള്ള വഴി നമ്മൾ ഇല്ലാതാക്കണം- രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.
കോൺഗ്രസ് വിമർശനത്തിന് മറുപടിയുമായി ബിജെപി വക്താവ് സാംബിത്ത് പട്ര രംഗത്ത് വന്നിരുന്നു. കോവിഡ് പ്രതിരോധത്തിൽ വലിയൊരു നാഴികക്കല്ലാണ് രാജ്യം ഇപ്പോൾ എത്തിയിരിക്കുന്നത്. ആ നേട്ടത്തിന്റെ മേന്മ ഇല്ലാതാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കോവിഡ് രണ്ടാം തരംഗം ആരംഭിച്ചത് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെന്ന് രാഹുൽ ഗാന്ധി മനസിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.