പുറത്തേക്ക് പോകുമ്പോൾ ആരോ ഒരാള്‍ പറഞ്ഞ കാര്യങ്ങള്‍ ഞാനെന്തിന് കേള്‍ക്കണം?; യോഗി ആദിത്യനാഥിനെതിരെ അഖിലേഷ് യാദവ്
സ്വന്തം പാർട്ടിയിൽ ഒന്നും പറയാനില്ലാത്തവർ, ഇനി അവരുടെ വാക്കുകൾക്ക് ചെവികൊടുക്കും
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ആഞ്ഞടിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പുറത്തേക്ക് പോകുന്ന ആരോ ഒരാളുടെ പ്രസ്താവനകളിൽ തനിക്ക് അസ്വസ്ഥതയില്ലെന്ന് അഖിലേഷ് പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നിലയെ വിമർശിച്ച യാദവ്, കോടതികളുടെ ശാസനം ബിജെപി സർക്കാർ ശീലമാക്കിയിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു.
"സ്വന്തം പാർട്ടിയിൽ ഒന്നും പറയാനില്ലാത്തവർ, ഇനി അവരുടെ വാക്കുകൾക്ക് ചെവികൊടുക്കും. എന്തായാലും, പുറത്തേക്ക് പോകുമ്പോൾ ആരോ പറഞ്ഞ കാര്യങ്ങളിൽ ഒരാൾ എന്തിന് വിഷമിക്കണം," അഖിലേഷ് യാദവ് എക്സില്‍ കുറിച്ചു. ഒരു പൊതു റാലിയിൽ ആദിത്യനാഥ് എസ്പി മേധാവിക്കെതിരെ ആഞ്ഞടിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് അദ്ദേഹത്തിൻ്റെ പരാമർശം. ''അധികാരത്തെ തങ്ങളുടെ കുടുംബ സ്വത്തായി കണക്കാക്കിയിരുന്നവർ ഒരിക്കലും ഉത്തർപ്രദേശിലേക്ക് മടങ്ങിവരില്ലെന്ന് മനസ്സിലാക്കാൻ തുടങ്ങിയിരിക്കുന്നു. അതിനാലാണ് അവർ ഗൂഢാലോചന നടത്താൻ ശ്രമിക്കുന്നത്. അവർ (എസ്പി) അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കുകയാണ്. പെൺമക്കളുടെ സുരക്ഷയോ വ്യവസായ വികസനമോ അവരുടെ പരിഗണനയിലില്ല'' എന്നാണ് ആദിത്യനാഥ് പറഞ്ഞത്.
സുൽത്താൻപൂരിലെ ജ്വല്ലറി കവര്‍ച്ചാകേസില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന മങ്കേഷ് യാദവ് എന്ന യുവാവിനെ പൊലീസ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയ സംഭവത്തിലും മുഖ്യമന്ത്രി യാദവിനെ ലക്ഷ്യമിട്ടിരുന്നു. ''പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു കൊള്ളക്കാരൻ കൊല്ലപ്പെട്ടാൽ സമാജ്‌വാദി പാർട്ടിക്ക് വിഷമം തോന്നുന്നു'' എന്നായിരുന്നു യുപി മുഖ്യമന്ത്രിയുടെ പരാമര്‍ശം. മങ്കേഷിനെ പൊലീസ് വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുകയായിരുന്നുവെന്നായിരുന്നു അഖിലേഷിന്‍റെ ആരോപണം. താഴ്ന്ന ജാതിക്കാരനായതിനാലാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.