'അറസ്റ്റ് ജനാധിപത്യവിരുദ്ധം'; അരവിന്ദ് കെജ്‍രിവാളിന്‍റെ ഹരജിയില്‍ ഇ.ഡിക്ക് നോട്ടീസ്
ഡല്‍ഹി ഹൈക്കോടതിയാണ് നോട്ടീസയച്ചത്
ന്യൂഡല്‍ഹി: അരവിന്ദ് കെജ്‍രിവാളിന്‍റെ ഹരജിയില്‍ ഇ.ഡിക്ക് നോട്ടീസ്.ഡല്‍ഹി ഹൈക്കോടതിയാണ് നോട്ടീസയച്ചത്. ഉപഹരജിയില്‍ ഉച്ചയ്ക്ക് ശേഷവും വാദം കേള്‍ക്കും.
തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അരവിന്ദ് കെജ്‍രിവാൾ ഡൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. മദ്യനയ അഴിമതിക്കേസിലെ എല്ലാ അറസ്റ്റും നിയമ വിരുദ്ധമാണ്. ഇ.ഡിയുടെ നടപടിക്രമങ്ങളിലെല്ലാം അടിമുടി നിയമ വിരുദ്ധത നിറഞ്ഞു നിൽക്കുകയാണെന്നും കെജ്‍രിവാളിന്‍റെ അഭിഭാഷകൻ മനു അഭിഷേക് സിങ്‍വി കോടതിയിൽ പറഞ്ഞു. അതിനിടെ മദ്യനയ അഴിമതിയിലെ പണം എവിടെപോയെന്ന് നാളെ കോടതിയിൽ വെളിപ്പെടുത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി കെജ്‍രിവാൾ പറഞ്ഞിരുന്നു.
ഇ.ഡി രാഷ്ട്രീയപരമായാണ് പ്രവർത്തിക്കുന്നതെന്നും മാതൃകാപെരുമാറ്റ ചട്ടം നിലവിൽ വന്ന ശേഷമാണ് അറസ്റ്റുണ്ടായതെന്നും ജനാധിപത്യവിരുദ്ധമാണ് അറസ്റ്റെന്നും സിങ്‍വി കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദത്തിന്റെ പുറത്താണ് ഇ.ഡിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചത്. എന്നാൽ ഇ.ഡിക്ക് നോട്ടീസ് അയക്കുകയല്ല വേണ്ട,എത്രയും പെട്ടന്ന് കെജ്‍രിവാളിനെ മോചിപ്പിക്കണം എന്ന് കാട്ടി ഉപഹരജിയും നൽകി. ഈ ഉപഹരജിയില്‍ ഉച്ചയ്ക്ക് ശേഷവും വാദം കേള്‍ക്കും.