ഒമിക്രോൺ പടരുന്നു: രാജ്യത്ത് രോഗികളുടെ എണ്ണം 400 കടന്നു
നിയന്ത്രണങ്ങൾ ശക്തമാക്കി സംസ്ഥാനങ്ങൾ
രാജ്യത്തെ ഒമിക്രോൺ രോഗികളുടെ എണ്ണം 415ആയി. 114 പേർ രോഗമുക്തി നേടി . ഇതിൽ 121 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. 17 സംസ്ഥാനങ്ങളിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗംകണ്ടെത്തിയത്. 88 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ 67 കേസുകളും റിപ്പോർട്ട് ചെയ്തു. കേരളത്തിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 37 ആയിട്ടുണ്ട്. കേരളത്തിലെയും മിസോറാമിലെയും കോവിഡ് കണക്കുകൾ ആശങ്ക ഉണ്ടാക്കുന്നുണ്ട്. ഇതോടെ വിവിധ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങൾ കർശനമാക്കി.
സംസ്ഥാനങ്ങളിൽ കോവിഡ് പരിശോധന വർധിപ്പിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. വാക്‌സിനേഷനും കോവിഡ് പ്രോട്ടോക്കോളും കൃത്യമായിരിക്കണം. മൂന്നാം തരംഗത്തെ നേരിടാനുള്ള പ്രവർത്തനങ്ങൾ നേരത്തെ തന്നെ ആരംഭിച്ചു.18 ലക്ഷം ഐസൊലേഷൻ കിടക്കകൾ തയ്യാറാക്കി.മൂന്നാം തരംഗം വന്നാലും മെഡിക്കൽ ഓക്‌സിജന്റെ ക്ഷാമം ഉണ്ടാവില്ല. ഒമിക്രോൺ അതിവേഗത്തിലാണ് വ്യാപിക്കുന്നത്. 89 ശതമാനം ആളുകൾ രാജ്യത്ത് ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. 61 ശതമാനം ആളുകൾ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. ബൂസ്റ്റർ ഡോസ് നൽകിയത് കൊണ്ട് മാത്രം ഒമിക്രോണിനെ പ്രതിരോധിക്കാനാവില്ലെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.